ദളിത് സംഘടനകളുടെ ഭരത് ബന്ദില്‍ ഉത്തരേന്ത്യ കത്തുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി; ഒന്‍പത് മരണം; മധ്യപ്രദേശിലും രാജസ്ഥാനിലും കേന്ദ്രസേന ഇറങ്ങി

എസ്‌സി എസ്ടി നിയമഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക അക്രമം. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും സമരാനുകൂലികള്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

മധ്യപ്രദേശിലും രാജസ്ഥാനിലും കേന്ദ്രസേനയെ വ്യന്യസിച്ചു. അതേ സമയം പൊലീസ് വെടിവെയ്പ്പിനെ സിപിഐഎം ശക്തമായി അപലപിച്ചു. അക്രമത്തിന് കാരണം മോദി സര്‍ക്കാരിന്റെ പരാജയമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

എസ്‌സി എസ്ടി നിയമം ദുര്‍ബലമാക്കിയ സുപ്രീംകോടതി നടപടിയില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദാണ് വ്യാപക അക്രമമായി മാറിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമം ഉണ്ടായത്. മധ്യപ്രദേശിലും രാജസ്ഥാനിലും സമരാനുകൂലികള്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും, നിരവധി വാഹനങ്ങള്‍ക്കും തീവെച്ചു.രാജസ്ഥാനിലെ അല്‍വാറില്‍ പൊലീസ് രണ്ടിടങ്ങളില്‍ വെടിവെയ്പ്പ് നടത്തി.

ഇതില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ആറ് പേരാണ് മരിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റരണ്ടിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്രസേനയും രംഗത്തിറങ്ങി. ദളിത് സംഘടനകളുടെ പ്രക്ഷോഭത്തില്‍ ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും റെയില്‍ ഗതാഗതും റോഡ് ഗതാഗതവും താറുമാറായി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബ് സര്‍ക്കാരും കേന്ദ്രസേനയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. അക്രമം വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍പുനപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വിശ്വാസമില്ലെന്നാണ് ദളിത് സംഘടനകളുടെ നിലപാട്.

പുനപരിശോധനാ ഹര്‍ജി അടിയന്തരമായി പരിണിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നിലപാട് കടുപ്പിച്ചു.അതിനിടയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രംഗത്തെത്തി. പൊലീസ് നടത്തിയ വെടിവെയ്പ്പിനെ ശക്തമായി അപലപിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അക്രമത്തിന്റെ കാരണം മോദി സര്‍ക്കാരിന്റെ പരാജയമെന്നും കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News