സുവര്‍ണകപ്പടിച്ച് കേരളം; ഇത് കേരളത്തിന്‍റെ ആറാം സന്തോഷം; വംഗനാട്ടില്‍ ബംഗാളിനെ തകര്‍ത്ത് കേരളത്തിന്‍റെ ചുണകുട്ടികള്‍

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ കീ‍ഴടക്കി കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. ഒരു വ്യാ‍ഴവട്ടത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. 2004 – 05 സീസണിലാണ് കേരളം അവസാനമായി കിരീടം നേടിയത്.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും സമനിലപാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ബംഗാളിന്‍റെ ആദ്യ രണ്ട് കിക്കുകളും കേരള ഗോളി മിഥുന്‍ തടഞ്ഞിട്ടതോടെയാണ് കിരീടം വീണ്ടും കേരളമണ്ണിലെത്തിയത്.

മൂന്നും നാലും കിക്കുകള്‍ ബംഗാള്‍ താരങ്ങള്‍ വലയിലെത്തിച്ചെങ്കിലും കേരളത്തിനായി കിക്കെടുത്ത ആര്‍ക്കും പി‍ഴച്ചില്ല. നാലുകിക്കുകളും വലയിലെത്തിയതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് എന്ന ക്രമത്തില്‍ കേരളം കിരീടത്തില്‍ മുത്തമിട്ടു.

ബംഗാളിന്‍റെ മണ്ണില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് കേരളത്തിന്‍റെ കുതിപ്പ്. ഗ്രൂപ്പ് മത്സരത്തിലും ബംഗാളിനെ തോല്‍പ്പിച്ചിരുന്നു കേരളം.

ഇന്ന് നടന്ന കലാശക്കളിയില്‍ ഗംഭീരപ്രകടനം പുറത്തെടുത്താണ് കേരളം സന്തോഷ് ട്രോഫിയില്‍ ആറാം തവണയും മുത്തമിട്ടത്. 19 ാം മിനിട്ടില്‍ എം എസ് ജിതിനിലൂടെ കേരളം മുന്നിലത്തി. 69ാം മിനിട്ടില്‍ ജിതെന്‍ ബംഗാളിനെ ഒപ്പമെത്തിച്ചു.

എക്സ്ട്രാ ടൈമില്‍ വിപിന്‍ തോമസ് കേരളത്തിനായി നിര്‍ണായക ഗോള്‍ നേടിയെങ്കിലും ത്രിത്തംഗാര്‍ ബംഗാളിനായി ഗോള്‍ മടക്കി.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here