റേഡിയോ ജോക്കിയുടെ കൊലപാതകം: പ്രതികള്‍ കാമുകിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍; തെളിവുകളായി വിരലടയാളങ്ങള്‍; പുതിയ വിവരങ്ങള്‍ ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കൊലപാതകം നടത്തിയ ആലപ്പുഴ സ്വദേശികളായ പ്രതികള്‍ വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനാണ് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം കൊലപാതക സംഘം സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഭിച്ച വിരലടയാളം പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.രാജേഷിനെ കൊലപ്പെടുത്തിയവര്‍ ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കാളെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി എല്ലാകേന്ദ്രങ്ങളിലും പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി ആലപ്പുഴ സ്വദേശിയ്ക്കും ചുവന്ന സിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന കായംകുളം സ്വദേശിയ്ക്കുമായാണ് പൊലീസ് ഇന്‍ഡ്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതികള്‍ കൃത്യം നടത്തിയശേഷം ഇന്‍ഡ്യ വിട്ടിട്ടില്ലെന്നാണ് പോലീസ് നിഗമനം.മാസങ്ങളായുള്ള കൃത്യമായ പ്ലാനിംഗിന്റെയും ഹോം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കൊല നടത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.രാജേഷുമായി വഴിവിട്ട ബന്ധമുള്ള ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തത്.ഈ വ്യക്തിയുടെ ഖത്തറിലുള്ള മലയാളി സുഹൃത്തുക്കള്‍ വഴിയാണ് കൊലപാതകം പ്ലാന്‍ ചെയ്ത് നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ സുഹൃത്തുക്കള്‍ ആലപ്പുഴ സ്വദേശികളാണ്. കേസില്‍ പ്രതികളെ പിടികൂടിയാല്‍ ഉടന്‍ തന്നെ ഖത്തറിലുള്ള മലയാളി നര്‍ത്തകിയെ നാട്ടിലേക്ക് വിളിച്ചുവരുത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്ന് അന്വേഷണസംഘത്തലവന്‍ അറിയിച്ചു.ഇതിനിടെ കൊലപാതകികള്‍ സഞ്ചരിച്ച കാര്‍ ഫോറന്‍സിക്,വിരലടയാള വിദ്ധഗരുടെ സംഘം പരിശോധന നടത്തിയിരുന്നു.

കാറില്‍ നിന്ന് കണ്ടെത്തിയ വിരലടയാളം പ്രതികളുടേതെന്ന് തിരിച്ചറിഞ്ഞു.കൂടാതെ വാഹനത്തിലെ സീറ്റില്‍ നിന്നും ഫ്‌ലോര്‍ മാറ്റില്‍ നിന്നും ലഭിച്ച രക്തസാമ്പിളുകള്‍ കൊല്ലപ്പെട്ട രാജേഷിന്റേതാണെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു.7 ടീമുകളായാണ് പൊലീസ് ഇപ്പോള്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.കൊലപാതകികള്‍ ഉപയോഗിച്ച ആയുധവും പൊലീസിന് കണ്ടെത്തേണ്ടതായുണ്ട്.

അതേസമയം ഫോറന്‍സ് പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിക്കുമെന്നും സംഘത്തലവന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്സ്പി അറിയിച്ചു.

പ്രതികളോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്ന രണ്ട്‌പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.രാജേഷിനെ കൊലപ്പെടുത്തുന്നതിനുള്ള എല്ലാ വിവരങ്ങളും ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയ രാജേഷിന്റെ സുഹൃത്തും നാടന്‍പാട്ട് ട്രൂപ്പിലെ കലാകരാനുമായ കൊല്ലം സ്വദേശിയെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.ഖത്തറിലുള്ള മലയാളി യുവതിയുടെ ഭര്‍ത്താവിനെ പിടികൂടാനായി പൊലീസ് സംഘം ഖത്തറിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here