ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നേര്‍വഴി കാട്ടാന്‍ ആരെത്തും; പോണ്ടിംഗും ഗില്‍ക്രിസ്റ്റും ഷെയിന്‍വോണും പട്ടികയില്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായി പന്തിലെ ക്രിതൃമം കാട്ടല്‍ മറിക്കഴിഞ്ഞു.

നായകനായിരുന്ന സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം കള്ളക്കളി കളിച്ച ബാന്‍ക്രോഫ്റ്റും പടിക്ക് പുറത്തായി. പരിശീലകന്‍ ഡാരന്‍ ലേമാന്‍ കൂടി രാജിവച്ചതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അതിന്റെ ദുരന്തമുഖത്താണ്.

5 തവണ ലോകകപ്പ് നേടിയിട്ടുള്ള ക്രിക്കറ്റിലെ ഏറ്റവും പ്രതാപശാലികളായ ഓസ്‌ട്രേലിയന്‍ ടീം നേരിടുന്ന ദുരന്തത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അടിയന്തിര പരിഹാരം കാണണമെന്ന നിര്‍ദ്ദേശം ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റിന് സര്‍ക്കാര്‍ തന്നെ നല്‍കികഴിഞ്ഞു.

രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ സ്റ്റീവോ ഓസ്‌ട്രേലിയന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഏങ്ങും ഉയര്‍ന്ന ഒരു ചോദ്യമുണ്ട്. ഷെയിന്‍വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കിപോണ്ടിംഗ് ഇവരില്‍ ആരാകും സ്റ്റീവോയുടെ പകരക്കാരന്‍.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് റിക്കിപോണ്ടിംഗിലായിരുന്നു വിശ്വാസമര്‍പ്പിച്ചത്. പിന്നീട് ഇതിഹാസം രചിച്ച റിക്കി ആ വിശ്വാസം കാത്തു.

ലോകക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമെന്ന ഖ്യാതിയാണ് അന്ന് റിക്കി ഓസ്‌ട്രേലിയക്ക് സമ്മാനിച്ചത്. രണ്ട് ലോകകപ്പ് അടക്കം ഓസ്‌ട്രേലിയന്‍ മണ്ണിലെത്തിക്കാനും റിക്കിയുടെ നായകമികവിന് സാധിച്ചു.

ഒന്നരപതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും ആരാധകരും അതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. ഷെയിന്‍വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കിപോണ്ടിംഗ് ഇവരില്‍ ആരാകും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നേര്‍വഴികാട്ടാന്‍ മിടുക്കന്‍.

ലേമാന് പകരക്കാരനായി പരിശീലക സ്ഥാനത്തേക്ക് ഷെയിന്‍വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കിപോണ്ടിംഗ് എന്നവരടങ്ങുന്ന പട്ടിക ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഭരണസമിതി തയ്യാറാക്കിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

റിക്കിപോണ്ടിംഗിന് തന്നെയാണ് ഏവരും സാധ്യത കല്‍പ്പിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകസ്ഥാനം വഹിച്ചിട്ടുണ്ടെന്നത് റിക്കിയുടെ സാധ്യതകള്‍ വര്‍ദ്ദിപ്പിക്കുന്നു. ഐപിഎല്ലില്‍ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നതും റിക്കിയ്ക്ക് തുണയാകും.

അതേസമയം ശൂന്യതയില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ഐപിഎല്‍ കിരീടം സമ്മാനിക്കാനായിട്ടുള്ള ഷെയിന്‍വോണ്‍ റിക്കിക്ക് വെല്ലുവിളിയാകുമെന്നുറപ്പാണ്. പരിശീലക കുപ്പായം വോണ്‍ മോഹിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കളിക്കളത്തില്‍ എന്നും മാന്യതയുടെ ആള്‍രൂപമായിരുന്നു എന്നതാണ് ആദം ഗില്‍ക്രിസ്റ്റിന് തുണയാകുന്നത്. മാന്യത നഷ്ടപ്പെട്ട് നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ മുഖം മാറ്റാന്‍ ഏറ്റവും അനുയോജ്യന്‍ ഗില്ലിയാണെന്ന പക്ഷക്കാര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഭരണസമിതിയില്‍ ഏറിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Adam Gilchrist batting.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ പ്രതാപം തിരിച്ചുപിടിക്കാന്‍ ഇവരിലൊരാള്‍ പടനായക സ്ഥാനത്ത് എത്തണമെന്നതാണ് ആരാധകരുടെ ആവശ്യം.  ആരാകും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനെത്തുകയെന്നത് കാത്തിരുന്ന് കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here