തടി കുറയണം എന്നുള്ളവർ എന്റെ ഫ്ലാറ്റിലേക്ക് വരുക; യുവതിയുടെ അനുഭവക്കുറിപ്പ് തരംഗമാകുന്നു

സോഷ്യല്‍ മീഡിയ അങ്ങനെയാണ്. എന്തും ഏറ്റെടുക്കാന്‍ മനസ്സുകാണിക്കും. ഇപ്പോ‍ഴിതാ ശ്രീലക്ഷ്മി സതീശിന്‍റെ അനുഭവക്കുറിപ്പാണ് വൈറലായിരിക്കുന്നത്.

സംഭവം മറ്റൊന്നുമല്ല പെണ്‍കുട്ടികള്‍ തടികുറയ്ക്കാന്‍ കാട്ടുന്ന ബഹളവും ആഗ്രഹവുമാണ് ശ്രീലക്ഷ്മിയുടെ കുറിപ്പന്‍റെ ആധാരം.

കുറിപ്പ് പൂര്‍ണരൂപത്തില്‍

തടിയും വയറും കുറയാനൊരു എളുപ്പവഴി.. ഉപയോഗിച്ച് ഫലം കണ്ടത്.. കടന്നു വരൂ.. കടന്നു വരൂ… തികച്ചും സൗജന്യ സേവനം….

ഈ പോസ്റ്റിന് ശേഷം എനിക്ക് വന്ന ഫ്രണ്ട് റിക്വസ്റ്റുകളുടെ എണ്ണം 74 … അതിൽ 69 പെൺകുട്ടികൾ…. അക്സപ്റ്റ് ചെയ്ത ഉടൻ… ഇൻ ബോക്സിൽ വന്ന മെസ്സേജുകൾ എല്ലാം ഒരേ തരം… മോളെ, ശ്രീ, ചേച്ചി (തടിയും വയറും കുറയ്ക്കാൻ എന്തു വഴിയുണ്ട് ) ???

ഉത്തരം: മനശാസ്ത്രമാണ് എന്റെ വിഷയം ശരീര ‘ ശരീര ശാസ്ത്രമല്ല…. ഞാനൊരു physical trainer അല്ല… ഒരു ജിം ഇതേ വരെ കണ്ടിട്ടും ഇല്ല… ഓട്ടോയിൽ ഓഫീസിൽ പോയി അതുപോലെ തിരിച്ചു വന്ന് … വിശക്കാനുള്ള സമയം കൊടുക്കാതെ ആമാശയം പോലും ” എന്തോന്നെടേയ് ഇത് ” എന്നു ചോദിച്ചു പോകുന്ന തരത്തിൽ കണ്ണിൽ കണ്ടതൊക്കെ വെട്ടി വിഴുങ്ങി … ഒരു മഗ്ഗ് വെള്ളം പോലും കുനിഞ്ഞ് ബക്കറ്റിൽ നിന്നെടുക്കാതെ… ഷവറിനു കീഴെ അനങ്ങാതെ നിന്ന് കുളിച്ച്…. ഹോസ്റ്റൽ റൂമിൽ നിന്നും പുറത്തിറങ്ങാതെ പ്രസവിച്ചു കിടക്കുന്ന സ്ത്രീകളേക്കാൾ കാര്യമായി ” നിത്യ വിശ്രമം ” ചെയ്തു കൊണ്ടിരുന്ന ആളാണ് ഞാൻ…

ആ ഞാൻ വീട്ടിൽ അച്ചാറിന്റെ ഒരു ബിസിനസ്സ് തുടങ്ങി…. രാവിലെ 6 മണിയ്ക്ക് തുടങ്ങിയാൽ രാത്രി ഒന്നര മണി വരെ നടുവൊടിയണ ജോലിയാണ്… നോൻ അച്ചാറുകളാണ് കൂടുതൽ ഡിമാന്റ്… അതു കൊണ്ട് തന്നെ ആറും ഏഴും കിലോ മീനും ഇറച്ചിയും മുറിച്ചും കഴുകിയും വേവിച്ചും വറുത്തും അച്ചാറു ഉണ്ടാക്കി കഴിയുമ്പോൾ ഭക്ഷണം വാരി വലിച്ചു തിന്നാൻ തോന്നില്ല.. വിശപ്പു മൂക്കുമ്പോൾ ക്യാരറ്റ് ബീറ്റ്റൂട്ട് juice തട്ടും (വിശപ്പു മാറും വിലക്കുറവിൽ കിട്ടുകയും ചെയ്യും എന്നത് മാത്രമാണ് കാര്യം കിലോ 30 Rs…) പിന്നെ ലഡു ജിലേബി ഒക്കെ വല്യ ഇഷ്ടമാണ്… കണ്ടാൽ ഒടുക്കത്തെ കൊതിയും വരും.. വാങ്ങി തട്ടുകയും ചെയ്യും…. ഈ ഒടുക്കത്തെ പണി കഴിഞ്ഞ് ചെല്ലുമ്പോൾ…. ” എന്റെ അച്ഛൻ തുറന്നു വച്ചേക്കുന്നോ നട്ടപ്പാതിരയ്ക്ക് ബേക്കറി ” ഇൻ ബോക്സിലും കമന്റ് ബോക്സിലും വന്ന് ശ്രീ ചേച്ചി, ശ്രീ മോളെ, ശ്രീക്കുട്ടി എന്നൊക്കെ വിളിക്കുന്നതല്ലാതെ നിങ്ങൾ ആരേലും… കുറച്ച് ലഡു വോ ജിലേബിയോ വാങ്ങി തരുന്നുണ്ടോ?… ഉണ്ടോ.. ഇല്ലല്ലോ…. ഈ ഞാൻ മെലിഞ്ഞില്ലെങ്കിലേ… അതിശയം

NB : ഇനിയും തടി കുറയണം എന്നുള്ളവർ എന്റെ ഫ്ലാറ്റിലേക്ക് വരുക… മീൻ വെട്ടാനും ഇഞ്ചിയും വെളുത്തുള്ളിയും നന്നാക്കാനും എനിക്ക് ആളെ ആവശ്യമുണ്ട്… പ്രതിഫലം തന്ന് ആരേയും അപമാനിക്കില്ല.. വയറു നിറയെ ക്യാരറ്റ് ബീറ്റ് റൂട്ട് ജ്യൂസ് തരാം… അത് തികച്ചും സൗജന്യ മായിരിക്കും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News