പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ടു; ചിതറിയോടി ജനങ്ങള്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ടു. രണ്ട് കിലോ മീറ്ററോളം ആന വിരണ്ടോടി. പരിഭ്രാന്തരായി ചിതറിയോടിയ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് നിലത്ത് വീണ് പരുക്കേറ്റു.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. പുതുപ്പള്ളി മഹാദേവന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ഘോഷയാത്ര പടിഞ്ഞാറേകോട്ടയില്‍ എത്തിയപ്പോള്‍ വെടി പൊട്ടിയ ശബ്ദം കേട്ടാണ് ആന വിരണ്ടത്.

ആന ശബ്ദം കേട്ട് പെട്ടെന്ന് പിന്നിലേക്ക് നീങ്ങിയപ്പോള്‍ പിന്നിലുണ്ടായിരുന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടിയെന്നും പറയുന്നു. ഘോഷയാത്ര സംഘത്തോടൊപ്പമുണ്ടായിരുന്ന എലിഫന്റ് കെയര്‍ യൂണിറ്റ് മയക്കുവെടി വെച്ചെങ്കിലും രണ്ട് കിലോമീറ്ററോളം ആന വിരണ്ടോടി.

വിരണ്ടോടിയ ആന സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു. ചെമ്പകശേരി റോഡിലേക്ക് കയറിയ ആന ഒരു വീടിന്റെ ഗേറ്റും തകര്‍ത്തു. ഈ സമയം മറ്റ് ആനകളും വിരണ്ടോടി. ഘോഷയാത്രയിലുണ്ടായിരുന്ന ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടി.

അക്ഷരവീഥി റോഡിലേക്ക് കയറി നിന്ന ആനയെ പാപ്പാന്‍മാര്‍ തളയ്ക്കുകയായിരുന്നു. ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here