ഏഴ് പേര്‍ക്ക് പുതു ജീവൻ നല്‍കി അരുണ്‍രാജ് യാത്രയായി

ആലുവ സ്വദേശിയായ അരുൺരാജ് ഇൗ ലോകത്ത് നിന്നും യാത്രയായെങ്കിലും ഏ‍ഴ് പേർക്ക് പുതു ജീവിതമാണ് സമ്മാനിച്ചത്. കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അരുൺരാജിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

ഇഹലോകം വെടിഞ്ഞെങ്കിലും ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നി മറ്റ് ഏ‍ഴ് പേരിലൂടെ ജീവിക്കും. മൃതസഞ്ജീവനി വഴിയാണ് ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്തത്. ആദ്യമായാണ് ഇത്രയും അവയവങ്ങൾ ദാനം ചെയ്യുന്നതും.

ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്‍റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു.

സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്‍റെ പുറകിലിരുന്ന 29കാരനായ അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വിലാക്കി. അരുണ്‍രാജിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

അരുണ്‍രാജിന്‍റെ സുഹൃത്താണ് അവയവദാനത്തിനെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു.

വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്‍റെ മിക്ക അവയവങ്ങളും മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് നൽകിയത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News