കീ‍ഴാറ്റൂരിലേത് ‘മഹാസഖ്യ’വിളംബരം

കീഴാറ്റൂർ ഇന്നൊരു സ്ഥലനാമം മാത്രമല്ല. വികസനം, പരിസ്ഥിതി തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ചർച്ചയുടെ കേന്ദ്രവിഷയമെന്ന നിലയിലാണ് ചിലരെല്ലാം ഈ സ്ഥലനാമത്തെ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ഗൂഢമായ ചില ആലോചനകളുടെ ഭാഗമായി കീഴാറ്റൂരിൽനിന്ന് ആരംഭിച്ചിരിക്കുന്ന വിഭാഗീയ സമരത്തിന് മാധ്യമങ്ങൾ പൊതുവിൽ വലിയ പ്രചാരമാണ് നൽകിയത്. ഈ വിഭാഗീയസമരം എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു മഹാസഖ്യത്തിന്റെ വിളംബരമാണ്.

ആർഎസ്എസും മാവോയിസ്റ്റുകളും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിലെ മുരത്ത കമ്യൂണിസ്റ്റുവിരുദ്ധരുമെല്ലാം ചേർന്നാണ് ഇതിന് രൂപംകൊടുത്തിരിക്കുന്നത്. കീഴാറ്റൂരിലെ ഇക്കൂട്ടരുടെ സമരാഭാസം സംസ്ഥാനരാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും ദൂരവ്യാപകവും അനാരോഗ്യകരവുമായ ചില പ്രവണതകൾ ഉയർത്തുന്നതാണ്. ജാതി‐മത വർഗീയ ശക്തികളുടെ വളർച്ചയ്ക്ക് വഴിതുറക്കാനും രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കാനും വികസനത്തെ മുരടിപ്പിക്കാനുമാണ് ഇത് ഉപകരിക്കുക. കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷരാഷ്ട്രീയത്തിൽനിന്ന് പുറത്താക്കി വലതുപക്ഷ വർഗീയ രാഷ്ട്രീയ അജൻഡയിൽ എത്തിക്കാനുള്ള ഗൂഢപദ്ധതിയാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത്.

വികസനപദ്ധതികളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതോ അഭിപ്രായം പ്രകടിപ്പിക്കുന്നതോ അപരാധമല്ല. പരിസ്ഥിതിക്കും പരിസരവാസികൾക്കും ഉപദ്രവമാണോ, അത് പരിഹരിക്കാൻ മാർഗങ്ങളുണ്ടോ എന്നെല്ലാം ഒരു പദ്ധതിയുടെ വിലയിരുത്തലിൽ പ്രസക്തമാണ്. മനുഷ്യരും പരിസ്ഥിതിയും ഒരുപോലെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ‘വികസനം’. അതിനാൽ വികസനം സാധ്യമാകുന്നത് ഏതുവിധത്തിലെന്നത് പരിഗണിക്കേണ്ടതാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് സർക്കാർ മുൻഗണന നൽകുന്നു. അത് മറച്ചുവച്ച് പ്രകൃതിയെ നശിപ്പിക്കാൻ നിൽക്കുന്നവരാണ് സംസ്ഥാനഭരണക്കാരെന്ന പ്രതിച്ഛായ വ്യാജമായി സൃഷ്ടിക്കാനാണ് വിരുദ്ധശക്തികളുടെ ശ്രമം.

എന്നാൽ, ഇത്രമാത്രം പ്രകൃതിയെ വീണ്ടെടുക്കാനുള്ള പ്രവർത്തനം നടത്തിയ മറ്റൊരു സംസ്ഥാന സർക്കാരിനെ ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകില്ല. മനുഷ്യൻ അറിഞ്ഞും അറിയാതെയും പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ പല പോറലുകളും ഏൽപ്പിക്കുന്നുണ്ട്. അവയിൽ പലതും വലിയ മുറിവുകളായി ശേഷിക്കുന്നു. ഇതിനുമധ്യേ ജീവവ്യവസ്ഥ അതിന്റെ പൂർവകാല സ്വാഭാവികസ്ഥിതി കഴിയുന്നത്ര വീണ്ടെടുക്കാനുള്ള പരിശ്രമം 20 മാസത്തെ എൽഡിഎഫ് ഭരണം നടത്തി. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് പിണറായിസർക്കാർ നടപ്പാക്കുന്ന ‘ഹരിതകേരളം പദ്ധതിയും കേരള മിഷനും’. ഇതിന്റെ ഭാഗമായി നൂറുകണക്കിന് കുളങ്ങളും ഡസൺകണക്കിന് പുഴകളും ഇതിനകം സംരക്ഷിക്കപ്പെട്ടു. ജൈവകൃഷി വ്യാപകമാക്കി. നെൽക്കൃഷിയിടം വർധിപ്പിച്ചു. ഭൂമി എന്ന ഗ്രഹത്തിന്റെ നിലനിൽപ്പിനെത്തന്നെ താളംതെറ്റിക്കുന്നതാണ് മലിനീകരണം. അത് മനുഷ്യനെമാത്രമല്ല, മറ്റു ജീവജാലങ്ങളെയും ബാധിക്കുന്നതാണ്.

ഇവിടെയാണ് സംസ്ഥാന സർക്കാർ മുൻകൈയിൽ നടത്തിവരുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ പ്രസക്തി. വെള്ളം അമൂല്യമാണ്, അത് തെളിനീരായി സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. വിവിധ ജീവജാലങ്ങളടങ്ങിയ പ്രകൃതിസഹജമായ പരിസ്ഥിതികളുടെ വൈവിധ്യമാണ് ആവാസവ്യവസ്ഥയുടെ വൈവിധ്യം. അത് സംരക്ഷിക്കാൻ നടപടിയെടുക്കുന്ന കമ്യൂണിസ്റ്റുകാരെയും അവർ നയിക്കുന്ന എൽഡിഎഫ് സർക്കാരിനെയും പരിസ്ഥിതിവിരുദ്ധരും പ്രകൃതിസംരക്ഷണത്തിൽ താൽപ്പര്യമില്ലാത്തവരുമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന അപഹാസ്യതയാണ്.

കേരളം അഭിമുഖീകരിക്കുന്ന രണ്ടാംതലമുറപ്രശ്നങ്ങളുണ്ട്. അതിൽ പ്രധാനം അഭ്യസ്തവിദ്യരായ പുതിയ തലമുറയ്ക്ക് നമ്മുടെ നാട്ടിൽതന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നതാണ്. അതിന് ഇണങ്ങുന്ന പുത്തൻ തലമുറ വ്യവസായങ്ങൾ വരുന്നതിനും വളരുന്നതിനും വലിയ തോതിൽ സ്വകാര്യനിക്ഷേപം ആകർഷിക്കണം. അതിനുവേണ്ടി പല സംസ്ഥാനങ്ങളും സ്വീകരിക്കുന്ന കോർപറേറ്റ് പ്രീണനനയം നമുക്ക് പറ്റില്ല. എന്നാൽ നല്ല റോഡ്, വ്യവസായ പാർക്ക്, വിദഗ്ധതൊഴിലാളികൾ‐ ഇതെല്ലാം നൽകണം. അതുപോലെ നമ്മുടെ നാട്ടുകാർക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ക്ലേശം കൂടാതെയും സമയനഷ്ടം വരാതെയും യാത്രചെയ്യാൻ നല്ല റോഡ് വേണം.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് റോഡപകടങ്ങളിലാണ്. ഈ പശ്ചാത്തലത്തിൽ വേണം കീഴാറ്റൂരിലെ ഗതാഗതപാതയുടെ പ്രശ്നം പരിഗണിക്കാൻ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് തളിപ്പറമ്പ്‐ കീഴാറ്റൂർ ബൈപാസ് നിർമാണം. ഈ വിഷയത്തിൽ സിപിഐ എമ്മിനെ ഒറ്റപ്പെടുത്താനും എൽഡിഎഫ് സർക്കാരിനെ കരിതേച്ചുകാണിക്കാനും ജനങ്ങളെ ഭീതിപ്പെടുത്തുന്ന പ്രചാരണങ്ങളാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്.

നിരവധി പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ദേശീയപാത 17ന്റെ വികസനം പൂർത്തിയാക്കുമെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചിലയിടത്ത് ബൈപാസ് വേണ്ടിവരുമെന്നും അത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണ്. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയാസമുണ്ടാകുക സ്വാഭാവികമാണ്. പരിസ്ഥിതിയെ പരമാവധി സംരക്ഷിച്ച് വികസനപ്രവർത്തനം നടത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും നയം. തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇന്ത്യയിൽ ആദ്യമായി അത് സംരക്ഷിക്കുന്നതിനുള്ള നിയമം 2008ലെ എൽഡിഎഫ് സർക്കാർ പാസാക്കിയത്. വികസനാവശ്യത്തിനുവേണ്ടി കൃഷിഭൂമി ഏറ്റെടുത്താൽ, പകരം ഭൂമിയിൽ കൃഷി അഭിവൃദ്ധിപ്പെടുത്തുകയെന്ന നയം പിണറായി സർക്കാർ നിയമഭേദഗതിയിലൂടെതന്നെ കൊണ്ടുവന്നു. ദേശീയപാത 45 മീറ്ററാക്കിയത് മുഖ്യ രാഷ്ട്രീയപാർടികൾ പങ്കാളികളായ സമവായപ്രകാരമാണ്.

മലബാർമേഖലയിലെ ഏറ്റവും ഗതാഗതക്കുരുക്ക് നേരിടുന്ന പട്ടണങ്ങളിലൊന്നാണ് തളിപ്പറമ്പ്. ഇവിടെ ബൈപാസിന്റെ ആവശ്യകത ആർക്കും നിഷേധിക്കാനാകില്ല. പരിസ്ഥിതി പരമാവധി സംരക്ഷിച്ചും വീടുകൾ, കെട്ടിടങ്ങൾ, വയലുകൾ എന്നിവയുടെ നാശം ഏറ്റവും കുറഞ്ഞും നേരിടുന്ന അലൈൻമെന്റാണ് ബൈപാസിന് അംഗീകരിക്കേണ്ടതെന്ന് തുടക്കംമുതലേ സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു. തളിപ്പറമ്പ് നഗരം, പൂക്കോത്ത്തെരു, കീഴാറ്റൂർ വയൽ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് അലൈൻമെന്റുകളാണ് തയ്യാറാക്കിയത്. തളിപ്പറമ്പ് നഗരംവഴി 298 കെട്ടിടങ്ങളുടെയും പൂക്കോത്ത്തെരു മേഖലവഴി 78 കെട്ടിടങ്ങളുടെയും നാശമാണ് അലൈൻമെന്റിൽ കണക്കാക്കിയിരുന്നത്.

എന്നാൽ, കുപ്പം‐ കീഴാറ്റൂർ‐ കൂവോട്‐ കുറ്റിക്കോൽ പ്രദേശത്തുകൂടിയുള്ള ബൈപാസ് നിർമാണം വഴി 28 കെട്ടിടങ്ങൾക്കുമാത്രമേ നാശം സംഭവിക്കുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ അലൈൻമെന്റ് അംഗീകരിക്കുന്നതിന് സാർവത്രികമായ സ്വീകാര്യത ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഹൈവേ അതോറിറ്റിയാണ് ഇത് നിശ്ചയിച്ചത്. എന്നാൽ, തണ്ണീർത്തടവും നെൽവയലും നഷ്ടപ്പെടാതിരിക്കാൻ ആകാശപ്പാത (എലിവേറ്റഡ് ഹൈവേ) നിർമിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിനുമുന്നിൽ സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അത് മോഡിസർക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിനാണ് കീഴാറ്റൂരിൽ സമരത്തിനിറങ്ങിയ ബിജെപിക്കാർ ചെയ്യേണ്ടത്. സംസ്ഥാന സർക്കാരിന്റെ നിർദേശത്തിന് കേന്ദ്രത്തിൽനിന്ന് അംഗീകാരം വാങ്ങിയെടുക്കുന്നതിനുള്ള സമ്മർദമാണ് ഡൽഹിയിൽ പോയി ബിജെപിക്കാർ നടത്തേണ്ടത്. അതിനുപകരം എൽഡിഎഫ് സർക്കാരിനെതിരായി ഒരു സമരമുഖം കീഴാറ്റൂരിൽ തുറന്നിരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഈ സമരം ഉപതെരഞ്ഞെടുപ്പ്് നടക്കുന്ന ചെങ്ങന്നൂരിലെത്തുമെന്നും ഇക്കൂട്ടർ പറഞ്ഞിട്ടുണ്ട്. ഇതിലൂടെ ഇവരുടെ എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയമാണ് പുറത്തുവന്നിരിക്കുന്നത്.

കോൺഗ്രസ് നേതാവ് വി എം സുധീരനും ബിജെപി നേതാക്കളായ സുരേഷ്ഗോപിയും ഗോപാലകൃഷ്ണനുമെല്ലാം അവിടെ കൈകോർത്തു. മഹാത്മാഗാന്ധിയെ അല്ല, പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിനെയാണ് ആദ്യം കൊല്ലേണ്ടിയിരുന്നതെന്ന് പ്രസംഗിച്ച സംഘപരിവാറുകാരനാണ് ഗോപാലകൃഷ്ണൻ. അയാളുമായി കൈകോർക്കാൻ സുധീരന് ഉൾവിളിയുണ്ടായത് പിണറായി വിജയൻ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മോഹമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത ആളുകളുടെ പ്രകടനമായിരുന്നു കീഴാറ്റൂരിൽ നടന്നത്. തദ്ദേശവാസികൾ ഇതിനെ ബഹിഷ്കരിച്ചിരുന്നു. ബൈപാസിന് സ്ഥലം വിട്ടുകൊടുക്കേണ്ടത് 60 കുടുംബങ്ങളാണ്. അതിൽ നാലുപേർമാത്രമാണ് സ്ഥലം വിട്ടുനൽകാൻ വിസമ്മതിക്കുന്നത്. ആ നാലുപേരെ മുൻനിർത്തി എല്ലാ ഇടതുപക്ഷവിരുദ്ധരും ചേർന്ന ഒരു മഹാസഖ്യത്തിന് രൂപംകൊടുത്തിരിക്കുകയാണ്. എന്നാൽ, കീഴാറ്റൂരിലെ ജനങ്ങളെയാകെ ചേർത്തുകൊണ്ട് മാർച്ച് 24ന് കീഴാറ്റൂരിൽനിന്ന് തളിപ്പറമ്പിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിൽ പ്രതിഫലിച്ചത് പ്രദേശവാസികളുടെ വികാരമാണ്. വളപട്ടണം‐ ചാല ബൈപാസ് വയൽവഴിയാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയ പി കെ കൃഷ്ണദാസ് കീഴാറ്റൂർസമരത്തിൽ പങ്കാളിയാണെന്നത് പ്രത്യക്ഷത്തിലെ ഇരട്ടത്താപ്പാണ്. കീഴാറ്റൂരിൽ സമരം നടത്തുമ്പോൾ കണ്ണൂരിലെ വയൽവഴിയുള്ള അലൈൻമെന്റിന് ദേശീയപാത വികസന അതോറിറ്റി അംഗീകാരം നൽകിയതിനോട് എന്ത് നിലപാടെടുക്കും?

ഒരുഭാഗത്ത് കണ്ണൂരിനെയും കാസർകോടിനെയും എൽഡിഎഫ് സർക്കാർ വികസനകാര്യത്തിൽ അവഗണിക്കുന്നുവെന്ന് പ്രചാരണം നടത്തുകയും മറുഭാഗത്ത് റോഡ് ഉൾപ്പെടെയുള്ള വികസനകാര്യങ്ങൾ വരുമ്പോൾ അതിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയൊരു ഇരട്ടത്താപ്പാണ് കമ്യൂണിസ്റ്റുവിരുദ്ധ ശക്തികൾ നടത്തുന്നത്. വടക്കെ മലബാറിലെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ക്രിയാത്മകനടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളം, അഴീക്കോട് തുറമുഖം, ദേശീയപാത വികസനം എന്നീ മേഖലകളിലെല്ലാം നല്ല പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഈ വികസനമുന്നേറ്റത്തെ തകിടംമറിക്കാനുള്ള ദുഷ്ടലാക്കാണ് കീഴാറ്റൂരിലെ സമരാഭാസം. തലശേരി‐ മൈസൂർ റെയിൽപ്പാത എ കെ ജി ഉള്ളകാലംമുതൽ ശ്രമിച്ചുവരുന്നതാണ്. കേന്ദ്ര‐ സംസ്ഥാന സർക്കാരുകൾ ചേർന്ന് പദ്ധതി ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. ഇതോടെ പദ്ധതി യാഥാർഥ്യമാകുന്നുവെന്ന് വന്നപ്പോൾ പരിസ്ഥിതിവാദം ഉയർത്തി പദ്ധതി അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ വികസനമില്ലെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുകയും അതേസമയം, വികസനപദ്ധതികളെ പരിസ്ഥിതിയുടെ പേരുപറഞ്ഞ് അട്ടിമറിക്കാൻ ആളെയിറക്കുകയും ചെയ്യുന്ന തരംതാണ പണിയാണ് കീഴാറ്റൂരിൽ വന്ന വി എം സുധീരനെപ്പോലെയുള്ളവർ ചെയ്യുന്നത്. ആലപ്പുഴയിൽ തീരദേശ റെയിൽവേക്കുവേണ്ടി സമരംചെയ്ത നേതാവാണ് സുധീരൻ. 1977ൽ മൊറാർജി ദേശായി സർക്കാരിന്റെ കാലത്തായിരുന്നു ആ സമരം. അന്നത്തെ കേന്ദ്രത്തിലെ ജനതാപാർടി സർക്കാർ ആലപ്പുഴ തീരദേശ റെയിൽവേ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഏക്കർ നെൽവയലുകളിലൂടെയാണ് തീരദേശ റെയിൽവേ യാഥാർഥ്യമായത്. അന്ന് സുധീരന് തോന്നാത്ത പരിസ്ഥിതിബോധം ഇപ്പോൾ കീഴാറ്റൂരിൽ തോന്നിയത് എന്തുകൊണ്ടാണ്? തിരുവനന്തപുരം‐ കഴക്കൂട്ടം ബൈപാസ് ഒട്ടും വയൽനികത്താതെയാണോ നിർമിച്ചതെന്ന് സുരേഷ്ഗോപി പറഞ്ഞാൽ കൊള്ളാം. അതിന്റെ നിർമാണവേളയിൽ സുരേഷ്ഗോപി എന്താ മൗനംപാലിച്ചത്? അപ്പോൾ കീഴാറ്റൂരിന്റെ കാര്യത്തിൽ പ്രകടിപ്പിക്കുന്ന താൽപ്പര്യം പരിസ്ഥിതിസംരക്ഷണത്തിന്റേതല്ല, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വികസനം പാടിെല്ലന്ന സങ്കുചിത രാഷ്ട്രീയത്തിന്റേതാണ്.

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ നയം. അടിസ്ഥാനസൗകര്യവികസനവും ദേശീയപാത വികസനവും ബൈപാസ് നിർമാണവും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമ്പോൾ, ഇതിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് മതിയായ ആശ്വാസനടപടികൾ നൽകും. വികസനത്തിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്കും സ്ഥലം ഉടമകൾക്കുമൊപ്പമാണ് സിപിഐ എം. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ കച്ചവടസ്ഥാപനങ്ങളുണ്ടെങ്കിൽ സ്ഥലം ഉടമയ്ക്കുമാത്രമല്ല, വ്യാപാരിക്കും ആശ്വാസനടപടി ലഭിക്കണമെന്നതാണ് സിപിഐ എം കാഴ്ചപ്പാട്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുത്തത് കണ്ണൂർ വിമാനത്താവളത്തിനുവേണ്ടിയാണ്. 1996ൽ ഇ കെ നായനാർ സർക്കാരാണ് ഭൂമി ഏറ്റെടുക്കൽപദ്ധതിക്ക് തുടക്കംകുറിച്ചത്. അന്ന് 200 ഏക്കറോളം ഭൂമി ഏറ്റെടുത്തു. പിന്നീടുവന്ന യുഡിഎഫ് സർക്കാർ ഒരുസെന്റ് ഭൂമിപോലും ഏറ്റെടുത്തില്ല. 2006ൽ വി എസ് സർക്കാർ വന്നപ്പോഴാണ് ഭൂമി ഏറ്റെടുക്കൽനടപടി പുനരാരംഭിച്ചത്. അത് തടസ്സപ്പെടുത്താനും സംഘർഷമുണ്ടാക്കാനും ചില യുഡിഎഫ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ആ ഘട്ടത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ, സ്ഥലം ഉടമസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സ്ഥലം വിട്ടുകൊടുക്കാൻ ഉടമകൾ തയ്യാറായി. അന്ന് എൽഡിഎഫ് സർക്കാർ ആ നടപടി സ്വീകരിച്ചില്ലായിരുന്നെങ്കിൽ കണ്ണൂർ വിമാനത്താവളം ‘ആകാശകുസുമ’മായേനെ.

വികസനപദ്ധതികൾക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ചില എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്ത് പരമാവധി ആശ്വാസനടപടികൾ സ്വീകരിച്ച് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. അടിസ്ഥാനസൗകര്യവികസനം, ഗെയിൽ പദ്ധതി തുടങ്ങിയവയിലെല്ലാം എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് ഈ നയസമീപനമാണ്. എന്നാൽ, ഇതിനോട് നിസ്സഹകരിച്ച് ദേശീയപാത വികസനത്തെയും മറ്റ് വികസനപരിപാടികളെയും മുടക്കുന്നതിനുള്ള മഹാസഖ്യത്തിനാണ് കീഴാറ്റൂരിന്റെ മറവിൽ കമ്യൂണിസ്റ്റുവിരുദ്ധർ രൂപംകൊടുക്കുന്നത്. സംഘർഷത്തിന്റെ പാതയിലേക്ക് നീങ്ങാൻ കമ്യൂണിസ്റ്റുകാർക്ക് താൽപ്പര്യമില്ല. പക്ഷേ, ഭീഷണിപ്പെടുത്തിയും സമരാഭാസം നടത്തിയും റോഡ് വികസനവും വികസനപദ്ധതികളും മുടക്കാമെന്ന് കരുതുന്നത് ഭാവികേരളത്തിനുനേർക്കുള്ള വെല്ലുവിളിയാണ്. ഇതിന് പ്രബുദ്ധകേരളം കീഴ്പെടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News