ജസ്റ്റിസ് ലോയയുടെ മരണം; മഹാരാഷ്ട്ര മന്ത്രിയുടെ സുഹൃത്തായ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി; ബിജെപി ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ദില്ലി: ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മഹാരാഷ്ട്രയിലെ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഡോക്ടര്‍, ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നും കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രേഖകള്‍ പ്രകാരം, നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. എന്‍കെ തുംറാം ആണ് പോസ്റ്റ് മോര്‍ട്ടം നടത്തിയിരിക്കുന്നത്.

എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ ധനമന്ത്രിയായ സുധീര്‍ മുംഗന്‍തിവാറിന്റെ ബന്ധുവായ ഡോ. മകരന്ദ് വ്യവഹാരെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന് കാരവന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു

മഹാരാഷ്ട്ര ബിജെപി സര്‍ക്കാരില്‍ രണ്ടാമനെന്ന പദവിയുള്ള വ്യക്തിയാണ് സുധീര്‍ മുംഗന്‍തിവാര്‍. 2014ലായിരുന്നു ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പോസ്റ്റ് മോര്‍ട്ടം നടത്താന്‍ വ്യവഹാരെ പ്രത്യേക താതപര്യമെടുത്തിരുന്നു.

തലയുടെ പരിശോധനയുമായി ബന്ധുപ്പെട്ട് തന്നെ ചോദ്യം ചെയ്ത ജൂനിയര്‍ ഡോക്ടറെ ഇയാള്‍ വഴക്കുപറയുകയും ചെയ്തതായി പങ്കെടുത്ത മറ്റുള്ളവര്‍ വെളിപ്പെടുത്തി.

ലോയയുടെ തലക്കുപിന്നിലെ മുറിവുപരിശോധിക്കുന്ന സമയത്താണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കുപിന്നില്‍ മുറിവില്ലെന്നാണ് വിശദീകരിക്കുന്നത്. എന്നാല്‍ മുറിവുണ്ടായിരുന്നതായി മറ്റു ജീവനക്കാര്‍ ഉറപ്പിച്ചു പറയുന്നു

റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ഇവര്‍ വിശദീകരിച്ചു.

അതേസമയം, വ്യവഹാരെയുടെ നിരന്തര പീഡനം സഹിക്കവയ്യാതെ 2015 നവംബര്‍ 15ന് മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനും ശ്രമം നടത്തിയിരുന്നു. ഡോ. നിതിന്‍ ഷര്‍നാഗാട്ടാണ് അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here