ബിജെപിക്കെതിരെ അരയും തലയും മുറുക്കി ശരദ് പവാർ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പു യുദ്ധത്തിനായി അരയും തലയും മുറുക്കി തയ്യാറെടുക്കുകയാണ് എൻ സി പി തലവൻ ശരദ് പവാർ . ബി ജെ പിയുടെ ജനദ്രോഹ ഭരണത്തിനെതിരെ വിശാലമുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവ്.

തെരഞ്ഞെടുപ്പിനു മുന്‍പ് സമാന മനസ്‌കരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് ശരദ് പവാർ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനോടൊപ്പം സഖ്യ കക്ഷിയായിരുന്ന എന്‍.സി.പി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണ് മത്സരിച്ചത്. ഈ അവസരം ശരിക്കും മുതലെടുത്തത് ബി ജെ പി ആയിരുന്നു. ഈ തിരിച്ചറിവാണ് അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം പുനഃസ്ഥാപിന്നതിനെ കുറിച്ച് ഇരുകക്ഷികളും ചിന്തിക്കാൻ തുടങ്ങിയത്.

എന്നാൽ തെരഞ്ഞെടുപ്പിനായി ഉണ്ടാക്കുന്ന വിശാല സഖ്യത്തില്‍ രാജ് താക്കറെയുടെ പാർട്ടിയായ എം.എന്‍.എസിനെ ഉള്‍പ്പെടുത്തുന്നതിനോട് കോൺഗ്രസിന് വിയോജിപ്പുണ്ട്. രാജ് താക്കറെയുടെ പാർട്ടിയെ കൂടെ നിർത്തിയുള്ള സഖ്യത്തിനായി ശരദ് പവാർ നടത്തുന്ന നീക്കത്തിന് കൂട്ട് നിൽക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം.

എന്നാൽ നാഷണൽ കോൺഗ്രസ് പാർട്ടിയുമായി വീണ്ടും കൈ കോർക്കുന്നതിൽ കോണ്‍ഗ്രസിൽ എതിർപ്പില്ലെന്നും സഞ്ജയ് വ്യക്തമാക്കി. ശിവസേന, ബി.ജെ.പി., എം.എന്‍.എസ്., എ.ഐ.എം.ഐ.എം. തുടങ്ങിയ വർഗീയ പാർട്ടികളുമായി സഖ്യമുണ്ടാക്കാന്‍ പാടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതുകൊണ്ടു തന്നെ പ്രാദേശിക പാർട്ടിയായ എം.എന്‍.എസുമായി കൂട്ട് കൂടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നാണ് പവാറിനോട് നിരുപം ആവശ്യപ്പെടുന്നത് .

എന്നാൽ ശരദ് പവാറിന്റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും അടവ് നയങ്ങളെ കുറിച്ചും അറിയാത്തത് കൊണ്ടാണ് സഞ്ജയ് നിരുപം ബാലിശമായ നിലപാടെടുക്കുന്നതെന്നാണ് എന്‍.സി.പി.നേതാവ് സുനില്‍ തട്ക്കറേയുടെ പ്രതികരണം.

എന്തായാലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമ വാക്യങ്ങൾ മാറി മറിയാനുള്ള സാധ്യതകളാണ് പുതിയ നീക്കങ്ങളും അണിയറ ചർച്ചകളും സൂചിപ്പിക്കുന്നത്. ബി ജെ പിയുടെ ദുർഭരണത്തിൽ പൊരുതി മുട്ടിയ ജനങ്ങളും മാറ്റത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News