യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗ്ഗീയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നു; സിറോ മലബാര്‍ സഭ

യോഗക്കെതിരെ സീറോ മലബാര്‍ സഭ. യോഗയുടെ മറവില്‍ സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗ്ഗീയ രാഷ്ട്രിയവും പ്രചരിപ്പിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സമതിയുടെ വിലയിരുത്തല്‍. യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ല. അതിനാല്‍ യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സിനഡ് ആവശ്യപ്പെടുന്നു.

സിറോ മലബാര്‍ സഭയിലെ ചില രൂപതകളില്‍ ആരാധനാ ക്രമത്തില്‍ അടക്കം യോഗ സ്ഥാനം പിടിച്ചതോടെയാണ് യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന്‍ സമിതി ദൈവശാസ്ത്ര കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ സിനഡിന് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യോഗക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണുള്ളത്. യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗ്ഗീയതയും, ഹിന്ദുത്വ അജണ്ഡകളും നടപ്പാക്കുകയാണ്.

ഈ സാഹചര്യത്തില്‍ യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ ഡോക്ട്രൈനല്‍ കമ്മീഷന്‍ പറയുന്നു. യോഗ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല. അതിനാല്‍ അത് ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്ന് പോകില്ല.

യോഗയെ ഒരു ശാരീരിക വ്യായാമമായി കാണുന്നതില്‍ തെറ്റില്ല. എന്നാല്‍ യോഗയെ ഒരു ധ്യാന രീതിയായോ ദേവവചന വ്യാഖ്യാന രീതിയായോ മോക്ഷമാര്‍ഗ്ഗമായോ അവതരിപ്പിക്കുന്നത് ദുരവ്യാപക ദുരന്തങ്ങള്‍ക്ക് കാരണമാകും. യോഗാദര്‍ശനം അനുസരിച്ച് മനുഷ്യന് ഒരു രക്ഷകന്റെ ആവശ്യമില്ല. യോഗയുടെ ദൈവസങ്കല്‍പ്പം കേവലം ഒരു ശക്തിയാണെങ്കില്‍ ക്രിസ്തീയതയിലെ ദൈവം സ്‌നേഹമുളള വ്യക്തിയാണെന്നും സഭ ചൂണ്ടിക്കാട്ടുന്നു.

ബഹുമത സംസ്‌കാരത്തില്‍ യോഗാനുഷ്ഠാനങ്ങള്‍ മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ സഹായകമാണെന്ന വാദം അടിസ്ഥാന രഹിതമാണെന്നും സഭ വ്യക്തമാക്കുന്നു. ഡോക് ട്രൈനല്‍ കമ്മീഷനു വേണ്ടി ചെയര്‍മാന്‍ ജോസഫ് കല്ലറങ്ങാട്ട് സമര്‍പ്പിച്ച നയരേഖ ഫരീദാബാദ്,ഛാന്ദാ,മാണ്ഡ്യ രൂപതകളുടെ എതിര്‍പ്പിനെ മറികടന്നാണ് സിനഡ് അംഗീകരിച്ചത്.

എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാലടി സമീക്ഷയിലെ ഈശോസഭാവിഭാഗവും സിനഡിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. സിനഡ് തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തു വരാനാണ് വിമത വിഭാഗങ്ങളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here