ബംഗാളിന് പിന്നാലെ ബീഹാറിലും കാവിഗുണ്ടകളുടെ അഴിഞ്ഞാട്ടം; കലാപം ലക്ഷ്യമിട്ട് മദ്രസകള്‍ തകര്‍ത്തു

ദില്ലി: ബംഗാളില്‍ രാംനവമി ദിനത്തിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ ബീഹാറിലും വ്യാപക അക്രമങ്ങളും വര്‍ഗീയ പ്രചാരണവും അഴിച്ചുവിട്ട് സംഘപരിവാര്‍.

ബീഹാറിലെ സമസ്തിപൂര്‍ ഡിവിഷനില്‍ നവമി ആഘോഷത്തിനിടെ അക്രമികള്‍ മദ്രസകള്‍ തകര്‍ക്കുകയും അകത്തുകയറി സാധനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ബീഹാറിലെ സമസ്തിപൂര്‍ മുന്‍ഗര്‍, ബംഗാളിലെ റാണിഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിലാണ് കലാപ ലക്ഷ്യം മുന്‍നിര്‍ത്തി കാവിസംഘം അഴിഞ്ഞാട്ടം നടത്തിയത്.

റോസെരയിലും മുന്‍ഗറിലും ഇന്റര്‍നെറ്റ് സംവിധാനവും താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. റോസെരയിലെ സിയാ ഉള്‍ ഉലൂം മദ്രസയക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്രസയുടെ തകര്‍ക്കപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസം പാസ്വാന്‍ മുന്‍പ് പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് റോസെര. മുന്‍ഗറില്‍ നിന്നും വളരെ അകലെയല്ലാത്ത റാണിഗഞ്ചില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി കടകളാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്. ഇന്നലെയും ഇന്നുമായാണ് കടകള്‍ തകര്‍ത്തത്.

ബംഗാളിലെ അനന്‍സോളില്‍ വര്‍ഗ്ഗീയ കലാപത്തിന്റെ അന്തരീക്ഷമാണ് ആഘോഷത്തിന്റെ ഭാഗമായി ഉടലെടുത്തത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. റാനിയാനിലും പുരുളിയയിലെ ബെല്‍ഡിയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ഗീയത ആളിക്കത്തിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ ഇരുസംസ്ഥാനങ്ങളിലും ഇപ്പോഴും തുടരുകയാണ്. ബീഹാറിലെ രാംപൂര്‍ ഗ്രാമത്തില്‍ സ്‌കൂളുകളും ന്യൂനപക്ഷ വിഭാഗക്കാരായ ഗ്രാമീണരുടെ വാഹനങ്ങളും അക്രമിസംഘം തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel