കവി കടമ്മനിട്ട പുരസ്‌കാരം ചന്ദ്രശേഖര കമ്പാറിന് സമ്മാനിച്ചു

കവി കടമ്മനിട്ട രാമകൃഷ്ണന്റെ സ്മരണാര്‍ഥം കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2018ലെ കടമ്മനിട്ട പുരസ്‌കാരം പ്രശസ്ത കന്നട സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാറിന് കടമ്മനിട്ട സ്മൃതിമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ 10-ാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് അവാര്‍ഡ് സമര്‍പ്പണ സമ്മേളനം നടന്നത്.

കടമ്മനിട്ടയുടെ ഗ്രാമീണ സംസ്‌കൃതിയെ കവിതയിലേക്ക് ആവാഹിച്ച കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണനെങ്കില്‍ കര്‍ണാടകത്തിലെ നാടോടി സംസ്‌കൃതിയെ കവിതയിലേക്ക് സന്നിവേശിപ്പിച്ച മഹാപ്രതിഭയാണ് ചന്ദ്രശേഖര കമ്പാറെന്ന് പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഇരുവരുടെയും കവിതകള്‍ സാമൂഹ്യപ്രതിബദ്ധതയും ഗ്രാമീണജനതയുടെ ഉള്‍ത്തുടിപ്പുകളും ഉള്‍ക്കൊള്ളുന്നവയാണ്. വൈവിധ്യമാര്‍ന്ന ഭാരതസംസ്‌കാരത്തിന്റെ പ്രത്യേകതകളെ തള്ളിക്കളയാനുള്ള പ്രവണതകള്‍ ശക്തമായിട്ടുള്ള സമകാലിക സാഹചര്യത്തില്‍ സാഹിത്യത്തിലൂടെ വൈവിധ്യത്തിന്റെ പ്രാധാന്യത്തെ വിളംബരം ചെയ്യുന്ന കമ്പാറിനെപ്പോലുള്ള സാഹിത്യകാരന്മാരുടെ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

നിരീശ്വരവാദം പ്രചരിപ്പിച്ച ചാര്‍വാകനെപ്പോലും ഉള്‍ക്കൊള്ളുവാനുള്ള വിശാല മനസ്‌കതയാണ് പ്രാചീന ഭാരതത്തിലുണ്ടായിരുന്നത്. ഇത്തരത്തിലുള്ള വിശാലമനസ്‌കതയും സംവാദങ്ങളിലൂടെ സത്യത്തിലേക്ക് മുന്നേറുവാനുള്ള അവസരങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രസിഡന്റെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തിന് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ചന്ദ്രശേഖര കമ്പാറിന് കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു.

കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ എം.എ.ബേബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ.പുരുഷോത്തമന്‍ പിള്ള, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ചലച്ചിത്ര സംവിധായകന്‍ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here