കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് സുപ്രീംകോടതി; ഹൈക്കോടതി പരിഗണിച്ചില്ലെങ്കില്‍ വാദം കേള്‍ക്കാന്‍ ഒപ്പമുണ്ടാകുമെന്നും പരമോന്നതകോടതി

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസ് പരിഗണിച്ച സുപ്രീംകോടതി കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ അതിശക്തമായ നിരീക്ഷണങ്ങളാണ് നടത്തിയത്. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് കോടതി ചൂണ്ടികാട്ടി.

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി കര്‍ദ്ദിനാളിനെതിരെ കേസെടുക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ ഇടപെട്ടില്ല.

തല്‍ക്കാലം ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കും. എന്നാല്‍ ഹൈക്കോടതി കര്‍ദ്ദിനാളിനെതിരായ വാദങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ സുപ്രീംകോടതി ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.

കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവിശ്യപ്പെട്ട് സഭാ വിശ്വാസിയായ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ മാര്‍ച്ച് 22നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

ആലഞ്ചേരിയടക്കം നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ട്ടിന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കെതിരെ മാര്‍ ജോര്‍ജജ് ആലഞ്ചേരി സുപ്രീം കോടതിയില്‍ നല്‍കിയ തടസ്സ ഹര്‍ജിയും സുപ്രീംകോടതി പരിഗണിച്ചു. ഭൂമി ഇടപാടു വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ മാര്‍ ജോര്‍ജജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.

തുടര്‍ന്നാണ് എഫ് ഐ ആര്‍ റദ്ദാക്കാനും തുടര്‍ അന്വേഷണം സ്റ്റേ ചെയ്യാനും മാര്‍ച്ച് 15ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. മാര്‍ ജോര്‍ജജ് ആലഞ്ചേരി, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിങ്ങനെ നാലുപേരാണ് പ്രതിസ്ഥാനത്തുള്ളത്.

കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ നിരപരാധികളാണെന്നും ഇടനിലക്കാരനായ സാജു വര്‍ഗീസ് ഇവരെ വഞ്ചിക്കുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News