ബിജെപി സര്‍ക്കാരുകളെ വിറപ്പിച്ച് കിസാന്‍ സഭ; ഹിമാചലിലും കര്‍ഷകരുടെ ലോങ്മാര്‍ച്ച്; നിയമസഭ വളയൽ ഇന്ന്

രാജ്യത്താകമാനം അലയടിക്കുന്ന കർഷക രോഷത്തിന്റെ തുടർച്ചയെന്നോണം ഇന്ന് ഹിമാചൽ പ്രദേശിലും കർഷകർ അവകാശങ്ങൾക്കായി തെരുവിലിറങ്ങും.

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഹിമാചൽ നിയമസഭാ മന്ദിരം വളയുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

സ്വാമിനാഥൻ കമ്മീഷൻ നിർദേശങ്ങൾ നടപ്പാക്കുക, എല്ലാ ചെറുകിട ഇടത്തരം കർഷർക്കും അഞ്ചേക്കർ വീതം കൃഷിഭൂമി അനുവദിക്കുക, പാലിനും പാലുല്പന്നങ്ങൾക്കും ന്യായമായ താങ്ങു വിലയേർപ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക, വിളകൾ നശിപ്പിക്കുന്ന കുരങ്ങു് ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചിരിക്കുന്നത്.

ജനസംഖ്യയുടെ 60 ശതമാനവും കർഷകവൃത്തി ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്ന ഹിമാചലിൽ ആകെ ഭൂമിയുടെ 11 ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളു.

അത് കൊണ്ട് തന്നെ വനഭൂമിയിൽ കൃഷി ചെയ്യാൻ ഹിമാചൽ കർഷകർ നിര്ബന്ധിതരാകുകയാണ്. ഭൂരിപക്ഷം വരുന്ന ചെറുകിട ഇടത്തരം കർഷകർ ഇത്തരം വനഭൂമികളെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നതും.

എന്നാൽ കൃഷി ചെയുന്ന കർഷകനെ കയ്യേറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സർക്കാർ അവരെ ഭൂമിയിൽ നിന്ന് പുറത്താക്കുന്നത് ഹിമാചലിൽ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.

കൂടാതെ വിളവ് നൽകുന്ന ആപ്പിൾ, ഓറഞ്ച് മരങ്ങളും വ്യാപകമായി സർക്കാർ മുറിക്കുന്നു .

ഒരു ലിറ്റർ പാലിന് കിട്ടുന്ന 15 രൂപ ഉപയോഗിച്ച് എങ്ങനെ ഉപജീവനം നടത്തുമെന്ന് ക്ഷീര കർഷകർ ചോദിക്കുന്നു. അതിനാൽ തന്നെ ഒരു ലിറ്റർ പാലിന് 30 രൂപ ന്യായവില ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

കുരങ്ങ് ശല്യം പരിഹരിക്കാനെന്നോണം ലക്ഷങ്ങൾ ചിലവഴിച്ചു നടത്തിയ വന്ധ്യംകരണ പരിപാടിയും ലക്ഷ്യം കണ്ടില്ലെന്നു ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ തന്നെ കാർഷിക രംഗത്തെ സർക്കാരിന്റെ ഉദാസീനത വ്യക്തമാവുകയാണ്.

നിലവിൽ ഉൽപ്പന്നങ്ങൾക്കു നാമമാത്രമായ കൂലി കിട്ടുന്ന ഹിമാചലിലെ കർഷകർ നടത്തുന്നത് അതിജീവനത്തിന്റെ പോരാട്ടമാണ്.

രാജ്യത്തെ പിടിച്ചുലച്ച മുംബൈ ലോങ്ങ് മാർച്ചിൽ നിന്നും ആവേശമുൾക്കൊണ്ടാണ് കിസാൻ സഭ ഹിമാചൽ പ്രദേശിലും കർഷക പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here