അരക്ഷിതമാകുന്ന ദ‍ളിത് സമൂഹം

കെ സോമപ്രസാദ് എം പിയുടെ ലേഖനം

രാജ്യത്തിന്റെ നീതിന്യായചരിത്രത്തിൽ കറുത്തദിനമായി 2018 മാർച്ച് 20 രേഖപ്പെടുത്തപ്പെടും. കാരണം ജാതീയ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികവിഭാഗങ്ങൾക്കുമേൽ മറ്റുള്ളവർ നടത്തുന്ന ക്രൂരപീഡനങ്ങൾക്ക് അറുതിവരുത്താൻ പാർലമെന്റ് പാസാക്കിയതും നിലവിൽ പ്രയോഗത്തിലുള്ളതുമായ പട്ടികജാതി/പട്ടികവർഗ പീഡനം തടയൽ (The Scheduled castes and Scheduled Tribes (Prevention of Atrocities) നിയമത്തെ അസ്ഥിപഞ്ജരമാക്കി മാറ്റിയ ദിവസമാണത്. അധഃസ്ഥിത വിഭാഗങ്ങൾക്ക് തങ്ങളെ സംരക്ഷിക്കാൻ ഒരു നിയമമുണ്ടെന്ന് ആശ്വസിക്കാനുള്ള അവസരംപോലും സുപ്രീംകോടതി വിധിയിലൂടെ ഇല്ലാതാക്കി.

ജസ്റ്റിസുമാരായ യു യു ലളിതും ആദർശ്കുമാർ ഗോയലുംകൂടി തീർപ്പുകൽപ്പിച്ച ക്രിമിനൽ അപ്പീൽ 416(2008) നമ്പർ കേസിലെ വിധിന്യായത്തിലെ സാരാംശം ഇങ്ങനെ.

● പിഒഎ നിയമപ്രകാരം പൊലീസെടുക്കുന്ന കേസുകളിൽ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് കാണുന്നവയിലൊഴികെ മുൻകൂർജാമ്യം അനുവദിക്കുന്നതിൽ വിലക്കില്ല.
● ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നത് നിയമനാധികാരികളുടെ മുൻകൂട്ടിയുള്ള എഴുതപ്പെട്ട അനുവാദത്തോടെയും അല്ലാത്തവരെ മുതിർന്ന പൊലീസ് സൂപ്രണ്ടിന്റെ എഴുതപ്പെട്ട അനുവാദത്തോടെയുമായിരിക്കണം. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് ബോധ്യപ്പെട്ടായിരിക്കണം മജിസ്ട്രേട്ട് കുറ്റാരോപിതനെ തടങ്കലിൽ വയ്ക്കണമോ എന്നു തീരുമാനിക്കേണ്ടത്.
● നിരപരാധികൾ കേസിൽ ഉൾപ്പെടുന്നതൊഴിവാക്കാൻ എല്ലാ പരാതികളിന്മേലും ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേകം അന്വേഷണം നടത്തുകയും നിരർഥകമല്ലാത്തതും ദുരുദ്ദേശ്യത്തോടെയല്ലാത്തതുമാണ് പരാതികളെന്ന് ബോധ്യപ്പെടുകയും വേണം.
● ഈ നിർദേശങ്ങൾ ലംഘിച്ചാൽ കോടതിയലക്ഷ്യ കുറ്റമായി കണക്കാക്കപ്പെടുകയും വകുപ്പുതല അന്വേഷണ, ശിക്ഷാ നടപടികൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യും.
ഒറ്റനോട്ടത്തിൽ ന്യായയുക്തവും നിരുപദ്രവകരവുമാണ് വിധിന്യായമെന്ന് തോന്നുമെങ്കിലും ഇന്ത്യയിൽ യഥാർഥത്തിൽ നിലനിൽക്കുന്ന സാമൂഹിക‐ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോഴാണ് അതിനുപിന്നിൽ ഒളിച്ചിരിക്കുന്ന ദൂരവ്യാപക അപകടങ്ങളുടെ നീണ്ടപട്ടിക വെളിപ്പെടുന്നത്.

ഓരോ 15 മിനിറ്റിലും ഒരു ദളിതൻ ഇന്ത്യയിൽ ജാതീയപീഡനത്തിന് ഇരയാകുന്നു. ഓരോ ദിവസവും ആറു ദളിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. കഴിഞ്ഞ പത്തുവർഷ കാലയളവിൽ (2007‐17) ദളിതരുടെ നേരെ നടന്ന ആക്രമണങ്ങളിൽ 66 ശതമാനം വർധിച്ചു. 2007ൽ പിഒഎ നിയമപ്രകാരം 27,070 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2017ൽ 47,064 ആയി ഉയർന്നു. 2006ൽ 1217 ദളിത്സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ 2015ൽ അത് 2326 ആയി. 2006ൽ 673 പേർ കൊലചെയ്യപ്പെട്ടപ്പോൾ 2015ൽ 707 ആയി. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊല 2014ൽ 28, 2015ൽ 268, 2016ൽ 77.

2017ൽമാത്രം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ദളിത് പീഡനങ്ങളിൽ ചിലത് നോക്കുക. മധ്യപ്രദേശിലെ ചാത്തർപുരിൽ അലങ്കരിച്ച വാഹനത്തിൽ ദളിത് വരൻ സഞ്ചരിച്ചു എന്ന കാരണത്താൽ കാറും തല്ലിപ്പൊട്ടിച്ചു. വരനടക്കമുള്ള നിരവധി ആളുകൾക്ക് മർദനമേറ്റു. പൊലീസ് സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ദളിതന് വിവാഹച്ചടങ്ങിനുപോലും അലങ്കരിച്ച വാഹനം നിഷിദ്ധമത്രേ! ഗുജറാത്തിൽ ഗാന്ധിനഗറിന് തൊട്ടടുത്ത ഗ്രാമത്തിൽ താമസക്കാരനായ സ്കൂൾവിദ്യാർഥിയെ ബ്ലേഡുകൊണ്ട് പുറത്ത് വരഞ്ഞ് മാരകമായി മുറിവേൽപ്പിച്ചു. ഏതാനും നാളുകൾക്കുമുമ്പ് ഈ വിദ്യാർഥിയോടൊപ്പം വന്ന ചെറുപ്പക്കാരനെ മീശ വച്ചതിന്റെ പേരിൽ സവർണർ മർദിച്ചിരുന്നു. ആ കേസിൽ പൊലീസ്സ്റ്റേഷനിൽ സാക്ഷി പറഞ്ഞതിനാണ് ബ്ലേഡുകൊണ്ടുള്ള കീറൽ. ദളിതന് മീശ വയ്ക്കാൻ അവകാശമില്ലത്രേ. ഗുജറാത്തിൽതന്നെ ചത്ത പശുവിനെ മറവുചെയ്യാൻ വിസമ്മതിച്ചുവെന്ന കാരണത്താൽ ദളിത് കുടുംബത്തിൽ കയറി ഭർത്താവിനെയും ഗർഭിണിയായ ഭാര്യ ഉൾപ്പെടെയുള്ളവരെയും പത്തുപേരടങ്ങിയ പശുസംരക്ഷണ സംഘം’മൃഗീയമായി മർദിച്ചു. ചത്ത മൃഗത്തെ മറവുചെയ്യുന്നത് ദളിതന്റെ കുലത്തൊഴിലാണത്രേ; അത് ഉപേക്ഷിക്കാൻ പാടില്ലപോലും.

കഴിഞ്ഞവർഷം മെയ് അഞ്ചിനാണ് ഷാബിപുർ വില്ലേജിൽ ഠാക്കൂർമാരുടെ സംഘം കടന്നുകയറി ദളിതരെ കൂട്ടത്തോടെ മർദിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത്. കഴിഞ്ഞ ജൂലൈയിൽ മഹാരാഷ്ട്രയിൽ മറാത്ത്വാഡ ജില്ലയിൽ ദളിതന്റെ മൃതദേഹം സംസ്കരിക്കാൻ ഭൂമി നൽകാത്ത സ്ഥിതിയുണ്ടായി. ദർബാ ആഘോഷത്തിൽ പങ്കെടുത്തതിന്റെ പേരിൽ പട്ടേൽ സമുദായക്കാരായ ഒരു സംഘം ആളുകൾ 21 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ഒക്ടോബർ ഒന്നിന് തല്ലിക്കൊന്നു. പടിഞ്ഞാറൻ യുപിയിലെ ഡാലാപുർ വില്ലേജിൽ പാടത്ത് ജോലി ചെയ്തുകൊണ്ട് നിന്ന ദളിതനായ ഹരിഓമിനെ വഴിയിലൂടെ പോയ സവർണനെ ഭവ്യതയോടെ ബഹുമാനിച്ചില്ലെന്ന കാരണത്താൽ തല്ലിയതുകൂടാതെ രാത്രിയിൽ ഗുണ്ടകളുമായി വന്ന് വീട്ടിൽവച്ചും കുടുംബക്കാരെ ഒന്നടങ്കം മർദിച്ചു. ഇതേജില്ലയിൽ 15 രൂപയുടെ കടം തീർത്തില്ലെന്ന കാരണത്താൽ ദളിതനായ ഭരത്നിഥിനെയും ഭാര്യയെയും അശോക്മിത്ര എന്ന പലചരക്ക് കച്ചവടക്കാരൻ വെട്ടിക്കൊന്നു. നാലു കുട്ടികൾ അനാഥരായി.

യുപിയിൽതന്നെ ധബൗലി ഗ്രാമത്തിൽ ഒരു ദളിത് കുട്ടിയെ സവർണനായ ഇഷ്ടികമുതലാളി മർദിച്ചതിനുശേഷം തല മുണ്ഡനം ചെയ്ത് ചെരിപ്പ് കഴുത്തിൽ കെട്ടിത്തൂക്കി റോഡിൽക്കൂടി നഗ്നനാക്കി നടത്തിച്ചു. കുട്ടിയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈക്കലാക്കാനാണിത് ചെയ്തത്. യുപിയിൽതന്നെ ഗഗുരാവില്ലേജിൽ പുല്ല് ശേഖരിച്ചുനിന്ന ദളിത് പെൺകുട്ടി ദാഹംമൂലം സമീപത്തെ ക്ഷേത്രപരിസരത്തെ കുഴൽക്കിണറിൽനിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ പെൺകുട്ടിയെയും അച്ഛനെയും ക്രൂരമായി മർദിച്ചു. ഇതേപോലുള്ള പതിനായിരക്കണക്കിന് സംഭവങ്ങളാണ് ഓരോ വർഷവും നടക്കുന്നത്. യഥാർഥത്തിൽ സംഭവിക്കുന്നതിന്റെ എത്രയോ ചെറിയൊരു ശതമാനം മാത്രമാണ് പുറംലോകം അറിയുന്നത്. ദളിതനായാൽ വഴിനടക്കാൻ അവകാശമില്ല, പഠിക്കാൻ അവകാശമില്ല, പൊതുഇടങ്ങളിൽ പ്രവേശനമില്ല, പൊതുകിണറിൽനിന്ന് ദാഹജലമെടുക്കാനാകില്ല, നല്ല ഭാഷ സംസാരിക്കാൻ അവകാശമില്ല. ഇതൊന്നും ഉന്നതനീതിപീഠം കാണുന്നില്ല. പിഒഎ നിയമത്തിന്റെ ദുരുപയോഗത്താൽ പ്രതിയായി ആരോപിക്കപ്പെടുന്ന സവർണന്റെ അന്തസ്സിനെയും അഭിമാനത്തെയും മൗലികാവകാശത്തെയും പറ്റി 78 ഖണ്ഡികകളിൽ ആകുലതകൾ പങ്കുവയ്ക്കുമ്പോൾ നിസ്സഹായനായ ദളിതന്റെ തോരാത്ത കണ്ണീരിനും തീരാത്ത വേദനയ്ക്കും കോടതി ഒരു വിലയും കൽപ്പിച്ചില്ല.

പിഒഎ നിയമം അനുസരിച്ച് ചാർജ് ചെയ്യുന്ന കേസുകളിൽ 28.4 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഇത് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ചാർജ് ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കുന്നതിനേക്കാൾ (40 ശതമാനം) വളരെ കുറവാണ്. അതിന് കാരണം വാസ്തവത്തിൽ പൊലീസ് ശരിയായി കുറ്റപത്രം തയ്യാറാക്കാത്തതിനാലും കോടതിയിൽ ശരിയായി കേസ് അവതരിപ്പിക്കാത്തതുമൂലവും കുറ്റകരമായ കാലതാമസംമൂലം ഭീഷണിക്കുവിധേയമായി സാക്ഷികൾ മാറുന്നതുമൂലവുമാണ്. സാങ്കേതിക കാരണങ്ങളാലാണ് മിക്കകേസുകളും തള്ളിപ്പോകുന്നത്. പിഒഎ നിയമം അനുസരിച്ച് ഡിവൈഎസ്പിയിൽ കുറയാത്ത ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കേണ്ടത്്. എന്നാൽ, മിക്കകേസുകളിലും അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത് എസ്ഐയോ സിഐയോ ആയിരിക്കും. അതുകൊണ്ടുതന്നെ കേസ് വിട്ടുപോകുകയാണ്. സവർണരും സമ്പന്നരുമായ പ്രതികൾക്കുമുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാതെ മൊഴിമാറ്റി പറയാൻ നിർബന്ധിതരാകുന്ന ദളിതന്റെ നിസ്സഹായാവസ്ഥയുമുണ്ട്. കൂടാതെ കോടതികൾ സ്വീകരിച്ചുവരുന്ന ദളിത്വിരുദ്ധ നിലപാടുതന്നെയുണ്ട്. ഉന്നത നീതിപീഠങ്ങളിൽ അവരോധിക്കപ്പെടുന്നവരിൽ പട്ടികവിഭാഗത്തിൽനിന്ന് പേരിനുപോലുമുള്ള ആളുകളില്ല. സവർണ സമ്പന്നകുലജാതരിൽനിന്ന് നീതിപീഠങ്ങളുടെ ഉന്നതസ്ഥാനത്ത് വരുന്നവരിൽ നല്ലൊരു പങ്കിനും സാമൂഹിക യാഥാർഥ്യങ്ങൾ അറിയില്ല. അഥവാ അറിയില്ലെന്ന് നടിക്കുന്നു. ലഭ്യമായ വിവരം അനുസരിച്ച് ഇന്ത്യയിലെ 585 ഹൈക്കോടതി ജഡ്ജിമാരിൽ രാജ്യത്തിന്റെ ജനസംഖ്യയിൽ 25 ശതമാനം വരുന്ന പട്ടികവിഭാഗത്തിൽപ്പെട്ട 17 പേർമാത്രമാണുള്ളത്.

സമൂഹത്തെയാകെ ദോഷമായി ബാധിക്കുന്ന ചില പ്രത്യേക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ശിക്ഷാനിയമംപോലെയുള്ള പൊതുനിയമങ്ങൾ പര്യാപ്തമാകാതെ വരുമ്പോഴാണ് പിഒഎ, ടാഡ തുടങ്ങിയ പ്രത്യേക നിയമങ്ങൾ പാർലമെന്റ് നിർമിക്കുന്നത്. അത്തരം നിയമങ്ങൾ നടപ്പാക്കുന്നതിന് ഐപിസിപോലെയുള്ള പൊതുനിയമങ്ങൾ നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളേക്കാൾ കൂടുതൽ ഇടുങ്ങിയതും സമയം ആവശ്യപ്പെടുന്നതുമായ മാനദണ്ഡങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നതെങ്കിൽ പ്രസ്തുത നിയമത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാകും.

ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ഒരു കേസ് പൊലീസിന് രജിസ്റ്റർ ചെയ്യുന്നതിന് ക്രിമിനൽ നടപടിച്ചട്ടം നൽകുന്ന സ്വാതന്ത്ര്യംപോലും പിഒഎ ആക്ട് അനുസരിച്ചുള്ള കേസിനില്ലെന്ന് വന്നിരിക്കുന്നു. പിഒഎ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തുകിട്ടുന്നതിനേക്കാൾ എളുപ്പം സൂചിക്കുഴയിലൂടെ ഒട്ടകത്തെ കയറ്റിയിറക്കുന്നതായി മാറി.
പിഒഎ നിയമം ദുരുപയോഗപ്പെടുത്തുന്നതിന് തെളിവായി കോടതി ഉദ്ധരിക്കുന്ന വിധിന്യായങ്ങൾ കൂടുതലും ഗുജറാത്ത് കോടതിയുടേതാണ്. ദൗർഭാഗ്യവശാൽ ഏറ്റവുമധികം ദളിത് പീഡനങ്ങൾ നടക്കുന്നതും കുറ്റവാളികൾ ഏറ്റവും കുറവ് ശിക്ഷിക്കപ്പെടുന്നതുമായ സംസ്ഥാനമാണ് ഗുജറാത്ത്.
മുൻകൂർജാമ്യം നൽകാൻ പാടില്ലാത്ത വ്യവസ്ഥ പിഒഎ നിയമത്തിൽമാത്രമല്ല ടാഡ അടക്കമുള്ള പ്രത്യേക നിയമങ്ങളിലും പലസംസ്ഥാന സർക്കാരുകളും നിർവചിച്ചിട്ടുള്ള നിയമങ്ങളിലും നിലനിൽക്കുന്നതും സുപ്രീംകോടതിയുടെതന്നെ അഞ്ചംഗ ബെഞ്ച് ഭരണഘടനാസാധുത ഉള്ളതാണെന്ന് വിധി പ്രസ്താവിച്ചിട്ടുള്ളതുമാണ്. അഞ്ചംഗ ബെഞ്ചിന്റെ വിധി രണ്ടംഗ ബെഞ്ച് തിരുത്തുന്നതിന്റെ സാംഗത്യം നിയമവിദഗ്ധർ ചർച്ച ചെയ്യേണ്ടതുണ്ട്. കോടതികൾ കുറെ നാളുകളായി പട്ടികവിഭാഗങ്ങൾക്കെതിരായ സമീപനമാണ് തുടർച്ചയായി സ്വീകരിച്ചുവരുന്നത്. കേന്ദ്ര സർക്കാരിൽ പട്ടികവിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്യോഗക്കയറ്റത്തിലുള്ള സംവരണം തടയപ്പെട്ടത് കോടതി ഉത്തരവുമൂലമാണ്. ഇതിനെല്ലാം പരിഹാരമുണ്ടാകണം.

ഏറ്റവും പ്രധാനമായിട്ടുള്ളത് ഈ കേസ് കോടതി പരിഗണിച്ചപ്പോൾ പിഒഎ നിയമത്തെ സംരക്ഷിക്കാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനായ അഡീഷണൽ അറ്റോർണി ജനറൽ അതിനാവശ്യമായ വാദമുഖങ്ങളൊന്നും ഉയർത്താതെ മൗനം അവലംബിച്ചു എന്നതാണ്. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്ന ആർഎസ്എസ് എക്കാലത്തും സംവരണത്തിനും പട്ടികവിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങൾക്കും എതിരാണെന്നത് തർക്കരഹിതമായ സത്യമാണല്ലോ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
വളരെ പ്രതിലോമകരവും പിഒഎ നിയമത്തെ ഫലത്തിൽ അസ്ഥിരപ്പെടുത്തുന്നതുമായ സുപ്രീംകോടതി വിധി മാർച്ച് 20ന് വന്നിട്ട് പുനഃപരിശോധനാഹർജി ഉൾപ്പെടെയുള്ള ഒരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഈ സാഹചര്യത്തിൽ വിവിധ സംഘടനകൾ ആഹ്വാനംചെയ്ത പ്രതിഷേധദിനത്തെ‐ ഭാരതബന്ദ്‐ ചോരയിൽ മുക്കിക്കൊല്ലാനാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സർക്കാരുകൾ തുനിഞ്ഞിരിക്കുന്നത്. തങ്ങൾ തുടർച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾക്കും അപമാനങ്ങൾക്കുമെതിരെ അമർത്തിവച്ചിരുന്ന അമർഷത്തിന്റെ പൊട്ടിത്തെറിയാണ് ഏപ്രിൽ രണ്ടിന് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടത്. റിവ്യൂഹർജി നൽകിയിട്ടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഹർജി നൽകിയതുകൊണ്ടുമാത്രം കാര്യമില്ല. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ അഡീഷണൽ അറ്റോർണി ജനറലിന്റെ സജീവസാന്നിധ്യത്തിലാണ് സുപ്രീംകോടതി ഈ കേസ് കേട്ടത്.

പിഒഎ നിയമത്തെ സംരക്ഷിക്കാൻ ഒരു വാചകം പറയാൻ സർക്കാർവക്കീൽ തയ്യാറായില്ല. ഇതാണ് നയമെങ്കിൽ പുനഃപരിശോധനാഹർജികൊണ്ട് ഒരു കാര്യവുമില്ല. പിഒഎ നിയമത്തെ ഭരണഘടനയുടെ ഒമ്പതാംഷെഡ്യൂളിൽപ്പെടുത്തി സംരക്ഷിക്കുന്നതിനും കോടതിയിൽ മാന്യമായി കേസ് അവതരിപ്പിക്കുന്നതിനും കേന്ദ്രം തയ്യാറാകണം. സർക്കാർനയത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ പികെഎസ് നേതൃത്വത്തിൽ ഏപ്രിൽ ആറിന് രാജ്ഭവനിലേക്കും ജില്ലകളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും●

(പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ലേഖകൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News