ഐസിഐസിഐയിലും വായ്പാതട്ടിപ്പ്; വീഡിയോകോണിന്റെ വായ്പയില്‍ 2810 കോടി എഴുതിത്തള്ളി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐയിലും വായ്പാതട്ടിപ്പ് അരങ്ങേറിയതായി റിപ്പോര്‍ട്ട്. വീഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ധൂതിന് അനുവദിച്ച 3250 കോടിയുടെ വായ്പയില്‍ 2810 കോടിയും ബാങ്ക് കിട്ടാക്കടമായി എഴുതിത്തള്ളിയതിനെ ചൊല്ലിയാണ് വിവാദം.

ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന് വീഡിയോകോണ്‍ ഉടമ നല്‍കിയ ബിസിനസ് സഹായത്തിനുള്ള പ്രത്യുപകാരമാണ് 3250 കോടിയുടെ വായ്പയെന്നാണ് ആക്ഷേപം. വേണുഗോപാല്‍ ധൂതും ദീപക് കൊച്ചാറും 2008 ഡിസംബറില്‍ ‘നൂപവര്‍’ എന്ന സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന് 64 കോടി രൂപ ധൂതിന്റെ മറ്റൊരു സ്ഥാപനം വായ്പ നല്‍കുകയും പിന്നാലെ കമ്പനിയിലെ തന്റെ ഓഹരികള്‍ ധൂത് തീരെ ചെറിയ വിലയ്ക്ക് ദീപക്കിന് കൈമാറുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ചന്ദാ കൊച്ചാര്‍ എംഡിയായ ഐസിഐസിഐ ബാങ്കില്‍നിന്ന് വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി വായ്പ ലഭിച്ചത്. ഇതില്‍ 2810 കോടി രൂപ 2017ല്‍ ഐസിഐസിഐ ബാങ്ക് കിട്ടാക്കടമായി പ്രഖ്യാപിച്ചു.

അതേസമയം, ബാങ്കിന് വലിയ നഷ്ടമുണ്ടാക്കിയ ഇടപാടായിട്ടും ചന്ദാ കൊച്ചാറിനെ പൂര്‍ണമായി പിന്തുണച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് രംഗത്തെത്തി. 20 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് വീഡിയോകോണിന് വായ്പ അനുവദിച്ചതെന്നും അനുവദിച്ച 36,000 കോടി രൂപ വായ്പയില്‍ പത്ത് ശതമാനത്തില്‍ താഴെവരുന്ന തുകയാണ് ഐസിഐസിഐ ബാങ്ക് നല്‍കിയതെന്നും ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കണ്‍സോര്‍ഷ്യത്തെ നയിക്കുന്നത് ഇതില്‍ കൂടുതല്‍ തുക വായ്പ നല്‍കിയ മറ്റൊരു ബാങ്കാണ്. വലിയ വായ്പകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റിയാണ്. ഇതിലെ അംഗങ്ങളിലധികവും ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരാണ്. ഏതെങ്കിലും വ്യക്തി ഇടപെടല്‍ നടത്തിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഡയറക്ടര്‍ ബോര്‍ഡ് വിശദമാക്കി.

ദീപക് കൊച്ചാറും വേണുഗോപാല്‍ ധൂതും ചേര്‍ന്ന് 2008 ഡിസംബറിലാണ് നുപവര്‍ റിന്യുവബിള്‍സ് എന്ന കമ്പനി സ്ഥാപിച്ചത്. ധൂതിന് 50 ശതമാനം ഓഹരിയും ദീപക്കിനും ദീപക്കിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള പസിഫിക് ക്യാപിറ്റലിനും 50 ശതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. 2009 ജനുവരിയില്‍ നുപവര്‍ ഡയറക്ടര്‍സ്ഥാനം രാജിവച്ച വേണുഗോപാല്‍ തന്റെ ഓഹരി വെറും രണ്ടരലക്ഷം രൂപയ്ക്ക് ദീപക്കിന് കൈമാറി. 2010 മാര്‍ച്ചില്‍ ധൂതിന്റെ ഉടമസ്ഥതയിലുള്ള സുപ്രീം എനര്‍ജി ലിമിറ്റഡ് കമ്പനിയില്‍നിന്ന് 64 കോടി രൂപ കമ്പനിക്ക് വായ്പ ലഭിച്ചു. തുടര്‍ന്ന് പലവട്ടമായി നടന്ന ഓഹരികൈമാറ്റങ്ങളിലൂടെ നൂപവറിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സുപ്രീം എനര്‍ജിക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News