ഇനി കളിമാറും; ബൈക്കിന്റെ വിലയില്‍ ഒരു കാര്‍; ഞെട്ടിക്കാന്‍ ബജാജ് ക്യൂട്ട് ഇന്ത്യന്‍ വിപണിയിലേക്ക്; ആറ് നിറങ്ങളില്‍

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജ് തങ്ങളുടെ സ്വപ്‌നകാര്‍ അവതരിപ്പിച്ചത്. ബൈക്കിന്റെ വിലയില്‍ ഒരു ക്യൂട്ട് കാര്‍ എന്നതായിരുന്ന ബജാജിന്റെ സങ്കല്‍പ്പം.

സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ലോകവിപണിയില്‍ വാഹനം തരംഗംതീര്‍ത്തു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ബജാജ് ക്യൂട്ടിന് ഇറങ്ങാനായില്ല. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചില പൊതു താല്പര്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലെത്തിയതോടെ വിതരണാനുമതി നിഷേധിക്കപ്പെട്ടു.

ഇപ്പോഴിതാ എല്ലാ കടമ്പകളും കടന്ന് ബജാജ് തങ്ങളുടെ സ്വപ്‌നവാഹനം സ്വപ്‌നവിപണിയിലേക്കെത്തിക്കുകയാണ്. പല വിദേശരാജ്യങ്ങളിലും വിപണി വിജയം നേടിയതിന്റെ പകിട്ടുമായാണ് ബജാജ് ക്യൂട്ട് എത്തുന്നത്.

2,752 എംഎം നീളവും, 1,312 എംഎം വീതിയും, 1,925 എംഎം വീല്‍ബേസും, 1,652 എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ട് ലോകത്തിലെ ഏറ്റവും ചെറിയ പാസഞ്ചര്‍ വാഹനമെന്ന ഖ്യാതി സ്വന്തമാക്കിയിട്ടുണ്ട്. ഫോര്‍വീല്‍ വാഹനമെന്നാണ് കമ്പനി ക്യൂട്ടിനെ വിശേഷിപ്പിക്കുന്നത്.

ലോ ബജറ്റ് വാഹനമായതിനാല്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എസി, പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തില്‍ നല്‍കിയിട്ടില്ല. ഓറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ ആറ് നിറങ്ങളില്‍ ക്യൂട്ട് ലഭ്യമാകും.

16.6 സി.സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്യൂട്ടിനെ കുതിപ്പിക്കുന്നത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗത. 36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. ഒന്നരലക്ഷത്തില്‍ താഴെ മാത്രമാകും ഇന്ത്യന്‍ വിപണിയില്‍ ക്യൂട്ടിന്റെ വിലയെന്നാണ് വ്യക്തമാകുന്നത്.

ആധുനിക സുരക്ഷ സൗകര്യങ്ങളൊന്നും ബജാജ് ക്യൂട്ടില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് വിപണനാനുമതി ലഭിക്കാന്‍ വൈകിയതിന്റെ പ്രധാനകാരണം. 0.2 ലിറ്റര്‍ വാട്ടര്‍ കൂള്‍ഡ് സിംഗിള്‍ ഡിജിറ്റല്‍ ട്രിപ്പിള്‍ സ്പാര്‍ക്ക് ഇഗ്‌നീഷ്യന്‍ 4 വാള്‍വ് എഞ്ചിന്‍ 13.2 പിഎസ് കരുത്തും 19.6 എന്‍എം ടോര്‍ക്കുമേകും.

450 കിലോഗ്രാമിനുള്ളിലാണ് വാഹനത്തിന്റെ ഭാരം ഇതുവഴി 36 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ശ്രീലങ്ക, തുര്‍ക്കി, ബംഗ്ലാദേശ്, പെറു, എത്യോപ്യ, ഈജിപ്ത് തുടങ്ങി പതിനാറ് രാജ്യങ്ങളിലേക്ക് നിലവില്‍ ക്യൂട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News