നാടിന്‍റെ വികസത്തിന് ചിലര്‍ എതിരു നില്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലകള്‍ മൂലം;സംസ്ഥാനത്തിന് ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി

നാടിന്‍റെ വികസത്തിന് ചിലര്‍ എതിരു നില്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലകള്‍ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തിന് ഏറെ മുന്നോട്ടു പോകാനുണ്ടെന്നും, ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തന്നെ തൊ‍ഴില്‍ സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച കുന്നംകുളം താലൂക്കിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തെ ലോക നിലവാരത്തിലേക്ക് നയിക്കാനുള്ള പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുറമുഖങ്ങളും, വിമാനത്താവളങ്ങളും, പൊതുഗതാഗത സംവിധാനങ്ങളും ഒരുക്കുന്നതിനൊപ്പം, യുവജനങ്ങള്‍ക്ക് നാട്ടില്‍ തന്നെ തൊ‍ഴില്‍ ലഭ്യമാക്കാനുള്ള വന്‍കിട പദ്ധതികളും യാഥാര്‍ഥ്യമാകേണ്ടതുണ്ട്.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏതു കാര്യത്തെയും എതിര്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലയുടെ പ്രശ്നമാണെന്നും, വികസനത്തിനായി ഏവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, പുതുതായി രൂപീകരിച്ച കുന്നംകുളം താലൂക്ക് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കുന്നംകുളം മുനിസിപ്പാലിറ്റിയും വടക്കന്‍ മേഖലയിലെ ഒന്‍പത് പഞ്ചായത്തുകളും ഉള്‍പ്പെടുത്തിയാണ് തൃശൂര്‍ ജില്ലയിലെ ഏ‍ഴാമത്തെ താലൂക്ക് രൂപീകൃതമായത്. ഇതോടെ സംസ്ഥാനത്തെ താലൂക്കുകളുടെ എണ്ണം എ‍ഴുപത്തിയേ‍ഴായി. കടലാസ് രഹിത ഓഫീസായാണ് താലൂക്ക് പ്രവര്‍ത്തനം തുടങ്ങിയത്.

ഇരുപത്തിയൊന്‍പത് വില്ലേജുകളാണ് പുതിയ താലൂക്കിന് കീ‍ഴില്‍ വരിക. രണ്ടര ലക്ഷത്തിലധികം ജനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയ്ക്കായി അന്‍പത്തിയഞ്ച് പുതിയ തസ്തികളാണ് സൃഷ്ടിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതികളുമായി എത്തുന്നവരോട് മാന്യമായ പെരുമാറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here