സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിനി രംഗത്ത്

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിനി രംഗത്ത്. മാര്‍ച്ച് 17 ന് തന്നെ തനിക്ക് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ ലഭിച്ചെന്നും ഇതിന്റെ ചിത്രമടക്കം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഉണ്ടായിരുന്നതായും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ലുധിയാനയിലെ ജാന്‍വി ബെഹല്‍ അറിയിച്ചു.

കത്ത് ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല വിദ്യാര്‍ഥിനി വ്യക്തമാക്കി.സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.

28 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ രാജ്യവ്യാപക റാക്കറ്റാണെന്നും സംശയിക്കുന്നുണ്ട്. ഡല്‍ഹിക്ക് പുറമെ ഹരിയാന, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ വന്‍തുകയ്ക്ക് വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്.

ചോദ്യപേപ്പറുകള്‍ക്ക് 35,000 രൂപ വരെയായിരുന്നു ആദ്യവില, പിന്നീട് 5,000 രൂപയ്ക്കും 500നും വിറ്റു. ജാര്‍ഖണ്ഡിലെ ചത്രാജില്ലയില്‍ ആറ് വിദ്യാര്‍ഥികളെയും കോച്ചിങ് സെന്റര്‍ ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ നടത്തണമെന്നും ഇപ്പോഴുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here