കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍; കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത.

കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധന്റെ കൈവിരലുകള്‍ പിടിച്ചു ഞെരിച്ചായിരുന്നു അറ്റന്‍ഡര്‍ സുനില്‍കുമാറിന്റെ അതിക്രമം. ഇതില്‍ വേദനിച്ച വൃദ്ധന്‍ നിലവിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവന്നത്.

ഓര്‍ത്തോ വിഭാഗം 15-ാം വാര്‍ഡില്‍ കഴിയുന്ന രോഗിയുടെ കൈവിരല്‍ സുനില്‍കുമാര്‍ ഞെരിച്ചൊടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. രോഗി അലറിക്കരിഞ്ഞിട്ടും അറ്റന്‍ഡര്‍ അതിക്രമം തുടരുകയായിരുന്നു. വിളക്കുപാറ സ്വദേശി വാസുവിനെയാണ് സുനില്‍കുമാര്‍ ക്രൂരമായി ഉപദ്രവിച്ചത്.

വീഡിയോ പുറത്തു വന്നതിന് പിന്നാലെ സുനില്‍കുമാറിനെ ആശുപത്രി സൂപ്രണ്ട് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

വിഷയത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ അത് നല്‍കുമെന്നും രോഗികള്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

സുനില്‍കുമാറിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിനോടും മന്ത്രി ആവശ്യപ്പെട്ടു.

ആശുപത്രികള്‍ മെച്ചപ്പെടുമ്പോഴും രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ മാറ്റമില്ല എന്ന് തെളിയിക്കുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദാരുണ സംഭവം.

അതേസമയം, വാസു ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. എന്നാല്‍ രോഗിയുടെ തുടര്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കാനും മന്ത്രി സൂപ്രണ്ടിനോട് നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News