പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റ് വസന്തം; ക്രിക്കറ്റ് ചരിത്രത്തിലെ ഗംഭീരവിജയം കുറിച്ചു; നാണക്കേടിന്‍റെ ചരിത്രവുമായി ക്രിക്കറ്റിലെ പ‍ഴയ രാജാക്കന്‍മാര്‍

കറാച്ചി: പാക്കിസ്ഥാനില്‍ വീണ്ടും ക്രിക്കറ്റ് വസന്തം. 9 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് പാക്കിസ്ഥാനില്‍ തിരികെയെത്തി.

ആദ്യ പോരാട്ടത്തിന് വിരുന്നെത്തിയതാകട്ടെ ഒരു കാലത്ത് ലോകക്രിക്കറ്റിനെ വിറപ്പിച്ച കിരീടം വയ്ക്കാത്ത രാജക്കന്‍മാരും. കളി തുടങ്ങിയതോടെ സ്വന്തം മണ്ണില്‍ പാക്കിസ്ഥാന്‍ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു.

വെസ്റ്റിന്‍ഡീസിനെ നാണം കെടുത്തി ഗംഭീരവിജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. 143 റണ്‍സിനായിരുന്നു വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ടി ട്വന്‍റി ചരിത്രത്തിലെ പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച വിജയം കൂടിയായിരുന്നു കറാച്ചിയിലേത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 203 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസിന്‍റെ ബാറ്റിംഗ് 60 റണ്‍സില്‍ അവസാനിച്ചു. വിന്‍ഡീസിന്‍റെ  ഏറ്റവും കുറഞ്ഞ ട്വന്റി-20 സ്കോര്‍ കൂടിയാണിത്.

അരങ്ങേറ്റ മൽസരം കളിച്ച ഹുസൈന്‍ ടാലറ്റ് 41 റണ്‍സുമായി പാക് നിരയിലെ ടോപ്പ് സ്‌കോററായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ്ഇന്‍ഡീസിനെ  മുഹമ്മദ് ആമിര്‍, മുഹമ്മദ് നവാസ്, ഷോയ്ബ് മാലിക്ക് എന്നിവര്‍ ചേര്‍ന്ന് ചുരുട്ടികെട്ടുകയായിരുന്നു.

മാര്‍ലോണ്‍ സാമുവല്‍സ് (18), റയാദ് എമ്രിറ്റ് (11), കീമോ പോള്‍ (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 2009 മാർച്ചില്‍ ലാഹോറില്‍ വച്ച് ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ വെടിവയ്പുണ്ടായ സംഭവത്തിന് ശേഷം ഇതാദ്യമായാണ് കറാച്ചിയില്‍ ക്രിക്കറ്റ് മടങ്ങിയെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here