ആലപ്പുഴയില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചത് ആര്‍എസ്എസും ബിജെപിയും തന്നെ; പ്രതികളുടെ ആര്‍എസ്എസ് ബന്ധം തെളിയിക്കുന്ന എഫ്‌ഐആര്‍ പകര്‍പ്പുകള്‍ പീപ്പിളിന്; മുഖ്യപ്രതി 2012ലെ മുസ്ലിം പള്ളി ആക്രമണ കേസിലും പ്രതി #PeopleExclusive

ചെങ്ങന്നൂര്‍: കരിമുളയ്ക്കലെ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച സംഭവത്തില്‍ പ്രതികളുടെ ആര്‍എസ്എസ്-ബിജെപി ബന്ധം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസിലെ മുഖ്യപ്രതിയായ സനു 2012ലെ മുസ്ലിം പള്ളി ആക്രമണ കേസിലെ പ്രതിയാണ്. സനുവിന്റെ കൂട്ടുപ്രതിയായിരുന്നവരില്‍ ആര്‍എസ്എസിന്റെ സംസ്ഥാന നേതാവാണ്.

പളളി ആക്രമണ കേസിലെ മറ്റൊരു പ്രതിയായ കോലാപ്പി അരുണ്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന പഴയ കേസുകളുടെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

പള്ളി ആക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് വാര്‍ത്ത കൊടുത്തതിന് പിന്നാലെ പീപ്പിള്‍ ടിവിക്കെതിരെ പി.എസ് ശ്രീധരന്‍പിള്ളയും ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമനും രൂക്ഷമായ പ്രതികരണം ആണ് നടത്തിയത്. നികൃഷ്ടമായ മാധ്യമ പ്രവര്‍ത്തനം ആണ് ഒരു ചാനല്‍ നടത്തുന്നതെന്നായിരുന്നു പീപ്പിളിന്റെ പേര് എടുത്ത് പറയാതെ അവര്‍ പ്രതികരിച്ചത്.

ഇതോടെയാണ് പ്രതികളുടെ ആര്‍എസ്എസ് ബന്ധം തെളിയിക്കുന്ന തെളിവ് തപ്പി പീപ്പിള്‍ വാര്‍ത്ത സംഘം പുറപ്പെട്ടത്. പ്രതികളായ കോലാപ്പി അരുണും സനുവും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരുമാണ്.

പ്രതികളിലൊരാളായ കോലാപ്പി അരുണ്‍

2012ല്‍ കരിമുളയ്ക്കല്‍ പറയംകുളം മുസ്ലിം പള്ളിക്ക് നേരെ ഉണ്ടായ ആക്രമണ കേസിലെ പതിനെട്ടാം പ്രതിയാണ് സനു.

ഇതേ കേസില്‍ ആര്‍എസ്എസ് സംസ്ഥാന കാര്യവാഹ് ആയിരുന്ന കൃഷ്ണന്‍കുട്ടി, ഹിന്ദു ഐക്യവേദി നേതാവ് വിനോദ്, ചാരുമൂട്ടിലെ ആര്‍എസ്എസ് കാര്യവാഹ് കരിമുളയ്ക്കല്‍ മോഹനന്‍ എന്നീവരടക്കം 19 പ്രതികള്‍ ആണ് ഉള്ളത്. നൂറനാട് പോലീസ് സ്‌റ്റേഷനില്‍ 915 / 2012 എന്ന ക്രൈം നമ്പരില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ നാല് മാസങ്ങള്‍ക്ക് മുന്‍പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 153/A ചുമത്തിയ കേസില്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതിക്കായി പോലീസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

സനു ഇന്ന് വെളുപ്പിന് കരിമുളയ്ക്കല്‍ ക്രിസ്തന്‍ പള്ളി ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ്. കേസിലെ മുഖ്യ പ്രതിയായ കോലാപ്പി അരുണ്‍ ഓമല്ലൂര്‍ സ്വദേശിയായ ഡിവെെഎഫ്ഐ നേതാവ് മനോഹരനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണെന്ന എഫ്‌ഐആര്‍ റിപ്പോര്‍ട് പുറത്തായി.

2008ല്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ 93/ 2008 എന്ന ക്രൈം നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോലാപ്പി അരുണിനൊപ്പം പ്രതികള്‍ ആയവരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ്. പള്ളി ആക്രമണ കേസിലെ മറ്റൊരു പ്രതിയായ സനില്‍ രാജ് കോണ്‍ഗ്രസ് നേതാവും, മാവേലിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബൈജു കലാശാലയുടെ അടുത്ത ബന്ധുവാണ്.

ഇത് ചൂണ്ടികാട്ടിയാണ് പ്രതികള്‍ ആര്‍എസ്എസുകാര്‍ അല്ല എന്ന് ബിജെപി നേതൃത്വം പ്രചരിപ്പിക്കുന്നത്. ചാരുമൂട്ടിലെ പള്ളി ആക്രമണ കേസിലെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പകല്‍ പോലെ വ്യക്ത്യമായിട്ടും അത് മറച്ച് വെച്ച് പീപ്പിള്‍ ടിവിയുടെ മുകളില്‍ കുതിര കയറാന്‍ ആണ് ബിജെപി നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News