“അലി-ബിയോണ്ട് ദ റിംഗ്”; ബോക്സിംഗ് റിംഗില്‍ ഇതിഹാസം തീര്‍ത്ത മുഹമ്മദ് അലിയുടെ ജീവിതം അരങ്ങിലെത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഐക്കണായ ഇതിഹാസ താരം മുഹമ്മദ് അലിയുടെ ജീവിതവും , റിംഗിനകത്തും പുറത്തും അലി നടത്തിയ പോരാട്ടവും നാടകമാവുന്നു. കൊച്ചിയിലെ കലാപ്രവർത്തകരുടെ കൂട്ടായ്മയായ സെന്‍റെർ ഫോർ കണ്ടമ്പററി ആർട്ടാണ് “അലി-ബിയോണ്ട് ദ റിംഗ്”എന്ന പേരിൽ അലിയുടെ ജീവിതം അരങ്ങിൽ എത്തിക്കുന്നത്.

2018 ഏപ്രിൽ 27, 28, 29 എന്നീ തീയതികളിൽ ഇടപ്പള്ളി പത്തടിപ്പാലം കേരള ഹിസ്റ്ററി മ്യൂസിയത്തിലെ ആംഫി തീയറ്ററിലാണ് നാടക അവതരണം . ചരിത്ര ആഖ്യാനത്തിനും അപ്പുറമായ അനുഭവം സാധ്യമാക്കുന്ന സമകാലീന നാടക രൂപത്തില്‍ ഒരുക്കിയ ALI beyond the ring സംഗീത നൃത്ത രൂപകമാണ്. ഇതില്‍ പ്രധാനമായും അലിയുടെ ജീവിത
പോരാട്ടങ്ങളെ അവതരിപ്പിക്കുന്നു.

സൈക്കിള്‍ കട്ടവനെ ഇടിക്കാനായി, ലോക ചാമ്പ്യന്‍ ആകാനായി, വെള്ളക്കാരുടെ വര്‍ണ്ണ വെറിക്കെതിരെയായി, സ്വന്തം അടയാളത്തിനായി, അമേരിക്കന്‍ യുദ്ധ കൊതിക്കെതിരായി ഒടുവില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനെതിരെ- നിരന്തരമായി പോരാടി കൊണ്ട് ലോകത്തിനു വഴികാട്ടിയ ഒരു കീഴാളന്‍റെ ജീവിത സമരം.

അലിയുടെ ജീവിതം അദ്ദേഹത്തിനു സംഗീതത്തില്‍ ഉണ്ടായിരുന്ന താല്പര്യം പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ ജോയ് പി പി ആവിഷ്കരിക്കുന്നത്. നാടകത്തിന്‍റെ ഗതിയില്‍ നേരിട്ട് ഇടപെടുന്ന രീതിയില്‍ തത്സമയം റെഗ്ഗെ, ഹിപ് ഹോപ്പ്, ജാസ് വിഭാഗത്തില്‍ പെടുന്ന ഗാനങ്ങള്‍ ആലപിക്കുന്ന ബാന്‍ഡ് ഈ നാടകത്തിന്‍റെ പ്രത്യേകതയാണ്.

അലിയുടെ ജീവിതം പിന്നീട് സഞ്ചരിക്കുന്ന വഴിയെ, സൂഫി സംഗീതവും നൃത്തവും കലാപരമായി അടയാളപ്പെടുത്തുന്നു. സംഗീതം സ്വാതന്ത്ര്യത്തിന്‍റെ വഴിയാണ് എന്ന അലിയുടെ നിലപാടുകളെ ഉറപ്പിച്ചുകൊണ്ട് ലോകമെമ്പാടും നടന്നിട്ടുള്ള പോരാട്ട സംഗീതങ്ങള്‍ നാടകത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.

മനസ്സുകളെ സുഖിപ്പിക്കുവാന്‍ മാത്രമല്ല പോരാട്ട സജ്ജരാക്കുവാനും സംഗീതത്തിന് പ്രാപ്തിയുണ്ടെന്ന് ഇതിലൂടെ ഓര്‍മ്മപ്പെടുത്താന്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം ജോഷി പടമാടന്‍റെ നേതൃത്വത്തില്‍ ജോഷ്വ ട്രീഎന്ന മ്യൂസിക്‌ ബാന്‍ഡും.

കേരളത്തിൽ ഏറ്റവും മുതൽ മുടക്കോടെ നിർമ്മിക്കപ്പെട്ട നാടകങ്ങളിൽ മുൻനിരയിൽ ഇടം നേടുന്ന ഈ നാടകത്തിൽ കേരളത്തിലെ ഏറ്റവും പ്രഗൽഭരായ നാടക പ്രതിഭകളാണ് ഒത്തുചേരുന്നത്. മൂന്നു പതിറ്റാണ്ടത്തെ നാടക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ജോയ് പി പി എന്ന സംവിധായകനൊപ്പം സംഗീതത്തിൽ ബിജിബാലും രചനയിൽ മദൻ ബാബുവും കലാ സംവിധാനത്തിൽ സാംകുട്ടി പട്ടങ്കരിയും ലൈറ്റ് ഡിസൈനിൽ ശ്രീകാന്ത് കാമിയോയും ഒത്തു ചേരുന്നു.

പത്രസമ്മേളനത്തില്‍ സെന്‍റെര്‍ ഫോര്‍ കണ്ടമ്പരറി ആര്‍ട്ട് ചെയര്‍മാന്‍ ജോണ്‍സന്‍ വി ദേവസ്സി സെക്രട്ടറി ഇ എസ് സുചീന്ദ്രന്‍ സംവിധായകന്‍ ജോയ് പി പി ചലച്ചിത്ര സംവിധായകരായ മനോജ്‌ അരവിന്ദാക്ഷന്‍ ജയകൃഷ്ണന്‍ എം വി എന്നിവര്‍ പങ്കെടുത്തു .

ചലച്ചിത്ര താരം മണികണ്ഠന്‍ ആചാരി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിക്ക് ആദ്യ ടിക്കറ്റ്‌ നല്‍കി നാടക അവതരണത്തിന്‍റെ ടിക്കറ്റ്‌ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News