നിങ്ങള്‍ പറയുന്നതുപോലെ കളിക്കാനാകില്ല; ബിസിസിഐക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നായകന്‍ വിരാട് കൊഹ്ലി ശീതയുദ്ധത്തിലാണ്. മത്സരങ്ങളുടെ ആധിക്യത്തിന്റെ പേരില്‍ നേരത്തെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി വിരാട് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. അന്ന് കൊഹ്ലിക്കുമുന്നില്‍ ബിസിസിഐ മുട്ടുമടക്കി.

പ്രമുഖ താരങ്ങള്‍ക്ക് ആവശ്യത്തിലധികം വിശ്രമം നല്‍കുന്ന പ്രവണതയ്ക്ക് ബിസിസിഐയെ കൊണ്ട് തുടക്കമിടീക്കാന്‍ ഇന്ത്യന്‍ നായകന്റെ പരസ്യവിമര്‍ശനത്തിന് സാധിച്ചു.

ഇപ്പോഴിതാ വീണ്ടും ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് വിരാട് രംഗത്തെത്തിയിരിക്കുകയാണ്. പിങ്ക് ബോളില്‍ കളിക്കേണ്ട ഡേ നൈറ്റ് ടെസ്റ്റാണ് ഇക്കുറി വിഷയം. ബിസിസിഐയ്ക്ക് തോന്നുംപോലെ കളി നിശ്ചയിച്ചാല്‍ കളിക്കാന്‍ വേറെ ആളെ നോക്കണം എന്ന നിലപാടിലാണ് ഇന്ത്യന്‍ നായകന്‍.

പകലും രാത്രിയുമായി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച ബിസിസിഐ അതിന് ആവശ്യമായ പരിശീലനങ്ങളും മുന്നൊരുക്കങ്ങളും ഇന്ത്യന്‍ ടീമിന് നല്‍കാത്തതാണ് കൊഹ്ലിയെ പ്രകോപിപ്പിച്ചത്.

ഫ്‌ലെഡ് ലൈറ്റില്‍ പിങ്ക് ബോളില്‍ കളിക്കാനുള്ള പ്രാപ്തി ഇന്ത്യന്‍ ടീമിനായിട്ടുണ്ടോയെന്ന കാര്യം ബിസിസിഐ പരിശോധിച്ചിട്ടില്ലെന്നും കൊഹ്ലി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 അവസാനത്തോടെ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയില്‍ ആദ്യ പകല്‍ രാത്രി ടെസ്റ്റ് പരമ്പര സംഘടിപ്പിക്കുമെന്നാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. മുതിര്‍ന്ന താരങ്ങളുമായി പോലും കൂടിയാലോചിക്കാതെയുള്ള ബിസിസിഐയുടെ പ്രഖ്യാപനത്തിനെതിരായാണ് ഇന്ത്യന്‍ നായകന്‍ രംഗത്തുവന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്തായാലും കൊഹ്ലിയുടെ നിലപാട് ബിസിസിഐക്ക് തലവേദനയാകുമെന്നുറപ്പാണ്. വിഷയത്തില്‍ ബിസിസിഐ പരിഹാരം കണ്ടില്ലെങ്കില്‍ പരസ്യവിമര്‍ശനത്തിന് പോലും കൊഹ്ലി മടിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News