ഇനി കളി മാറും; ധോണി ഓപ്പണറാകും; എംഎസ്ഡിയുടെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളു; പരിശീലകന്‍റെ വെളിപ്പെടുത്തല്‍; ആരാധകര്‍ ആവേശത്തില്‍

ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷര്‍ ആരെന്ന് ചോദിച്ചാല്‍ മഹേന്ദ്രസിംഗ് ധോണിയെന്നാകും കായികപ്രേമികളുടെ ഉത്തരം.

ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നറും ഓസ്‌ട്രേലിയയുടെ മൈക്കല്‍ ബെവനുമടക്കം നിരവധിപേര്‍ മികച്ച ഫിനിഷര്‍മാരുടെ പട്ടികയിലുണ്ടെങ്കിലും ധോണി തന്നെയാണ് കേമന്‍ എന്ന് ഒട്ടേറെ തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്.

2011 ലോകകപ്പ് ഫൈനലിലടക്കം നിരവധി തവണയാണ് ധോണി കായിക ലോകത്തെ വിസ്മയിപ്പിച്ച ഫിനിഷിംഗ് നടത്തിയിട്ടുള്ളത്. കരിയറിന്റെ സായന്തനത്തിലെത്തി നില്‍ക്കുന്ന ധോണിയുടെ ഫിനിഷിംഗ് പാടവത്തില്‍ വിള്ളല്‍ വീണോയെന്ന് ആശങ്ക ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

കരിയറിന്റെ ആദ്യകാലത്ത് മുന്‍നിര പൊസിഷനില്‍ കളിക്കാനിറങ്ങിയിട്ടുള്ള ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായതോടെ മധ്യനിരയില്‍ പിന്നിലേക്കിറങ്ങി ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. ഒന്നര ദശകത്തിലേറെയായി ഇന്ത്യയുടെ വിജയങ്ങളുടെ പ്രധാനകണ്ണി ധോണിയെന്ന ഫിനിഷര്‍ തന്നെയാണ്.

എന്നാല്‍ ധോണി മധ്യനിരയില്‍ പിന്നിലിറങ്ങി കളി ജയിപ്പിക്കുന്ന റോള്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്. കളിയുടെ ടെന്‍ഷന്‍ മുഴുവന്‍ ഏറ്റെടുത്ത് അവസാനഓവറുകളിലെ അത്ഭുതപ്രകടനത്തിലൂടെ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കുന്ന റോളില്‍ ഇനി എംഎസ്ഡിയെ കാണാനാകില്ല.

പഴയതുപോലെ വന്നയുടനെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള ശേഷി ധോണിക്ക് നഷ്ടമാകുന്നുവെന്ന് ആരാധകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ഇത് ഏറെക്കുറെ യാഥാര്‍ത്ഥ്യവുമായി നീതിപുലര്‍ത്തുന്നതുമാണ്. പലപ്പോഴും വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താറുമുണ്ട് ധോണിയിപ്പോള്‍. റണ്‍സ് കണ്ടെത്താനായി കൂടുതല്‍ പന്തുകള്‍ കളിക്കേണ്ട അവസ്ഥയിലാണ് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍.

എന്തായാലും ധോണി ആ വേഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ ആദ്യ പടിയാകും ഇക്കുറി ഐപിഎല്ലില്‍ കാണാനാകുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പടനായകനായി കളത്തിലിറങ്ങുന്ന ധോണി ഓപ്പണറുടെ വേഷത്തിലടക്കം എത്തിയേക്കുമെന്നാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് വെളിപ്പെടുത്തുന്നത്.

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകനായി അറിയപ്പെടുന്ന ഫ്‌ലെമിംഗ് പരീക്ഷണങ്ങളുടെ ആശാനായാണ് അറിയപ്പെടുന്നത്. ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ചിട്ടുള്ള നിരവധി പരീക്ഷണങ്ങള്‍ നടത്തി വിജയിപ്പിച്ചിട്ടുണ്ട് ഫ്‌ലെമിംഗ്.

ഇപ്പോള്‍ ഫ്‌ലെമിംഗിന്റെ കൂടി ഉപേദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധോണി മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മാച്ച് ഫിനിഷര്‍ എന്ന റോളില്‍ നിന്ന് മാറി ധോണി മുന്‍നിരയില്‍ ബാറ്റുവീശാനെത്തുമെന്ന് ഫ്‌ലെമിംഗ് വെളിപ്പെടുത്തി.

കൃത്യമായ ഒരു പൊസിഷന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് പറയുന്ന പരിശീലകന്‍ നല്‍കുന്ന സൂചന ധോണി ഓപ്പണറുടെ വേഷത്തിലെത്തുമെന്ന് തന്നെയാണ്. ധോണിയെന്ന തകര്‍പ്പന് ബാറ്റ്‌സ്മാനെയാകും ഇക്കുറി ഐപിഎല്ലില്‍ കാണാനാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്ലില്‍ ധോണിയുടെ പരീക്ഷണം വിജയിച്ചാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുറപ്പാണ്. എന്തായാലും ധോണിയുടെ പുതിയ വേഷം ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്. ഇക്കുറി ഓറഞ്ച് ക്യാപ് മറ്റാരും സ്വപ്‌നം കാണേണ്ടതില്ലെന്നാണ് ധോണി ആരാധകരുടെ പക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News