പെരിങ്ങമ്മല ഇക്ബാൽ സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം ‘വീണ്ടും’ ഓഗസ്റ്റ് 11 ന്

പാലോട്: വിദ്യാ സമ്പന്നരായ ഒരായിരം പേരെ വാർത്തെടുത്ത പെരിങ്ങമ്മല ഇക്ബാൽ എച്ച്എസ്എസിലെ പൂർവ വിദ്യാർഥികളെ ഉൾപ്പെടുത്തി സംഗമം സംഘടിപ്പിക്കാൻ തീരുമാനം. ‘വീണ്ടും’ എന്നു പേരിട്ടിരിക്കുന്ന സംഗമ പരിപാടി ഓഗസ്റ്റ് 11 നു നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയുടെ ഭാഗമായി ഓപ്പൺ എയർ ഓഡിറ്റോറിയം, കവാടം, സ്മാര്‍ട്ട് ക്ലാസ്സ് മുറികൾ എന്നിവയുടെ നിർമാണം, സ്കൂൾ ലൈബ്രറി നവീകരണം എന്നിവ ലക്ഷ്യം വയ്ക്കുന്നു. ഒപ്പം സ്കൂളിന്റെ സമഗ്രവും മാതൃകാപരവുമായ വികസനം സാധ്യമാകാൻ വേണ്ടതൊക്കെ ചെയ്യാമെന്ന ദൃഢ നിശ്ചയത്തിലാണു പൂർവ വിദ്യാർഥികൾ.

ഇതിനു മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു. ഡോ. ബി. ഗോപ കുമാർ(ചെയർമാൻ), റിജു ശ്രീധർ(ജനറൽ കൺവീനർ), തെന്നൂർ ബി. അശോക്(പബ്ലിസിറ്റി കൺവീനർ) എന്നിവരുൾപ്പടെ 25 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൂർവ വിദ്യാർഥി സംഗമത്തിന്റെ നടത്തിപ്പിനായി തിരഞ്ഞെടുത്തു.

ഒപ്പം പൂർവ അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, സീനിയർ അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും സ്വാഗത സംഘ കമ്മിറ്റിയിലുണ്ടാകും. പബ്ലിസിറ്റി കമ്മിറ്റി, ഫുഡ് കമ്മിറ്റി എന്നിവയും തിരഞ്ഞെടുത്തു. സ്കൂൾ തുടങ്ങിയതു മുതൽ ഇക്കഴിഞ്ഞ വർഷം വരെ പഠിച്ചവരുടെ പ്രതിനിധികൾ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് അംഗം പ്രഭാവതി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ജലീൽ വില്ലിപ്പയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. റസീന, ഹെഡ്മിസ്ട്രസ് എസ്. ജാസ്മിൻ, മാതൃഭൂമി ലേഖകൻ തെന്നൂർ ബി. അശോക്, എ. സെയ്ഫുദ്ദീൻ, എസ്. ഷാജഹാൻ, എ.എസ്. ഷാജി, നസീം ബീന, എസ്. ഷീജ ബീഗം, എ.എ. കബീർ എന്നിവർ പ്രസംഗിച്ചു.

സ്കൂളിൽ ഒരു വർഷത്തിനിടെ നടന്ന മാതൃകാ പ്രവർത്തനങ്ങളെ പരിപയപ്പെടുത്തി ‘മികവുത്സവം’ പരിപാടി ഇതിനോടനുബന്ധിച്ചു നടന്നു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സ്കൂൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഓർത്തെടുക്കാനും വിലയിരുത്താനുമുള്ള വേദിയായി പരിപാടി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News