സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതിസ്ഥാനത്ത് സംഘപരിവാർ; വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വിഡ്ഢികളാക്കിയതിന് മോദിയും ബിജെപിയും മറുപടി പറയണമെന്ന് എംവി ജയരാജന്‍

രാജ്യത്തെ ലക്ഷക്കണക്കിന്‌ വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളേയും വിഡ്ഢികളാക്കിയതിന്‌ മോദിയും ബി.ജെ.പി യും മറുപടി പറയണം.

സിബിഎസ്ഇ ചോദ്യചോർച്ചയിലും പ്രതിസ്ഥാനത്ത് സംഘപരിവാർ തന്നെ. ജാർഖണ്ഡിൽ സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടത് ഛത്ര ജില്ലയിലെ എ.ബി.വി.പി. ഓർഗനൈസിങ്ങ് സെക്രട്ടറി സതീഷ് കുമാർ പാണ്ഡേയും പ്രവർത്തകനായ പങ്കജ് കുമാറും അടക്കമുള്ള സംഘപരിവാർ കുടുംബത്തിലെ അംഗങ്ങളാണ്.

പ്രധാനമന്ത്രിക്കാണെങ്കിൽ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച പരാതി മാർച്ച് 17ന് തന്നെ 12-ാം ക്ലാസ്സ് വിദ്യാർത്ഥിനി ജാൻവി ബഹൽ നൽകിയിട്ടുണ്ട്. പരാതി നൽകിയ വിദ്യാർത്ഥിനിയാകട്ടെ, സ്വച്ഛഭാരത് പരിപാടിക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ വിദ്യാർത്ഥിനിയുമാണ്.

നരേന്ദ്രമോഡിയുടെ ചെയ്തികളെ വിമർശിച്ച ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ കനയ്യ കുമാറിനെ വെല്ലുവിളിക്കുക പോലും ചെയ്ത ആരാധികയായ ജാൻവിക്ക് അന്ന് മോഡി അഭിനന്ദനമറിയിച്ച് കത്തയക്കുകയുണ്ടായി. എന്നാൽ ഇന്ന് ജാൻവിയുടെ ഗുരുതരമായ പരാതി പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിച്ചു.

ചോദ്യപേപ്പർ ചോർത്തിയെടുക്കുകയും നിശ്ചിത തുക പ്രതിഫലം വാങ്ങി വില്പന നടത്തുകയും ചെയ്ത ഒരു മാഫിയാ സംഘത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ്സിലെ എക്കണോമിക്‌സിന്റെയും പത്താം ക്ലാസ്സിലെ മാത്തമാറ്റിക്‌സിന്റെയും ചോദ്യപേപ്പർ മാത്രമല്ല, മറ്റു വിഷയങ്ങളിലെ ചോദ്യപേപ്പറുകളും ചോർന്നതായി പരാതി ഉയർന്നുവന്നിട്ടുണ്ട്.

ഡൽഹിയിലും ഹരിയാനയിലും മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർന്നതായി ആക്ഷേപവുമുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചോദ്യ ചോർച്ചയ്‌ക്കെതിരായി പ്രതിഷേധം ശക്തമാണ്. കേരളത്തിൽ രണ്ടുവർഷം മുമ്പത്തെ ചോദ്യപേപ്പറാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് കോട്ടയം വടവാതൂർ നവോദയാ സെന്ററിൽ പരീക്ഷയെഴുതിയ അമീയ എന്ന കുട്ടി ചോദ്യപേപ്പറുമായി മാധ്യമപ്രതിനിധികളെ കാണുകയുണ്ടായി.

സ്വതന്ത്രഇന്ത്യയിൽ ഇന്നുവരെ ഉണ്ടായതിൽ ഏറ്റവും കൂടുതൽ പേർ പ്രതികളായ മധ്യപ്രദേശിലെ വ്യാപം അഴിമതി ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഇടനിലക്കാരെ വെച്ച് പരീക്ഷയെഴുതി ഉന്നത ബിരുദങ്ങൾ നേടി ഉയർന്നജോലിയിലെത്താനാണ് ബിജെപി നേതാക്കൾ അവിടെ അരങ്ങൊരുക്കിയത്. ബിജെപി മുഖ്യമന്ത്രിയും ഗവർണരും ഉൾപ്പെടെ ഉന്നതരാഷ്ട്രീയ നേതാക്കളും ശിങ്കിടികളായ ഉദ്യോഗസ്ഥരും പങ്കാളികളായ ‘വ്യാപം’ കേസുമായി ബന്ധപ്പെട്ട 48 പേരാണ് ദുരൂഹമായ രീതിയിൽ കൊല്ലപ്പെട്ടത്. അന്വേഷണങ്ങളൊന്നും ശരിയായ ദിശയിലായിരുന്നില്ല നീങ്ങിയത്.

കേന്ദ്രസർക്കാർ സർവീസിലെ ക്ലറിക്കൽ പോസ്റ്റുകളിലേക്ക് നടത്തിയ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ ചോദ്യപേപ്പറും കഴിഞ്ഞമാസം ചോർന്നിരുന്നു. സംഭവം നടന്ന ഉടൻതന്നെ വിദ്യാർത്ഥികൾ കമ്മീഷൻ ചെയർമാന് പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് ഉദ്യോഗാർത്ഥികൾ നടത്തിയ വലിയ സമരങ്ങൾക്കൊടുവിലാണ് അന്വേഷണപ്രഖ്യാപനം പോലും നടന്നത്.

പരിക്ഷാനടത്തിപ്പുകൾ ചൂതാട്ടങ്ങളായിരിക്കുന്നു. സർക്കാരിന്റെ അനാസ്ഥയാണ് എല്ലാറ്റിനും വളമായിത്തീരുന്നത്.
കേരളത്തിൽ പ്ലസ്ടു ഫിസിക്‌സ് ചോദ്യപേപ്പർ ചോർന്നു എന്ന് വാട്ട്സ് ആപ്പ് വഴി പ്രചരിച്ചപ്പോൾ തന്നെ സംസ്ഥാന പോലീസ്‌മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണവുമാരംഭിച്ചു. ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ ചോദ്യപേപ്പർ ചോർന്നില്ല എന്ന സ്ഥിരീകരണവും മണിക്കൂറുകൾക്കുള്ളിൽ വന്നു. സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയോടെ 28 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നു.

രക്ഷിതാക്കളും കുട്ടികളും ഉൽക്കണ്ഠയിലാണ്. കേന്ദ്രസർക്കാർ ഇത് നിസ്സാരമായി കാണുകയാണ്. വിദ്യാഭ്യാസമേഖലയിൽ അഭിലഷണീയമല്ലാത്ത ഇത്തരം നടപടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here