വിരാട് കൊഹ്ലിയെ കളിപ്പിക്കരുത്; പുതിയ വിവാദത്തിന് വെടിമരുന്നിട്ട് ഇതിഹാസതാരം

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന ഖ്യാതിക്ക് ഉടമയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരവും മറ്റാരുമല്ല. ക്രിക്കറ്റ് ദൈവം സച്ചിനുമായി താരതമ്യം ചെയ്യുന്ന ആരാധകരില്‍ ചിലര്‍ കൊഹ്ലി സച്ചിനെക്കാള്‍ മുകളിലാണെന്നും വാദിക്കുന്നുണ്ട്.

ക്രിക്കറ്റിനോടുള്ള ആത്മസമര്‍പ്പണമാണ് താരത്തിന്റെ സവിശേഷത. കടുത്ത പരിശീലനവും തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള വേഗതയും അക്രമണോത്സുകതയുമെല്ലാം കൊഹ്ലിയെ വേറിട്ടതാക്കുന്നു.

ഇംഗ്ലിഷ് മണ്ണില്‍  മികച്ച റെക്കോര്‍ഡ് തനിക്കില്ലാത്തതിനാല്‍ ഈ പോരായ്മ മറികടക്കാനുള്ള ദൃഢനിശ്ചയത്തിലാണ് വിരാടെന്നും കൗണ്ടി കളിക്കാന്‍ കരാറൊപ്പിട്ടുവെന്നതും ക‍ഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ജൂണില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്രമുഖ ടീമായ സറൈ യ്ക്കുവേണ്ടി കളിക്കാനുള്ള കരാറിലാണ് കൊഹ്ലി ഒപ്പിട്ടിരുന്നത്. എന്നാല്‍ കൊഹ്ലിയെ കൗണ്ടി ക്രിക്കറ്റില്‍ കളിപ്പിക്കരുതെന്ന ആവശ്യവുമായി ഇംഗ്ലിഷ് ബൗളിംഗ് ഇതിഹാസങ്ങളിലൊരാളായ ബോബ് വില്ലീസ് രംഗത്തെത്തി. കൊഹ്ലിയെ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാൻ അംഗീകാരം നൽകിയതിനെ വില്ലിസ് രൂക്ഷമായി വിമര്‍ശിച്ചു.

കൊഹ്ലിയെ ഇംഗ്ലണ്ടില്‍ കളിപ്പിക്കാനുള്ള തീരുമാനം അസംബന്ധമാണെന്ന് അദ്ദേഹം ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിനോട് തുറന്നടിച്ചു. ഇംഗ്ലണ്ടിലെ യുവതാരങ്ങള്‍ക്ക് ഒരിക്കലും ഇത് ഗുണകരമാകില്ലെന്നും വില്ലിസ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കാനിരിക്കെ കൊഹ്ലിയെ കൗണ്ടി കളിപ്പിച്ച്  സാഹചര്യങ്ങൾ മനസ്സിലാക്കാന്‍ അവസരം നല്‍കുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എന്തായാലും വില്ലീസിനെതിരെ ക്രിക്കറ്റ് ലോകത്ത് വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. കൗണ്ടിയില്‍ വിദേശ താരങ്ങള്‍ എല്ലാക്കാലത്തും കളിക്കാറുണ്ടെന്നതും അവര്‍ വില്ലിസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel