ഐസിഐസിഐ ബാങ്ക് തട്ടിപ്പ്; വീഡിയോകോണിന് വായ്പ അനുവദിച്ച രേഖകള്‍ പിടിച്ചെടുത്തു; ചന്ദാകൊച്ചാറിന്‍റെ ഭര്‍ത്താവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനം

ഐസിഐസിഐ ബാങ്ക് തട്ടിപ്പില്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ സിബിഐ ചോദ്യം ചെയ്യും. ഐസിഐസിഐ ബാങ്കിന്റെ നോഡല്‍ ഓഫീസറെ സിബിഐ ചോദ്യം ചെയ്തു. ഇയാളില്‍ നിന്ന് സിബിഐ വീഡിയോ കോണിന് വായ്പ അനുവദിച്ച രേഖകള്‍ പിടിച്ചെടുത്തു. വീഡിയോ കോണിന്റെ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂത്തിനെ സിബിഐ ചോദ്യം ചെയ്യുമെന്ന് സൂചന.

2012-ല്‍ വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വീഡിയോകോണിന് 3,250 കോടിയുടെ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് സിബിഐ പ്രാഥമികമായി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഐസിഐസിഐ ബാങ്കിന്റെ നോഡല്‍ ഓഫീസറെ സിബിഐ ചോദ്യം ചെയ്തു.

ഇയാളില്‍ നിന്ന് സിബിഐ വീഡിയോ കോണിന് വായ്പ അനുവദിച്ച രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്യും.

വിഡിയോകോണിന് വായ്പ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ സി.ഇ.ഒ ചന്ദ കൊച്ചാറാണെന്ന് ബാങ്ക് ചെയര്‍മാന്‍ എം.കെ ശര്‍മ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2016-2017 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിംഗ് മേഖലയില്‍ നടന്നത് 18,170 കോടിയുടെ തട്ടിപ്പെന്ന് കണക്കുകള്‍.

മൊത്തം തട്ടിപ്പുകളുടെ എണ്ണമാകട്ടെ 12,553 ഉം. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിരിക്കുന്നത്. 3,893 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.3359 കേസുകളുമായി രണ്ടാം സ്ഥാനത്തുള്ളത് ഐസിഐസിഐ ബാങ്കാണ്. എച്ച്ഡിഎഫ്‌സി ബാങ്കിനാകട്ടെ 2,310 കേസുകളുമാണുള്ളത്.

തുകയുടെ കാര്യത്തില്‍ പിഎന്‍ബിയാണ് മുന്നില്‍. 2,810 കോടി രൂപ. ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 2,770 കോടി രൂപയും എസ്ബിഐയില്‍ നിന്ന് 2,420കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് 2,041കോടി രൂപയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News