വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; വിവരങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ പിടികൂടാനായി ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് സി ഐ ഭാനുമതി അറിയിച്ചു.

വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ചിത്രങ്ങള്‍ വെട്ടിമാറ്റി അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നൂറോളം പേരുടെ ഫോട്ടകള്‍ മോര്‍ഫ് ചെയ്തതായി പോലീസ് പ്രാഥമികമായി കണ്ടെ്ത്തിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വടകര വനിതാ സെല്‍ സി ഐ ഭാനുമതിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തില്‍ ഒരാഴ്ച മുമ്പാണ് പോലീസിന് രേഖാമൂലം പരാതി ലഭിച്ചത്. ഐ ടി ആക്ട് പ്രകാരം കേസെടുത്താണ് പ്രതികള്‍ക്കായുളള അന്വേഷണമെന്ന് സി ഐ ഭാനുമതി പറഞ്ഞു. ശാസ്ത്രീയ പരിശോധനയും തെളിവെടുപ്പുകളും പുരോഗമിക്കുകയാണ്.

ഒളിവില്‍ കഴിയുന്ന സദയം സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷ് ഉടമകളായ സതീഷ്, ദിനേശ് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റേയും മറ്റ് പോലീസ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് സി ഐ ഭാനുമതി പറഞ്ഞു

വയനാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിലവില്‍ മൂന്ന് പ്രതികളുടേയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. ഇവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴി പ്രതികളെ കണ്ടെത്താനുളള ശ്രമമാണ് നടക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here