ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ഫഹദ് ഫാസിലും അമല്‍ നീരദും; അന്‍വര്‍ റഷീദിനൊപ്പമുള്ള ഫഹദ് ചിത്രം പിന്നാലെയെത്തും

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് വാഗമണില്‍ ആരംഭിച്ചത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഏപ്രില്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും. മായാനദിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുക. ലിറ്റില്‍ സ്വയംപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഫഹദ്, അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ അവസാന ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. ട്രാന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ട്രാന്‍സ് നിര്‍മിക്കുന്നത്. വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദസംയോജനം‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here