
ദില്ലി: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയില്ലെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെ ശരിവച്ച് പാര്‍ലമെന്ററി സ്ഥിരം സമിതി.
ചുഴലിക്കാറ്റ് വേഗത പ്രാപിക്കുന്നുവെന്ന് കണ്ടെത്താന്‍ പോലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കഴിഞ്ഞില്ല. മൂന്ന് ദിവസ മുമ്പ് നല്‍കേണ്ട മുന്നറിയിപ്പ് ചുഴലിക്കാറ്റ് ആരംഭിച്ച ശേഷമാണ് നല്‍കിയതെന്നും സ്റ്റാന്റഡിംഗ് കമ്മിറ്റി കണ്ടെത്തി.
നവംബര്‍ 30ന് കേരളത്തെ പിടിച്ച് കുലുക്കിയ ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് കേന്ദ്രം സ്വീകരിച്ച് നിലപാടുകള്‍ കളവാണന്ന് ചൂണ്ടികാട്ടുകയാണ് ആഭ്യന്തരമന്ത്രാലത്തിന് കീഴിലുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി. ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരദേശങ്ങളിലേയ്ക്ക് എത്തുന്നത് മുന്‍കൂട്ടി കണ്ടെത്താന്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന് കഴിഞ്ഞില്ല.
മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് കേരളത്തിന്റെ വാദം ശരിയാണ്. നവംബര്‍ 29ന് നല്‍കിയ അറിയിപ്പില്‍ ഓഖിയെക്കുറിച്ച് കൃത്യമായ പ്രവചനം ഇല്ല. അത് കൊണ്ട് തന്നെ അര്‍ഹമായ ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. പിന്നീട് തീവ്രവത വര്‍ദ്ധിപ്പിച്ചപ്പോഴും അത് കണക്കാക്കുന്നതിലും പിഴവുണ്ടായി.
ഓഖി ചുഴലിക്കാറ്റ് ആരംഭിച്ചതിന് ശേഷമാണ് നവംബര്‍ 30 ഓടെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കാന്‍ തയ്യാറായത്. അപ്പോഴേയ്ക്കും മത്സ്യതൊഴിലാളികള്‍ കടലില്‍ പോയിരുന്നു. വ്യവസ്ഥാപിത രീതിയനുസരിച്ച് മൂന്ന് ദിവസം മുമ്പെങ്കിലും ജാഗ്രത സന്ദേശം നല്‍കണം. അതും ലംഘിക്കപ്പെട്ടുവെന്നും പാര്‍ലമെന്ററി സമിതി കണ്ടെത്തി.
അതേ സമയം, ഓഖി ദുരന്തത്തെ തുടര്‍ന്ന് കേരളം സ്വീകരിച്ച് നടപടികളേയും സമിതി അഭിനന്ദിച്ചു. കേരളം ചെയ്യുന്നത് പോലെ എല്ലാ മീന്‍പിടിത്തക്കാരുടേയും മൊബൈല്‍ നമ്പര്‍ ശേഖരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളും നടപടിയെടുക്കണം. ദുരിത ബാധിതര്‍ക്ക് കേരളം പ്രഖ്യാപിച്ച പദ്ധതികള്‍ ഗുണകരമാണ്.
എന്നാല്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും അനുവദിച്ചത് വളരെ കുറവാണ്. അഞ്ച് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമായിരുന്നുവെന്നും കമ്മിറ്റി ചൂണ്ടികാട്ടി.
പി.ചിന്ദംബരം അദ്ധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റില്‍ വച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here