മോള്‍ജിയുടെ ‘ആഭാസകുട’കള്‍ക്ക് ഒരു മറുപടി

തിരുവനന്തപുരം: ആലപ്പുഴ കടപ്പുറത്ത് എത്തുന്ന സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിസുഹൃത്തുക്കളെ കുറ്റപ്പെടുത്തി സാമൂഹ്യപ്രവര്‍ത്തക മോള്‍ജി റഷീദ് എഴുതിയ കുറിപ്പിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്.


സുനിത പറയുന്നത് ഇങ്ങനെ: 

ആലപ്പുഴ കടപ്പുറത്തെ ” യുവതലമുറയുടെ തോന്ന്യാസങ്ങൾ ” വൈറലായിക്കൊണ്ടിരിക്കുമ്പോൾ ഇതേക്കുറിച്ചു പറയാനുള്ളത് ഇതാണ് . അന്നും ഇന്നും .

1. കൗമാരക്കാരായ കൂട്ടികള്‍ പ്രണയബന്ധങ്ങളില്‍ വീഴുന്നുണ്ട്. ഒരുപക്ഷേ ചിലര്‍ കൗമാരമെത്തെുന്നതിനു മുമ്പും. പ്രണയമെന്നാല്‍ സെക്സെന്നല്ല അര്‍ത്ഥം. ചിലപ്പോള്‍ ഒരു ഫാന്‍റസിയാവാം..കൗതുകമാവാം… എന്തോ ഒന്ന്.. വേണമെങ്കില്‍ പ്രണയമെന്നു പേരിട്ടു വിളിക്കാന്‍ കഴിയുന്ന ഒന്ന്.

2. ചില കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൗമാരക്കാരോടല്ലാതെ ഇരുപതുകള്‍ കഴിഞ്ഞവരുമായും പ്രണയത്തില്‍ വീഴാം. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ കോളേജിലുള്ളവരെ പ്രണയിക്കാം.

3. മുമ്പ് വ്യാപകമായും ഇന്ന് കുറച്ചും കൗമാര- ബാല്യ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഒന്നുമറിയാത്ത പ്രായത്തിലും കുട്ടികള്‍ ലൈംഗിക വേഴ്ച ഇഷ്ടപ്പെടുകയും പ്രസവിക്കുകയും ചെയ്യുന്നു. പിന്നീട് ജീവിതം ദുരിതമായി മാറുമെങ്കിലും.

4. വലിയ ഒരു കള്‍ച്ചറല്‍ ചെയ്ഞ്ച് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യബന്ധങ്ങളില്‍. എന്നാല്‍ ദുഖകരമായ സംഗതി ബാഹ്യമായാണ് ഈ കള്‍ച്ചറല്‍ ചേഞ്ച് സംഭവിക്കുന്നത് എന്നതാണ്. ആന്തരികമായി അതുള്‍ക്കൊള്ളാനോ അംഗീകരിക്കാനോ പലര്‍ക്കും കഴിയുന്നില്ല.

5. കുട്ടികള്‍ സെക്സുമായി ബന്ധപ്പെട്ടതോ പ്രണയവുമായി ബന്ധപ്പെട്ടതോ കുഞ്ഞുണ്ടാവുന്നതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ ചോദിക്കുമ്പോഴോ പറയുമ്പോഴോ ഇപ്പോഴും ഭൂരിഭാഗം മാതാപിതാക്കളും കൃത്യമായി ഉത്തരം കൊടുക്കാറില്ളെന്നു മാത്രമല്ല, അവരെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്യും. തോന്ന്യാസി.. നിനക്കൊന്നും വേറെ പണിയില്ലെ എന്ന രീതിയില്‍.

6. അധ്യാപകര്‍ ചെറുതായി പോലും ബയോളജിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നതു പോലും അധ്യാപകന്‍െറ തോന്ന്യാസമായി കാണുന്ന മാതാപിതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്.

7. മനുഷ്യന്‍ മോണോഗാമി (ഏക ഇണയില്‍ ആയുഷ്ക്കാലം തൃപ്തിപ്പെടുന്നവന്‍) ആണോയെന്ന ചോദ്യത്തിന് സയന്‍സിന്‍െറ സഹായത്തോടെ ഉത്തരം കണ്ടത്തെിയാല്‍ അല്ല എന്നാണ് ഉത്തരം.
മനുഷ്യന്‍ പോളിഗാമിയാണ്.

ജന്മനാ പോളിഗാമിയായ മനുഷ്യന്‍ മോണോഗാമിയായി ജീവിക്കുന്നത് ശീലം കൊണ്ടും അങ്ങനാവാന്‍ പരിശ്രമിക്കുന്നതു കൊണ്ടും നമ്മള്‍ തലമുറകളായി ഇങ്ങനാണ് എന്നു പറഞ്ഞു പഠിപ്പിക്കുന്നതു കൊണ്ടും മാത്രമാണ്. പിന്നെ സമൂഹത്തെ അനുസരിക്കാനുള്ള ആഗ്രഹം. സമൂഹത്തിന്‍െറ കണ്ണില്‍ നല്ലവനാവാനുള്ള ശ്രമം.

കൂടാതെ ബുദ്ധിയുറക്കുന്നതിനു മുമ്പേ കല്യാണം കഴിക്കുന്നതും കുഞ്ഞുങ്ങളുണ്ടായി അവരെ പോറ്റുന്നതും നമ്മുടെ ശീലമായി. അത്തരം കുടുംബ വ്യവസ്ഥക്കു നല്ലത് മോണോഗാമി ചിന്തയും രീതിയുമായതു കൊണ്ട് മനുഷ്യര്‍ അങ്ങനെ തന്നെ തുടരാന്‍ പരിശ്രമിക്കുന്നു.
എന്നാല്‍ അവസരം കിട്ടിയാല്‍ , സാഹചര്യം ഒത്തുവന്നാല്‍ ചിലര്‍ പോളിഗാമിയാവും.

* വിദേശരാജ്യങ്ങളിലും ഈ പ്രശ്നങ്ങള്‍ എല്ലാമുണ്ട്. അവിടേയും കുട്ടികള്‍ കൗമാരത്തില്‍ പ്രണയവും സെക്സും തുടങ്ങിയേക്കാം. എന്നാല്‍ വ്യത്യാസം. ചെറുപ്പം മുതലേ കുഞ്ഞുങ്ങള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ലഭിക്കും. വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും ചീത്ത സ്പര്‍ശനം , നല്ല സ്പര്‍ശനം മുതല്‍ എല്ലാ ഗുണദോഷങ്ങളും കുട്ടികള്‍ ശാസ്ത്രീയമായി മനസിലാക്കും. സ്ത്രീപുരുഷ സൗഹൃദം അപകടമാണെന്ന ധാരണയോ എല്ലാ സ്ത്രീപുരുഷ സൗഹൃദവും ലൈംഗികതയും പ്രണയവും വിവാഹവുമായി ബന്ധപ്പെട്ടതാണെന്നോ കുട്ടികള്‍ മനസിലാക്കുന്നില്ല. തെറ്റിദ്ധരിക്കുന്നില്ല.

കൂടാതെ തുറന്നു സംസാരിക്കാന്‍ പരിശീലനം നേടിയവരാണ് വിദേശത്തെ കുട്ടികള്‍. അവര്‍ക്കൊരു പ്രശ്നമുണ്ടെങ്കില്‍ അവര്‍ ആരോടെങ്കിലും തുറന്നു പറഞ്ഞിരിക്കും. അതോടെ മുതിര്‍ന്നവര്‍ പ്രശ്നത്തിലിടപെടും. നിയമവ്യവസ്ഥയും ആരോഗ്യമേഖലയും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കും.

* ഇത്തരം രാജ്യങ്ങളില്‍ ഇവര്‍ വിവാഹം കഴിക്കുന്നത് നാല്‍പ്പതുകളോടടുത്ത പ്രായത്തിലാണ്. അതിനാല്‍ അവര്‍ അവരുടെ എല്ലാ കുസൃതികളും ആഗ്രഹങ്ങളും ഫാന്‍റസികളും തീര്‍ത്ത് ബ്രേക്ക് അപ് ആവില്ല എന്നുറപ്പുള്ള ആളെ മാത്രമേ കല്യാണം കഴിക്കു. അല്ലാതെ ഇതാ ചിങ്ങത്തില്‍ 22 വയസായി. ആരെ കിട്ടിയാലും കെട്ടിച്ചു വിടണം എന്നവര്‍ ചിന്തിക്കുന്നില്ല.

അവര്‍ ആന്തരികമായും ബാഹ്യമായും മനുഷ്യന്‍ പോളിഗാമിയാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നു. അംഗീകരിക്കുന്നു. അതു മനസിലാക്കി ജീവിക്കുന്നു.

കൂടാതെ മനോരോഗമില്ലാത്തവന്‍ ഒരിക്കലും കുഞ്ഞുങ്ങളെ ലൈംഗിക ആവശ്യത്തിന് ഇവിടെ ഉപയോഗിക്കാറില്ല. കാരണം അവര്‍ക്ക് അല്ലാതെ തന്നെ ഇണയെ കിട്ടുന്നുണ്ട്.

വേശ്യാവൃത്തിയോ പരസ്പര സമ്മതത്തോയെുള്ള സെക്സോ കുറ്റകരമല്ല. ആരും വന്ന് വാതിലില്‍ മുട്ടുകയോ പൊലീസിനെ വിളിക്കുകയോ ഒളിഞ്ഞു നോക്കുകയോ ഇല്ല.

പ്രായമായവരെ സംരക്ഷിക്കുന്ന ആശുപത്രികളില്‍ പോലും രോഗികള്‍ 80 ഉം 90 ഉം വയസ്സുള്ളവര്‍ പോലും ആവശ്യപ്രകാരം സ്ത്രീകളേയോ വേശ്യകളേയോ വിളിച്ചു വരുത്തുന്നു. ആവശ്യം കഴിഞ്ഞു പറഞ്ഞയക്കുന്നു.

പറഞ്ഞു വന്നത് അടിസ്ഥാപരമായ മാറ്റം സമൂഹത്തിന്‍േറയും കുടുംബത്തിന്‍േറയും വിദ്യാഭ്യാസത്തിന്‍േറയും മേഖലകളില്‍ വന്നെങ്കില്‍ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ.
ഒരു മാറ്റം ആരംഭിച്ചു കഴിയുകയും എന്നാല്‍ അത് ആന്തരികമായ മാറ്റമാവാതെ ബാഹ്യമായ ചേഷ്ടകളായി നിലനില്‍ക്കുന്നതു കൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

പരിഹാരം
ചെറുപ്പം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് തന്‍െറ ശരീരം എന്താണ് , വളര്‍ച്ച എന്താണ്, സ്ത്രീ പുരുഷ ബന്ധം എന്താണ്, ചീത്ത സപര്‍ശനം എന്താണ്, ഇഷ്ടമില്ലാതെ ഒരാള്‍ ദേഹത്തു സ്പര്‍ശിച്ചആര്‍ എന്തു ചെയ്യണം, ആരോടൊക്കെ ബന്ധങ്ങളാവാം, എന്താണ് പ്രണയം, എന്താണ് സെക്സ്, അതെപ്പോള്‍ തുടങ്ങാം, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം, രോഗബാധയടക്കം എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളും മാതാപിതാക്കളില്‍ നിന്നും സ്കൂളില്‍ നിന്നും ലഭിക്കണം.

മാതാപിതാക്കള്‍ മനസു തുറന്നു പെരുമാറുന്നതു പോലെ പ്രധാനമാണ് പാഠ്യപദ്ധതികളും.

ഒരു കാരണവശാലും അപകടകരമായ ബന്ധത്തിലോ അരുതാത്ത ബന്ധത്തിലോ ചെന്നു ചാടാതിരിക്കാന്‍ ഇത് കുഞ്ഞുങ്ങളെ സഹായിക്കും.

ഇനി അടുത്തതായി വേണ്ടത് യാതൊരു ലൈംഗിക വിദ്യാഭ്യാസമോ അവബോധമോ ലഭിക്കാതെ വളര്‍ന്നു കണ്ണില്‍ കാണുന്ന കുഞ്ഞുങ്ങളെയൊക്കെ പീഡിപ്പിക്കാന്‍ നടക്കുന്നവര്‍ക്ക് കൗണ്‍സിലിങ്ങും ചികിത്സയും ആവശ്യമുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന് പ്രായമൊന്നുമില്ളെന്നും ഏതു പ്രായത്തിലുള്ളവര്‍ക്കും നല്‍കാമെന്നുമാണ് എന്‍െറ അഭിപ്രായം.

മുന്നാമത്തെ കാര്യം വിവാഹ മോചനം വേണ്ടവര്‍ വിവാഹ മോചനം നേടട്ടെ. പുനര്‍വിവാഹം കഴിക്കേണ്ടവര്‍ കഴിക്കട്ടെ. കുടുംബത്തില്‍ ഇഷ്ടമില്ലാതെ കെട്ടിയിടപ്പെടുന്നവരാണ് അസാധ്യമായ ലൈംഗിക പ്രശനങ്ങള്‍ ഉണ്ടാക്കുന്ന മധ്യവയസ്ക്കര്‍. അവരെ സ്വതന്ത്രരാക്കുക.

കുട്ടിള്‍ക്ക് അച്ഛന്‍ വേണ്ടേ , നാളെയൊരു വാിവാഹം വരുമ്പോള്‍ , നാട്ടുകാര്‍ എന്തു വിചാരിക്കും എന്നൊന്നും വേവലാതിപ്പെട്ട് ഇഷ്ടമില്ലാത്ത ബന്ധത്തില്‍ കടിച്ചു തൂങ്ങരുത്. ഇരകള്‍ കുട്ടികള്‍ തന്നെയാവും. ഇറങ്ങി പോവുക.

നാലാമത്തതും പ്രധാനപ്പെട്ടതുമായ കാര്യം എല്ലാ സ്ത്രീകളും സ്വന്തം കാലില്‍ നിന്നതിനു ശേഷം മാത്രം വിവാഹം കഴിക്കുക എന്നതാണ്. ആവശ്യമുള്ള വിദ്യാഭ്യാസം നേടുക, തൊഴില്‍ നേടുക. വേണമെങ്കില്‍ മാത്രം വിവാഹം കഴിക്കുക. കഴിച്ചിട്ട് ശരിയായില്ളെങ്കില്‍ ഒഴിവാക്കുക.

വിവാഹപ്രായം 18 ഉം 21ഉം എന്നതൊക്കെ മാറ്റണം. ഇഷ്ടമുള്ളപ്പോള്‍ എന്നതാക്കണം. 35 ഉം 40 ഉം ആവട്ടെ. എനിക്കു തോന്നുന്നു 20 കളില്‍ വിവാഹം കഴിച്ചില്ളെങ്കില്‍ പിന്നെ പകുതി മനുഷ്യരും കല്യാണമേ കഴിക്കില്ല. കാരണം അപ്പോഴെക്കും കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി വരും.

നമ്മുടെ നിലവിലെ രീതിയനുസരിച്ച് ബുദ്ധിയും ബോധവും വരുമ്പോഴേക്കും രണ്ടു കൂട്ടികള്‍ ആയിട്ടുണ്ടാവും. പിന്നെ ഉന്തിയും തള്ളിയും മന്നോട്ടു പോയി അങ്ങു ചത്തു പോവും.
അവസാനത്തേത് മനുഷ്യജീവിതത്തിന്‍െറ ആത്യന്തിക ലക്ഷ്യം വിവാഹം കഴിക്കുക, കുട്ടികളുണ്ടാക്കുക, ചത്തു പോവുക എന്നതൊന്നുമല്ല.

സമാധാനമായി ജീവിക്കുക എന്നതാണ്. അല്ലേ ?

അല്ലാതെ ഒളിച്ചും മറഞ്ഞും തെറ്റിദ്ധരിപ്പിച്ചും പുറത്തൊന്നും ഉള്ളില്‍ മറ്റൊന്നും പറഞ്ഞും മനസിലായിട്ടും മനസിലായില്ലെന്ന് നടിച്ചും രോഗാതുരമായ ഒരു സമൂഹമായി , അതിലെ അപൂര്‍വ സ്പീഷീസായി എത്രകാലം മുന്നോട്ടു പോകാനാവും?

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News