കുവൈറ്റിലെ പ്രവാസി ജന സംഖ്യയിൽ വലിയ തോതിലുള്ള കുറവ് വന്നതായി സർക്കാർ കണക്കുകൾ. 2016 ൽ 4.8 ശതമായിരുന്നു രാജ്യത്തെ പ്രവാസികളുടെ വർദ്ധനവെങ്കിൽ 2017 ൽ അത് 1.9 ആയി കുറഞ്ഞെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ തയ്യാറാക്കിയ പഠനം വ്യക്തമാക്കുന്നു.

വിവിധ മേഖലകളിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശി വൽക്കരണ നടപടികൾ ഫലം കണ്ടു തുടങ്ങുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മൂന്നു ലക്ഷത്തി തൊണ്ണൂറായിരം കുവൈറ്റി ജീവനക്കാർ ഇപ്പോൾ സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

ഇത് മൊത്തം ജോലിക്കാരുടെ 73.7 ശതമാനം വരും. 26.3 ശതമാനം വിദേശികൾ മാത്രമാണ് സർക്കാർ സർവ്വീസിൽ ശേഷിക്കുന്നത്.

സ്വദേശി വൽക്കരണ നടപടികൾ സർക്കാർ-പൊതു മേഖല സ്ഥാപനങ്ങളിൽ 2022 ഓടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.