പാവങ്ങളുടെയും വേശ്യകളുടെയും കഥ പറഞ്ഞ എ‍ഴുത്തുകാരന് അക്ഷരസ്മാരകം വരുന്നു

പാവങ്ങളുടെയും വേശ്യകളുടെയും കഥ പറഞ്ഞ എ‍ഴുത്തുകാരന് അക്ഷരസ്മാരകം വരുന്നു. പെരുന്ന തോമസിന്റെ കൃതികൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ അക്ഷരസ്നേഹികൾ ശ്രമം തുടങ്ങി.

പത്രപ്രവർത്തകനും കഥാകൃത്തും തൊഴിലാളി സംഘടനാനേതാവുമായിരുന്ന അദ്ദേഹത്തിന്റെ രചനകൾ പുതിയ തലമുറയ്ക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ സംരംഭം.

പെരുന്ന തോമസ് കഥാ സാഹിത്യത്തിൽ തന്റെ പിൻഗാമിയാണെന്ന് വൈക്കം മുഹമ്മദ് ബഷീർ പ്രഖ്യാപിച്ച ഒരു കാലമുണ്ടായിരുന്നു. ഏകമകൾ അജിതയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് എഴുപതുകളുടെ ആദ്യം എഴുത്ത് നിർത്തിയതോടെയാണ് ആ പ്രതീക്ഷ നിറവേറാതെ പോയത്.

ബഷീറിനെപ്പോലെ അലച്ചിലിന്റെ പാരമ്പര്യമുള്ള എ‍ഴുത്തുകാരനായിരുന്നു പെരുന്നയും. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒട്ടേറെക്കാലം ഇന്ത്യ മുഴുവൻ അലഞ്ഞു നടന്നു. പിന്നീട് എറണാകുളത്ത് സ്ഥിരതാമസമാക്കി. പത്രപ്രവർത്തകനും തൊ‍ഴിലാളി നേതാവുമായി. കെ ബാലകൃഷ്ണന്റെ കൗമുദി വാരികയിലൂടെ കേരള കൗമുദിയിലെത്തി. ദീർഘകാലം ആ ദിനപ്പത്രത്തിന്റെ എറണാകുളം ബ്യൂറോ ചീഫായിരുന്നു.

എറണാകുളത്തെ അസംഘടിതരായ ടാക്സി ഡ്രൈവർമാരെ അണിനിരത്തി രൂപവത്ക്കരിച്ച ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായിരുന്നു. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളുമാണ്.

1980 ആഗസ്റ്റ് 30നു 53-ആം വയസിൽ അന്തരിച്ചു. എറണാകുളം പി.ടി ഉഷ റോഡിൽ ഇദ്ദേഹത്തിന്റെ പേരിൽ സ്മാരകമന്ദിരമുണ്ട്.

എന്റെ ചീത്തക്കഥകൾ(1954) ഉൾപ്പെടെ പത്തിലധികം കഥാസമാഹാരങ്ങളുണ്ട്. മറ്റ് കൃതികൾ:“അവൾ”(1945),”എനിക്ക് ദാഹിക്കുന്നു”(1958),“ഭ്രാന്ത് മോഷണം”(1968),“കർത്താവിന്റെ അളിയൻ”(1955),“ദാഹിക്കുന്ന റോസാപ്പൂ”(1957),“പട്ടേലും ചിരുതയും”(1953),“പഴമയുടെ പ്രേതങ്ങൾ”(1967),“മിശിഹാ തമ്പുരാന്റെ വളർത്തപ്പൻ”(1955). എങ്കിലും ഒട്ടേറെ രചനകൾ സമാഹരിക്കപ്പെട്ടിട്ടില്ല.

സമാഹരിച്ചവയും അല്ലാത്തവയും ചേർത്ത് പെരുന്നയുടെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here