പാലക്കാട് പള്ളിനേര്‍ച്ചക്കെത്തിച്ച ആന പാപ്പാനെ കുത്തിക്കൊന്നു; ആനയെ തളച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

പാലക്കാട് മേലാര്‍ക്കോട് പള്ളിനേര്‍ച്ചക്കെത്തിച്ച ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശിയായ പാപ്പാന്‍ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.

പാലക്കാട് മേലാര്‍ക്കോട് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മേലാര്‍ക്കോട് മസ്താന്‍ ഔലിയ വലിയ പള്ളിയില്‍ നേര്‍ച്ചക്കെത്തിച്ച തൃശൂരില്‍ നിന്നുള്ള ഊര്‍ക്കന്‍സ് കുഞ്ചുവെന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. തൊട്ടടുത്തുളള പറന്പില്‍ തളച്ചിരുന്ന ആനയ്ക്കരികിലെത്തിയപ്പോള്‍ പാപ്പാന്‍ കണ്ണനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം പാപ്പാന്‍റെയടുത്ത് നിലയുറപ്പിച്ചു.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ കണ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാരും മറ്റ് ആന പാപ്പാന്‍മാരും ഏറെ പണിപ്പെട്ടാണ് ആനയ്ക്കരികില്‍ നിന്ന് മൃതദേഹം മാറ്റിയത്. ഇതിനുശേഷവും ഏറെ സമയം ആന പരിഭ്രാന്തി പടര്‍ത്തി ഇടഞ്ഞ് നിന്നു.

ആറ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. പോലീസും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പാപ്പാന്‍ കണ്ണന്‍റെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here