റേഡിയോ ജോക്കിയുടെ കൊലപാതകം: ഭര്‍ത്താവിന് പങ്കെന്ന് യുവതി; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ്;പുതിയ വിവരങ്ങള്‍ ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ്. പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം അന്യസംസ്ഥാനങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇതിനിടെ ആര്‍ജെ രാജേഷുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടും പോലീസിനോട് സമ്മതിച്ച് ഖത്തറിലെ മലയാളി യുവതി.

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവിന് പങ്കുണ്ടെന്നും നര്‍ത്തകിയായ യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകികള്‍ സഞ്ചരിച്ച ചുവന്ന സിഫ്റ്റ് കാര്‍ ഫോറന്‍സിക് സംഘം പരിശോധനടത്തി.

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചത്.ക്വട്ടേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് നല്‍കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോഴും പോലീസ് കസ്റ്റഡിയിലുള്ളത്.

ആലപ്പുഴ സ്വദേശിയാണ് ക്വട്ടേഷ സംഘത്തലവന്‍.ഈ വ്യക്തി ഇപ്പോള്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായും പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേറ്റ് ചെയ്താണ് പൊലീസ് ഗ്രൂപ്പ് തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നത്.കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ ചെന്നൈയില്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തുകയാണ്.റൂറല്‍ എസ്സ്പിയുടെ ടീമിലുള്ള സബ് ഇന്‍സ്െപക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം ബാംഗ്ലൂരിലുണ്ട്.എല്ലാ പ്രദേശത്തും പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

പ്രതികള്‍ കൃത്യനിര്‍വ്വഹണത്തിനുശേഷം ഉപേക്ഷിച്ച ചുവന്ന നിറത്തിലുള്ള സിഫ്റ്റ് കാര്‍ കായംകുളത്ത് നിന്ന് ആണ് പൊലീസ് കണ്ടെത്തിയത്.പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധനയും നടത്തി.ഇതിനിടെ രാജേഷുമായുള്ള ഖത്തറിലെ മലയാളി യുവതിയുടെ ബന്ധം സംബന്ധിച്ച് പൊലീസ് സ്ഥിരീകരിച്ചു.രാജേഷുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നതായും രാജേഷിനെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും നര്‍ത്തകികൂടിയായ ഖത്തറിലെ യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കൂടാതെ രാജേഷിന്റെ കൊലപാതകത്തില്‍ തന്റെ ഭര്‍ത്താവിന് പങ്കുണ്ടെന്ന സംശയവും യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.ഇക്കാര്യത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ കുറിച്ച് പോലീസ് ,ഖത്തറില്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണസംഘത്തലവന്‍ അറിയിച്ചു.കൂടുതല്‍ ചോദ്യം ചെയ്യലിനായി അറിയിപ്പ് ലഭിക്കുമ്പോള്‍ നാട്ടിലേക്ക് എത്തണമെന്ന നിര്‍ദ്ദേശവും പോലീസ് യുവതിക്ക് നല്‍കിയിരിക്കുകയാണ്.അതേസമയം രണ്ട് ദിവസത്തിനകം കേസിലെ പ്രതികളെ പിടികൂടുമെന്നാണ് അന്വേഷണസംഘം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News