കേരള പൊലീസിന്റേത് സൗഹാര്‍ദനിലപാടുകളാണെന്ന് മുഖ്യമന്ത്രി പിണറായി; ഒറ്റപ്പെട്ട സംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു

ദില്ലി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടന്ന ചര്‍ച്ച മികച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ജലപാതയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചക്കു ശേഷം ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളുമായി ബന്ധപ്പെട്ട് 59 പ്രൊജക്റ്റുകളിലായി 192 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് പ്രൊജക്ടുകളിലായി 18 കിലോമീറ്റര്‍ മാത്രമാണ് അംഗീകരിച്ചത്. ഇത് തിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ അനുകൂല പ്രതികരണമാണു ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ നിര്‍വഹിക്കുകയാണെങ്കില്‍ മറ്റുകാര്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് ഗഡ്കരി വ്യക്തമാക്കി. തുറമുഖത്തിന്റെ കാര്യത്തിലുള്ള ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ പിന്നീട് അംഗീകരിക്കുന്നതാണ്.

ദേശീയ ജലപാതാ വികസനം കോവളം മുതല്‍ ബേക്കല്‍ വരെയാണ് ഉദ്ദേശിക്കുന്നത്. കൊല്ലം മുതല്‍ കോഴിക്കോട് വരെ ഇപ്പോള്‍ ജലപാതയുണ്ട്. ഈ ജലപാത കൂടുതല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തന്നെയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സിയാലുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചു.

അയ്യായിരം കോടിയോളം രൂപ ഇതിന് ചെലവുവരുന്നു. ജലപാതയുടെ ശരിയായ പ്രവര്‍ത്തനം ഈ ഫണ്ട് കൂടി ലഭിച്ചാലാണ് പൂര്‍ത്തിയാകുക. ഇതിനുള്ള സാമ്പത്തിക സഹായം നല്‍കണമെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് അവശ്യപ്പെട്ടു

കൊച്ചിയിലുള്ള കനാലുകളെ കൂടി ചേര്‍ത്തുള്ള പ്രത്യേക പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് നല്‍കുന്ന പക്ഷം കേന്ദ്രം സഹകരിക്കുമെന്ന് ഉറപ്പുലഭിച്ചെന്നും പിണറായി പറഞ്ഞു.
കേരള പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിലപാട് സൗഹാര്‍ദപരമാണ്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത്തരം സംഭവങ്ങള്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അത്തരം സംഭവങ്ങള്‍ കുറയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News