ആന്‍ഡേഴ്‌സണ്‍ എന്നും അങ്ങനെയാണ്; ആരും അറിയാതെ ചരിത്രം കുറിക്കും; ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളര്‍മാരെല്ലാം ഇനി ഇംഗ്ലിഷ് പേസര്‍ക്ക് പിന്നില്‍

ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നും നിശബ്ദനായ കൊലയാളിയാണ്. ആള്‍ക്കൂട്ടങ്ങളുടെ ബഹളങ്ങള്‍ അയാളെ തെല്ലും ആകര്‍ഷിക്കാറില്ല. വിക്കറ്റ് വേട്ടയില്‍ വലിയ ആഘോഷങ്ങളും അത്യാഡംബരങ്ങളും കാട്ടുന്ന ശീലവും അയാള്‍ക്കില്ല. ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ ഏത് ഫാസ്റ്റ് ബൗളറും കൊതിക്കുന്ന നേട്ടവും സ്വന്തമാക്കി അയാള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് അന്‍ഡേഴ്‌സണ്‍ ഇതിഹാസ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലിഷ് പേസര്‍ക്ക് സ്വന്തം.

വെസ്റ്റിന്‍ഡ്യന്‍ ഇതിഹാസം കോര്‍ട്‌നി വാല്‍ഷിനെയാണ് ആന്‍ഡേഴ്‌സണ്‍ പിന്നിലാക്കിയത്. 253 ഇന്നിങ്‌സുകളില്‍ 30074 പന്തുകളെറിഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ ചരിത്രം കുറിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞ ബൗളര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. 44039 പന്തുകള്‍ എറിഞ്ഞ മുത്തയ്യ മുരളീധരന്‍ ആണ് ഒന്നാമത്. 40850 പന്തുകള്‍ എറിഞ്ഞിട്ടുള്ള ഇന്ത്യയുടെ അനില്‍ കുംബ്ലെ രണ്ടാം സ്ഥാനത്തും 40705 പന്തുകള്‍ എറിഞ്ഞിട്ടുള്ള ഷെയ്ന്‍ വോണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

വിക്കറ്റ് വേട്ടയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. കരിയറില്‍ ഇതുവരെ 531 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍ മാരുടെ കാര്യത്തില്‍ 563 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ഗ്ലെയ്ന്‍ മഗ്രാത്ത് മാത്രമാണ് മുന്നിലുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സ്പിന്നര്‍മാരായ മുരളീധരന്‍, വോണ്‍, കുംബ്ലെ എന്നിവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel