ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി ഇന്ത്യയെ ചോര്‍ത്തി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വെയ്ലി; വിവരങ്ങള്‍ ഇങ്ങനെ

ലണ്ടന്‍ : വിവരചോരണ വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക്ക(സിഎ)യുടെ മാതൃസ്ഥാപനം സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസ് (എസ്സിഎല്‍) ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പല രീതിയില്‍ പ്രമുഖ രാഷ്ട്രീയപാര്‍ടികള്‍ സ്ഥാപനത്തെ ഉപയോഗിച്ചതായും മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തി.

ഇന്ത്യയില്‍ ബിജെപിയും കോണ്‍ഗ്രസും സിഎയെ ഉപയോഗിച്ചതായി കഴിഞ്ഞദിവസം ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ അദ്ദേഹം സമ്മതിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വെയ്‌ലി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആധുനിക കൊളോണിയലിസം ഇങ്ങനെയാണ് എന്ന് ചൂണ്ടിക്കാട്ടുന്ന ട്വീറ്റില്‍ കമ്പനിയുടെ ബ്രോഷറിലെ പേജുകളുമുണ്ട്.

സര്‍വേകളിലൂടെയും ഡേറ്റാ ചോര്‍ത്തലിലൂടെയും ഇന്ത്യയെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ കമ്പനി സ്വന്തമാക്കിയെന്നാണ് വെയ്‌ലിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. 600 ജില്ലകളിലെ ഏഴു ലക്ഷം ഗ്രാമങ്ങളുടെ സമഗ്രവിവരം തങ്ങളുടെ പക്കലുണ്ടെന്നും ഇത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും എസ്സിഎല്‍ ഇന്ത്യ അവകാശപ്പെടുന്നു.

ജനങ്ങളുടെ ജാതി, മതം, സാമ്പത്തികസ്ഥിതി, രാഷ്ട്രീയനിലപാട് എന്നിവയടക്കമുള്ള സൂക്ഷ്മവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡേറ്റാബാങ്കാണ് വിവരശേഖരണത്തിലൂടെ എസ്സിഎല്‍ തയ്യാറാക്കിയത്. രാഷ്ട്രീയകക്ഷികളും കോര്‍പറേറ്റ് കമ്പനികളുമടക്കമുള്ള ഇടപാടുകാര്‍ക്ക് ഈ വിവരങ്ങള്‍ എത്തിച്ചുകൊടുത്തു. ആവശ്യക്കാര്‍ക്ക് തുടര്‍ ആശയവിനിമയവും പ്രത്യേക വിഷയങ്ങളിലെ ഗവേഷണവും കമ്പനി സാധ്യമാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഇന്ത്യയില്‍ കമ്പനിയുടെ ആസ്ഥാനം. ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, കട്ടക്ക്, ഗാസിയാബാദ്, ഗുവാഹത്തി, ഇന്‍ഡോര്‍, പട്‌ന, പുണെ എന്നിവിടങ്ങളിലായി പത്ത് മേഖലാ ഓഫീസുകളും.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്സിഎല്‍ ഇന്ത്യ സജീവമായി ഇടപെട്ടതായി വെയ്‌ലി പങ്കുവച്ച രേഖകള്‍ വ്യക്തമാക്കുന്നു. തങ്ങളെ സമീപിച്ച സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. 2007, 2011, 2012 വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എസ്സിഎല്‍ ഇടപെട്ടു. 2011ല്‍ പ്രമുഖ പാര്‍ടിക്കുവേണ്ടി 20 കോടി വോട്ടര്‍മാരുടെ വിവരം ശേഖരിച്ചെന്ന് കമ്പനി പറയുന്നു. ബൂത്തുതലത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഓരോ മണ്ഡലത്തിനും അനുയോജ്യമായ വ്യത്യസ്ത പ്രചാരണരീതികള്‍ നിര്‍ദ്ദേശിക്കുകയുംചെയ്തു. 2012ല്‍ യുപിയില്‍ ദേശീയ പാര്‍ടിക്കുവേണ്ടി ജാതിസെന്‍സസ് നടത്തി.

2003 മുതലാണ് കമ്പനി ഇന്ത്യയില്‍ സജീവമായത്. ആ വര്‍ഷം രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയകക്ഷി ജനഹിതം മനസിലാക്കാനും പാര്‍ടിയെ ശക്തിപ്പെടുത്താനും സമീപിച്ചതായാണ് വെളിപ്പെടുത്തല്‍. ഇതനുസരിച്ചു തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയ പാര്‍ടിക്ക് ഉപദേശവും സഹായങ്ങളും നല്‍കി.

2003ല്‍ തന്നെ മധ്യപ്രദേശില്‍ ആടിനില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി ഒരു ദേശീയപാര്‍ടിയാണ് സഹായം തേടിയത്. 2010ലെ ബിഹാര്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനു വേണ്ടിയും വോട്ടര്‍മാര്‍ക്കിടയില്‍ ജാതിസെന്‍സസ് ഉള്‍പ്പെടെ സര്‍വേ നടത്തി.

ബിജെപി പല ഘട്ടങ്ങളിലും സിഎയുടെ സഹായം തേടിയെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിനുവേണ്ടിയും സ്ഥാപനം പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്ന് കഴിഞ്ഞദിവസം വെയ്‌ലി വെളിപ്പെടുത്തി. അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ സിഎ ചോര്‍ത്തിയതും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇതിനെ പ്രയോജനപ്പെടുത്തിയതും ലോകത്തെ അറിയിച്ചത് സ്ഥാപനത്തിലെ മുന്‍ റിസര്‍ച് ഡയറക്ടറായ വെയ്‌ലിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News