‘ഇടി വെട്ടിയവനെ പാമ്പ് കടിച്ചു’ അവസ്ഥയില്‍ കേരള ബിജെപി

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങള്‍ ഒരേ പോലെ അകന്നത് BJPക്ക് തിരിച്ചടിയായേക്കും.

BDJSന്റെ അകല്‍ച്ചക്കൊപ്പം മണ്ഡലത്തിലെ പ്രബല സമുദായ NSSന്റെ അപ്രീതി ഉണ്ടായതും തെരഞ്ഞെടുപ്പില്‍ പ്രതികൂല ഘടകം ആയേക്കും എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. കരിമുളയ്ക്കലെ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച പ്രതികളുടെ സംഘപരിവാര്‍ ബന്ധം കൂടി പുറത്തായത് BJPയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തളളി വിടുകയാണ്.

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ ചേരുന്നത് BJPയുടെ കേരള ഘടകത്തിനാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ അടക്കം ഉള്ള നിയോജക മണ്ഡലങ്ങളില്‍ NDAയെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച BDJS ഇടഞ്ഞ് നിന്ന് വിലപേശല്‍ തുടരുന്നതിനാല്‍ ചെങ്ങന്നൂരില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതിനിടയിലാണ് RSSന്റെ തൊഴിലാളി പ്രസ്ഥാനമായ BMS ചങ്ങനാശേരിയിലെ NSS ആശുപത്രിയില്‍ കയറി കാട്ടിയ അക്രമം BJP ക്ക് തിരിച്ചടിയാവുന്നത്. മണ്ഡലത്തിന്റെ പ്രബല സമുദായമായ NSS അംഗങ്ങളേയും, അനുഭാവികളേയും ഈ സംഭവം ചൊടിപ്പിച്ചിട്ടുണ്ട്.

പല രൂപത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും NSS ഇപ്പോഴും BJPയോട് അകല്‍ച്ച തുടരുകയാണ്. അതിനിടെ ഉണ്ടായ ആശുപത്രി അക്രമം ചെങ്ങന്നൂരില്‍ പ്രതിഫലിക്കുമെന്നത് ഉറപ്പാണ്.

മണ്ഡലത്തിലെ പ്രബല വിഭാഗമായ ക്രിസ്തന്‍ സഭകളുടെ പിന്തുണ ഉറപ്പാക്കാന്‍ BJP പല വിധത്തിലുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പള്ളിക്ക് നേരെ നടന്ന ആക്രമണം ക്രിസ്ത്യന്‍ വിശ്വാസികളെയും വ്രണപ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് BJP നേത്യത്വം വ്യക്തമാക്കിയതിന് പിന്നാലെ പ്രതികളുടെ സംഘപരിവാര്‍ ബന്ധം പുറത്തായത് ബിജെപിയെ നല്ല രൂപത്തില്‍ സമ്മര്‍ദ്ധത്തില്‍ ആക്കിയിട്ടുണ്ട്.

മണ്ഡലത്തില്‍ തെറ്റില്ലാത്ത വോട്ട് ഉള്ള വിവിധ പെന്തകോസ്റ്റ വിഭാഗങ്ങളും BJPയോട് ഇടഞ്ഞ് നില്‍ക്കുകയാണ്. തിരുവല്ല കുമ്പനാട് പെന്തകോസ്റ്റ് വിഭാഗത്തിന്റെ സ്ഥലത്ത് ഏതാനും മാസങ്ങള്‍ക്ക് BJP കൊടികുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഈ വിഭാഗത്തെയും BJP യില്‍ നിന്ന് അകറ്റി.

സമീപകാലം വരെ ഭരിച്ചിരുന്ന തിരുവന്‍മണ്ടൂര്‍ പഞ്ചായത്ത് ഭരണം അടുത്തിടെ നഷ്ടപ്പെട്ടതും ചെറുതല്ലാത്ത പ്രതിസന്ധിയാണ് BJPക്ക് ഉണ്ടാക്കിയിരിക്കുന്നത്.

പെട്രോള്‍ വില വര്‍ദ്ധനവ് അടക്കം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയാകുന്നതോടെ കഴിഞ്ഞ തവണ ലഭിച്ച 42000 വോട്ടുകള്‍ ഇത്തവണ ലഭിക്കില്ലെന്ന വിലയിരുത്തല്‍ BJP യില്‍ ഉണ്ട്.

തുഷാര്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിഡിജെഎസിനെ പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്‍ത്തണം എന്ന ചര്‍ച്ചയും അണിയറയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഒരു മണ്ഡത്തിലെ ഏതാണ്ട് എല്ലാ സാമുദായ സംഘടനകളും ഒരേ സമയം തെറ്റി നില്‍ക്കുന്നത് BJPക്ക് കനത്ത വെല്ലുവിളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News