മധ്യപ്രദേശിലും പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു; ഇടനിലക്കാരും ഉദ്യോഗാര്‍ഥികളും പിടിയില്‍

ദില്ലി: രാജ്യത്തെ പിടിച്ചുലച്ച പ്രമാദമായ സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നാലെ മധ്യപ്രദേശിലും പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വാച്ച്മാന്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇടനിലക്കാരായ രണ്ടുപേരെ മധ്യപ്രദേശ് ടാസ്‌ക്‌ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ലക്ഷങ്ങള്‍ കൊടുത്ത് ചോദ്യപേപ്പര്‍ വാങ്ങിയ 48 ഉദ്യോഗാര്‍ഥികളെയും പിടികൂടി.

വാച്ച്മാന്‍ തസ്തികയിലേക്കുള്ള 217 ഒഴിവിലേക്കായിരുന്നു പരീക്ഷ. രാജ്യമൊട്ടുക്കുള്ള വിവിധ കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തിലേറെ പേരാണ് ഏപ്രില്‍ ഒന്നിന് പരീക്ഷയെഴുതിയത്.

ഗ്വാളിയര്‍, ഭോപാല്‍ എന്നിവിടങ്ങളില്‍ ചോദ്യപേപ്പര്‍ ചേര്‍ത്തിയെന്ന രഹസ്യവിവരത്തെതുടര്‍ന്ന് മധ്യപ്രദേശ് ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ റെയ്ഡിലാണ് ഇടനിലക്കാരെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി സ്വദേശികളായ അശുതോഷ്‌കുമാര്‍, ഹരീഷ്‌കുമാര്‍ എന്നിവരെയാണ് ഗ്വാളിയറിലെ സിദ്ധാര്‍ഥ ഹോട്ടലില്‍വച്ച് അറസ്റ്റ് ചെയ്തത്. ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങിയതെന്നു കരുതുന്ന ലക്ഷക്കണക്കിനു രൂപയും പിടിച്ചെടുത്തു.

അറസ്റ്റിലായ രണ്ടുപേരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നും കണ്ടെത്തി. വിവിധയിടങ്ങളില്‍നിന്നായി 48 ഉദ്യോഗാര്‍ഥികളെയും അറസ്റ്റ് ചെയ്തു.
അഞ്ചു ലക്ഷം രൂപ വാങ്ങിയാണ് ഇടനിലക്കാര്‍ ചോദ്യപേപ്പര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറിയതെന്ന് അന്വേഷകസംഘം കണ്ടെത്തി.

കേസ് രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണം നടക്കുന്നതായും മധ്യപ്രദേശ് ടാസ്‌ക്‌ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News