ഭാരത് ബന്ദിനിടെ ദളിതര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവ്; പ്രതിഷേധത്തിനിടെ കയറികൂടി കലാപം സൃഷ്ടിക്കാന്‍ നീക്കം; മരണം 12 ആയി; പുനഃപരിശോധന ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

ദില്ലി: ഭാരത് ബന്ദിനിടെ ഗ്വാളിയറില്‍ ദളിതരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവാണെന്ന് റിപ്പോര്‍ട്ടുകള്‍.

കടുത്ത സംഘപരിവാര്‍ അനുഭാവിയായ രാജാ സിംഗ് ചൗഹനാണ് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രതിഷേധ മാര്‍ച്ചിനിടെ ഇയാള്‍ കൈത്തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടത്.

അതേസമയം, സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി.

മധ്യപ്രദേശിലും രാജസ്ഥാനിലും സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോടതി വിധിക്കെതിരായി കേന്ദ്രം നല്‍കിയ പുനഃപരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുകയെന്ന് ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

പട്ടികജാതി പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തില്‍ സുപ്രീംകോടതി വരുത്തിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ ദളിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്.

ഉത്തര്‍പ്രദേശില്‍ നടന്ന അക്രമങ്ങളുടെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ച് ബിഎസ്പി മുന്‍ എംഎല്‍എ യോഗേഷ് വര്‍മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നിയമം ദുര്‍ബലമാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിന്മേല്‍ കേസ് കാര്യക്ഷമമായി നടത്തണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

നിയമത്തില്‍ വെള്ളംചേര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദിനെ ക്രൂരമായി നേരിട്ട പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.

പൊലീസ് വെടിവയ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ വൈകിയതാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്ന് പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News