ഇവിടെ വിഷവിത്തുകൾ മുളയ്ക്കില്ല; കമ്യൂണിസ്റ്റ് വിരുദ്ധ അവിയൽ പരിശ്രമങ്ങൾക്ക് ഇനി സാധ്യത ഇല്ല; രാഷ്ട്രീയ ജാഗ്രതയോടെ കീഴാറ്റൂർ

പുതിയൊരു നന്ദിഗ്രാം സ്വപ്നംകണ്ട് കീഴാറ്റൂർ ഞാറ്റടിയിൽ കൊണ്ടുപോയി വിതച്ച വിത്തുകൾ മുളയിലെ കരിഞ്ഞത് ഒരു സംഗതി വ്യക്തമാക്കുന്നു.

എല്ലാത്തിനുമപ്പുറം രാഷ്ട്രീയ പ്രബുദ്ധതയാണ് ഒരു ഗ്രാമത്തിന്റെ കൈമുതൽ എന്ന്. അറിവിൽ നിന്ന് തിരിച്ചറിവ് മുളപൊട്ടുന്ന ജൈവാവസ്ഥയാണത്. ഈ ഉർവരത കണ്ട് പനിക്കണ്ട.

ഇവിടെ വിഷവിത്തുകൾ മുളയ്ക്കില്ല. ഇത് വടക്കൻ മലബാറാണ്.

കേരളത്തിന്റെ ഭാഗധേയം നിർണയിച്ച കർഷകഗ്രാമങ്ങൾ. നരനായാട്ടു നടത്തുന്ന ക്രൂരജന്മിത്തത്തിന് പിറകിലുള്ളത് സാമ്രാജ്യത്വമാണെന്ന് തിരിച്ചറിഞ്ഞ് പൊരുതിയവരാണ് അവർ.

കെ പി ആർ ഗോപാലനെ ബ്രിട്ടീഷുകാരുടെ തൂക്കുമരംവരെ എത്തിച്ച മൊറാഴയുടെ അയൽദേശമാണ് കീഴാറ്റൂർ. ഏത് വേഷംകെട്ടി വന്നാലും ജനശത്രുവിന്റെ നിഴലുകണ്ടാൽ തിരിച്ചറിയാനുള്ള വൈഭവം അവരുടെ രക്തത്തിൽ കലർന്നിട്ടുണ്ട്.

വയൽ ഒരു ജീവൽ പ്രശ്നമാണെന്ന് കമ്യൂണിസ്റ്റുകാരെയോ കീഴാറ്റൂരുകാരെയോ ആരും പഠിപ്പിക്കാൻ വരണ്ട. കീഴാറ്റൂരിന്റെ രാഷ്ട്രീയ വിവേകമാണ് വയലിലൂടെ ദേശീയപാത വരുന്നതിനെതിരെ അവിടത്തെ ജനങ്ങളെയൊന്നാകെ സമര രംഗത്തെത്തിച്ചത്.

സമരം സമഗ്രമായൊരു പാഠശാലയാണ്. നീണ്ടു നിന്ന അന്വേഷണങ്ങൾക്കും സംവാദങ്ങൾക്കുംശേഷം അവർ ഒന്നടങ്കം സമരത്തിൽനിന്നു പിന്മാറിയതും അതേ രാഷ്ട്രീയ വിവേകത്തെയാണ് സൂചിപ്പിക്കുന്നത്.

അന്നം തരുന്ന വയലുകൾ നഷ്ടപ്പെടുന്നത് ദുഃഖകരമാണ്. സഞ്ചാരത്തിന് സൗകര്യപ്പെട്ട റോഡുകൾ വേണമെന്നതും ഇന്ന് വയൽരക്ഷപോലെ ഒരു ജനകീയ ജീവൽ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിനായുള്ള മുറവിളി നാടെങ്ങും മുഴങ്ങുന്നുണ്ട്. ബദൽ എന്തെന്ന് ചോദിക്കുമ്പോൾ ആർക്കും മിണ്ടാട്ടമില്ല.

പരിസ്ഥിതിയും വികസനവും സംയമനത്തോടെ കൈകാര്യം ചെയ്യണ്ടേ വിഷയങ്ങളാണ്. വികസന തീവ്രവാദംപോലെ പരിസ്ഥിതി തീവ്രവാദവും അപായകരമാണ്. പരിസ്ഥിതിയെ പാടെ നശിപ്പിച്ചുകൊണ്ടുള്ള വികസനം മുതലാളിത്ത പരിപാടിയാണ്.

വരാനിരിക്കുന്ന ആയിരക്കണക്കിനു തലമുറകൾക്കുകൂടി അവകാശപ്പെട്ട പ്രകൃതിസമ്പത്ത് ഇന്നേ കൊള്ളയടിച്ചു തീർക്കുന്ന ആർത്തിയുടെ പേര് കോർപറേറ്റ് മൂലധന സാമ്രാജ്യത്വം.

ചില ഘട്ടങ്ങളിൽ കോർപറേറ്റുകളും വികസനവിരുദ്ധരാകും. ദരിദ്രന്റെ ജീവിതമേഖലകളിലേക്ക് വികസനം എത്തിപ്പെടുന്ന അപൂർവ ഘട്ടങ്ങളിലാണ് അത്. ആഫ്രിക്കയിലും ഏഷ്യയിലും മനുഷ്യൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയതിനാലാണ് ലോക സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽ ആയതെന്ന് കരുതുന്ന അതിവിദഗ്ധരുമുണ്ട്.

ആഗോള മൂലധനവും രാഷ്ട്രീയ ഹിന്ദുത്വവും ചേർന്നാണല്ലോ ഇപ്പോൾ ഇവിടെ വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്. ഇരുവർക്കും സമാനമനസ്സാണ്. വികസനനേട്ടങ്ങൾ അവർണർക്കുകൂടി പങ്കുവയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഇന്ത്യയിലെ അവശിഷ്ട ഫ്യൂഡൽ പ്രഭുത്വവും വികസന വിരോധികളാകാറുണ്ട്.

കേരളത്തിലെ പരിസ്ഥിതി തീവ്രവാദത്തിനു പിന്നിൽ പലപ്പോഴും ഇത്തരമൊരു സവർണ ഗൃഹാതുരത തലനീട്ടുന്നു. ആഗോള താപനത്തിനെതിരായുള്ള ഉച്ചകോടികളിൽ അമേരിക്കയും മറ്റു വികസിത രാഷ്ട്രങ്ങളും അവികസിത രാഷ്ട്രങ്ങളോട് ഊർജ ഉപയോഗം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടാറുണ്ടല്ലോ.

ദരിദ്രന്റെ അടിസ്ഥാന ജീവൽപ്രശ്നങ്ങൾ വൈദ്യുതി, റോഡ്, പാലം, ആശുപത്രി, കുടിവെള്ളം എന്നിവ പരിഹരിക്കാനുള്ള ശ്രമത്തിൽ നിന്നു പിന്മാറണമെന്ന് പച്ച മലയാളം ഭൂമിയിലെ ഊർജത്തിന്റെ മുക്കാൽ പങ്കും തട്ടിയെടുത്ത് വികസനപ്രക്രിയ പൂർത്തിയാക്കി ആർഭാടങ്ങളിൽ ആടിനിൽക്കുന്നവരാണ് പാവങ്ങളോട് വയറ്റത്തടിക്കാൻ പറയുന്നത്.

പണ്ടുകാലത്ത് ജന്മിമാരും വ്യവസായമുതലാളിമാരും ഉന്നത ഉദ്യാഗസ്ഥരും മാത്രമേ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നുള്ളൂ. അങ്ങനെയുള്ള ഒരുകാലത്തെ തിരിച്ചുകൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാമെന്നു കരുതുന്നവരുണ്ട്. പക്ഷേ, അത് സാധ്യമാകുമെന്നു തോന്നുന്നില്ല.

ജനസാന്ദ്രത ഏറിയ സംസ്ഥാനമാണ് നമ്മുടേത്. പാർപ്പിടങ്ങൾക്കിടയിലൂടെ റോഡുണ്ടാക്കുന്നത് കൂടുതൽ പ്രതിഷേധമുണ്ടാക്കും. അതു കൊണ്ടാണ് വയലുകൾക്ക് മിക്കപ്പോഴും ബലിയാകേണ്ടിവരുന്നത്.

പരമാവധി കൃഷിസൗകര്യം നിലനിർത്തിയും കൃഷിക്ക് ഉപയുക്തമായ പകരം സ്ഥലങ്ങൾ കണ്ടെത്തിയും ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകിയും രണ്ടു ജീവൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം.
ജനങ്ങൾ പിന്മാറിയശേഷം പുറത്തുനിന്ന് വന്ന ‘കീഴാറ്റൂർ മാർച്ച്’ ഒരു രാഷ്ടീയ ദുരന്തമായാണ് കലാശിച്ചത്.

ആവേശഭരിതനായി ‘കിഴാറ്റൂർ എക്സ്പ്രസി’ൽ പുറപ്പെട്ടു പോയ എന്റെ ഒരു സുഹൃത്ത്, അസഹ്യമായ കമ്യൂണിസ്റ്റ് വിരോധംമൂലം മാവോയിസ്റ്റ് വരെ ആയ ഒരാൾ തിരിച്ചുവന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്കു താഴെ ഒരു കാവ്യശകലമാണ് എഴുതിയത്. ‘പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവ് കയ്ക്കുന്നു’.

ഫോട്ടോയിൽ നമ്പ്രത്ത് ജാനകിയുടെ അരികിൽ വി എം സുധീരൻ, പി സി ജോർജ്, സുരേഷ് ഗോപി, സി ആർ നീലകണ്ഠൻ, ബിജെപിയിലെ ഗോപാലകൃഷ്ണൻ എന്നിവർ ചിരിച്ചുകൊണ്ട് ഇരിക്കുന്നു.

ഡീസൽക്കുപ്പിയുമായി വന്ന സമരനായകൻ ഇന്ന് പൂർണമായും ആർഎസ്എസിന്റെ കുപ്പിയിലാണ്. സംക്രാന്തിക്ക് വെട്ടാനുള്ള മൃഗത്തെ എന്നോണം അവർ അദ്ദേഹത്തെ മാലയിടീച്ചുകൊണ്ടു പോകുന്നത് കഴിഞ്ഞദിവസം ചാനലിൽ കണ്ടു.

കീഴാറ്റൂർ ഒരു സംഗതികൂടി വ്യക്തമാക്കുന്നു: വിമോചനസമര കാലത്ത് തുടങ്ങിയ വിവിധ ജാതി‐മത രാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ അവിയൽ പരിശ്രമങ്ങൾക്ക് ഇനി സാധ്യത ഇല്ല എന്ന്. കാരണം രാഷ്ട്രീയ ഹിന്ദുത്വ ഭീകരതയ്ക്കെതിരെ രാജ്യം ഉണർന്നുവരുന്നു എന്നതുതന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News