വോട്ട് തട്ടാൻ പണം ഒഴുക്കി ബിജെപി; നടപടി കാടത്തവും വോട്ടർമാരെ അപമാനിക്കലുമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍

വോട്ട് തട്ടാൻ പണം ഒഴുക്കുന്ന ബിജെപി നടപടി കാടത്തവും ചെങ്ങന്നൂരിലെ വോട്ടർമാരെ അപമാനിക്കലുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം വി ഗോവിന്ദൻ ചെങ്ങന്നൂരിൽ പറഞ്ഞു.

ത്രിപുര തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷത്തെ തോൽപ്പിക്കാമെന്ന് വീമ്പിളക്കുന്ന ബിജെപി ‘ത്രിപുര പതിപ്പാണ്’ ചെങ്ങന്നൂരിലും പയറ്റാൻ നോക്കുന്നത്. ‘നമുക്കും മാറാം’ എന്നാണ് ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിലെ പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഈ വാക്യം തന്നെ ത്രിപുര തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായതാണ്.

ത്രിപുരയിൽ ഒരു സീറ്റിൽപോലും കോൺഗ്രസിന് ജയിക്കാനായില്ല. ഒന്നൊഴികെ എല്ലാമണ്ഡലങ്ങളിലും കോൺഗ്രസിന് അഞ്ഞൂറിൽ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്. ഒരു എംഎൽഎപോലും അവിടെ കോൺഗ്രസ് സ്ഥാനാർഥിയായില്ല. എല്ലാവരും ബിജെപി സ്ഥാനാർഥികളായാണ് മത്സരിച്ചത്.

ത്രിപുരയിലേ പോലെ ചെങ്ങന്നൂരിലും കോൺഗ്രസിനോടാണ് ബിജെപി ‘നമുക്കും മാറാം’ എന്ന് ഉപദേശിക്കുന്നത്. വോട്ടർമാരെ പണം നൽകി മാറ്റിയെടുക്കാൻ സംഘപരിവാര സംഘടനകളുടെ പേരുകളിൽ നിരവധി പേർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്.

അതിൽ ഒരാൾ മാത്രമാണ് കഴിഞ്ഞ ദിവസം അങ്ങാടിക്കൽമലയിൽ വീട്ടമ്മമാർക്കും കുട്ടികൾക്കും പണം വിതരണം ചെയ്ത അരവിന്ദാക്ഷൻ പിള്ള എന്ന കെ എ പിള്ള.

വോട്ടിനായി 2000 രൂപ വീട്ടിൽ കൊണ്ടുവന്ന് തന്നുവെന്ന് ദൃക്‌സാക്ഷികളായ കുഞ്ഞുങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിക്കാനായി കോടികൾ വാരിയെറിഞ്ഞുള്ള ബിജെപി ശ്രമം ചെങ്ങന്നൂരിൽ വിലപ്പോവില്ല.

നാടിന്റെ മതേതരത്വം സംരക്ഷിക്കനും മണ്ഡലത്തിന് ഇടവേളകളില്ലാത്ത വികസനം സാധ്യമാക്കാനുമുള്ള ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് ജനങ്ങളാകെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിൽക്കും.
പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ഹീന ശ്രമങ്ങൾക്കെതിരെ എൽഡിഎഫ് പ്രവർത്തകർ ജാഗ്രത പുലർത്തണം.

പണപ്പെട്ടിയും കള്ളവാഗ്ദാനങ്ങളും ഒക്കെയായി സംഘപരിവാരം പലവഴിക്കും വീടുകളിലേക്ക് വരും. ഓരോ ബൂത്തുകളിലേയും എൽഡിഎഫ് പ്രവർത്തകർ മുഴുവൻ വീടുകളിലും സ്‌ക്വാഡുകളായി കയറിയിറങ്ങണം.

ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുവൻ എൽഡിഎഫ് പ്രവർത്തകരും മുഴുകണം എം വി ഗോവിന്ദൻ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News