രാജേഷിനെ കൊലപ്പെടുത്താനല്ല, കൈകാലുകള്‍ മുറിച്ചുമാറ്റാനാണ് നിര്‍ദ്ദേശം ലഭിച്ചത്; മലയാളി നര്‍ത്തകിയെയും ഭര്‍ത്താവിനെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താനല്ല, മറിച്ച് കൈകാലുകള്‍ മുറിച്ചുമാറ്റാനാണ് ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചതെന്ന് പൊലീസ്.

രാജേഷിന്റെ സുഹൃത്തായ ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

നര്‍ത്തകിയായ യുവതിയുടെ ഭര്‍ത്താവിനെയും പ്രതി ചേര്‍ത്തതായും കേസിലെ രണ്ടുപ്രതികളുടെ ഒളിവുകേന്ദ്രത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

രാജേഷിനെ കൊലപ്പെടുത്താനല്ല മറിച്ച ഒരു കൈയ്യും രണ്ട്കാലുകളും വെട്ടിയെടുക്കാനാണ് ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചതെന്ന വസ്തുതയാണ് പൊലീസ് വ്യക്തമാക്കുന്നത്.

കായംകുളം സ്വദേശിയായ ക്വട്ടേഷന്‍ സംഘത്തലവനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ വ്യക്തി തന്റെ സഹായിയുമൊത്ത് രാജേഷിന്റെ മടവൂരിലുള്ള സ്റ്റുഡിയോയില്‍ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് എത്തിയിരുന്നു.

രാജേഷിനെ നേരില്‍ കണ്ട് മുഖം കൂടുതല്‍ പരിചിതമാക്കാനായിട്ടാണ് ഇങ്ങനെ കൂടിക്കാഴ്ച നടത്തിയത്. രാജേഷിനോട് ഒരു ഡോക്യുമെന്ററി നിര്‍മ്മാണത്തില്‍ സഹായിക്കണമെന്നും പ്രതികള്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, താന്‍ നാട്ടിലുണ്ടാവില്ല. ചെന്നൈയില്‍ ജോലിക്ക് പോകുകയാണെന്നും പിന്നീട് ഒരിക്കല്‍ സഹകരിക്കാമെന്നും ക്വട്ടേഷന്‍ സംഘത്തോട് രാജേഷ് അറിയിച്ചു.

തുടര്‍ന്ന് പ്രതികളായ രണ്ടുപേരും അവിടെ നിന്ന് മടങ്ങി. ഈ കാര്യങ്ങള്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നിരിക്കുന്നത്.

കൂടാതെ ഇതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയുടെ പേര് പറഞ്ഞ് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി രാജേഷിന്റെ കൈകാലുകള്‍ വെട്ടിയെടുക്കാനായിരുന്നു ക്വട്ടേഷന്‍ സംഘം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ രാജേഷ് സ്ഥലം വിടുമെന്ന് ഉറപ്പായതോടെ സംഘം പ്ലാന്‍ മാറ്റി, മടവൂരിലെ സ്റ്റുഡിയോയിലെത്തി രാജേഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

കൈപ്പത്തി വെട്ടി മാറ്റിയ പ്രതി കാലുകള്‍ മുട്ടിന് താഴെ വച്ച് വെട്ടി നുറുക്കി. ശേഷം സിഫ്റ്റ് വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുകയാണ്. രാജേഷിനെ കൊലപ്പെടുത്തുന്ന തരത്തില്‍ തലയിലോ കഴുത്തിലോ ഏതോരു മുറിവും രാജേഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

രക്തം വാര്‍ന്നാണ് രാജേഷ് മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ രാജേഷ് രക്ഷപ്പെടുമായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.

അതേസമയം, ക്വട്ടേഷന്‍ നല്‍കിയ ഖത്തറിലെ മലയാളി യുവതിയുടെ ഭര്‍ത്താവിനെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. രാജേഷുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന ആലപ്പുഴകാരി നര്‍ത്തകിയെ നാട്ടിലെത്തിക്കാനും പൊലീസ് നടപടി സ്വീകരിച്ചു.

കേസിലെ രണ്ട് പ്രതികളുടെയും ഒളിത്താവളത്തെ കുറിച്ച് സൂചന ലഭിച്ചതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here