
ഉഡുപ്പി ജില്ലയിലെ കർക്കല ഗോമതേശ്വര ബാഹുബലിയുടെ നാട്ടിലെത്തിയ മുനീര്‍ ഹുസൈന്‍ എന്ന യുവാവാണ് താന്‍ കണ്ട മനോഹരകാഴ്ചകളെക്കുറിച്ച് സഞ്ചാരിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
ഉഡുപ്പി ജില്ലയിലെ കർക്കല ഗോമതേശ്വര ബാഹുബലിയുടെ നാട്ടിൽ. അത്ഭുതമാണു ആ ഭീമൻ ഒറ്റക്കൽ പ്രതിമ..
ഭൂമിയിൽ കാലുറപ്പിച്ച്, ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് മുഖത്ത് പുഞ്ചിരിയോടെ നിൽക്കുന്ന രീതിയിലാണ് ഈ ശില്പം തീർത്തിരിക്കുന്നത്. കായോത്സര്‍ഗ – അതായത് ശരീരം വെടിയുന്നതിനു മുമ്പുള്ള അവസ്ഥ ജൈനർ ഈ നിൽപ്പിനെ വിശേഷിപ്പിക്കുന്നു.
മംഗലാപുരത്ത് നിന്നും ധർമ്മസ്ഥലയിലേക്കുള്ള വഴിയിൽ കുറച്ച് അകത്തേക്കായി അർവ്വ എന്നൊരു കൊച്ചു ഗ്രാമത്തിൽ നിന്നാണു യാത്രയാരംഭിച്ചത്. കുരുമുളകും കവുങ്ങും കൊക്കോയും ഒക്കെ സുലഭമായി വിളയുന്ന മണ്ണാണു അർവ്വയിലേയും പരിസര ഗ്രാമങ്ങളിലേയും.
പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഒറ്റക്ക് ഇറങ്ങിയ യാത്രയിൽ കണ്ടത് നാനാഭാഗത്തും പച്ചവിരിച്ച തനി ഗ്രാമീണ കാഴ്ച്ചകൾ..!
വൻമരങ്ങൾ തണൽ വിരിച്ച സുന്ദരമായ റോഡിലൂടെ രാവിലെത്തന്നെ യാത്ര തിരിച്ചു.
കർക്കലയിൽ എത്തുന്ന വരെ തണലും കുളിരും കൂട്ടിനുണ്ടായുരുന്നു. കർക്കല അങ്ങാടി എത്തിയപ്പോഴേക്കും വെയിലിനു ചൂടുകൂടി.
ഉത്തരേന്ത്യയിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ എത്തിയിട്ടുണ്ട്. കുട്ടികളും കൗമാരക്കാരും വൃദ്ധരുമടക്കം ഭക്തിയുടെ നിറവിലാണു.
രണ്ട് ബസ്സിലായി വന്ന ഓറഞ്ച് യൂണിഫോം അണിഞ്ഞ സ്കൂൾ കുട്ടികൾ കരിങ്കൽപടവിന്റെ വശങളിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു.
വെയിലിന്റെ കാഠിന്യം വകവെക്കാതെ മുകളിലേക്ക് കയറാൻ ആരംഭിച്ചു.
ഭീമാകാരമായ വലിയൊരു പാറക്കെട്ടിനു മുകളിലേക്ക് കരിങ്കല്ലിൽ കൊത്തിവെച്ച നൂറുകണക്കിനു പടികൾ കയറിവേണം ഗോമതേശ്വര പ്രതിമക്ക് അടുത്തെത്താൻ. ബാഹുബലി എന്നും അറിയപ്പെടുന്ന ഈ ഗോമതേശ്വര പ്രതിമ പൂർണനഗ്നനാണ്.
ഇതെങ്ങനെ ഇവിടെ നിർമ്മിച്ചു എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്ത ഒരു വിസ്മയമായി ഇന്നും മനസ്സിൽ ബാക്കി നിൽക്കുന്നു..
കർണ്ണാടകയുടെ പലഭാഗത്തുമായി ഇത്തരം നാലോളം കരിങ്കൽ പ്രതിമകൾ ഉണ്ട്. ഹാസ്സൻ ജില്ലയിലെ ശ്രാവണബലഗോളയിലെ 57 അടി (18 മീറ്റർ) നീളമുള്ള പ്രതിമയാണു ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here