എസ്എംഎസ് വഴിയും ബാങ്ക് ചൂഷണം; പണം ഈടാക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ മറികടന്ന്

എസ്എംഎസ് സേവനത്തിന് ബാങ്കുകള്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് തുക ഈടാക്കുന്നത് വ്യവസ്ഥകള്‍ മറികടന്നാണെന്ന് ബാങ്കിങ്ങ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ബോര്‍ഡ്‌സ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ).

എസ്എംഎസ് സേവനം ഉപയോഗിക്കുന്നതിനനുസരിച്ച് മാത്രമെ ഫീസ് ഈടാക്കാവൂ എന്ന വ്യവസ്ഥ അവഗണിച്ചാണ് ബാങ്കുകളുടെ കൊള്ള.

ഡെബിറ്റ് കാര്‍ഡ്, എടിഎമ്മില്‍നിന്ന് പണമെടുക്കല്‍, എന്‍ഇഎഫ്ടി, ആര്‍ജിടിഎസ് എന്നിവവഴി പണംകൈമാറല്‍ തുടങ്ങിയവുയമായി ബന്ധപ്പെട്ട ഇപാടുകള്‍ക്കുള്ള എസ്എംഎസുകള്‍ക്ക് നിരക്ക് ഈടാക്കരുതെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകള്‍ ഇക്കാര്യം അവഗണിച്ചാണ് ഉപഭോക്താക്കളില്‍നിന്ന് പണമീടാക്കുന്നതെന്ന് ബിസിഎസ്ബിഐ ചെയര്‍മാന്‍ എസി മഹാജന്‍ പറയുന്നു.

48 ബാങ്കുകളില്‍ 19 ഉം പാദവാര്‍ഷിക ഫീസായി 15 രൂപയാണ് ഈടാക്കുന്നതെങ്കിലും നികുതി ഉള്‍പ്പെടെ 17.70 രൂപയാണ് ഉപഭോക്താവ് നല്‍കേണ്ടിവരുന്നത്. അനധികൃത പിരിവിലൂടെ ബാങ്കുകള്‍ കോടികണക്കിന് രൂപയുടെ വരുമാനമാണുണ്ടാക്കുന്നതെന്ന് എസ് ബി ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നു.

ആര്‍ബിഐ വ്യവസ്ഥകളുടെ ലംഘനം കാട്ടി റിസര്‍വ് ബാങ്കിനും എസ്ബിഐയ്ക്കും സ്വകാര്യ ബാങ്കുകളായ ഐസിഐസിഐയ്ക്കും എച്ച്ഡിഎഫ്‌സിക്കും ആക്‌സിസ് ബാങ്കിനും കത്തുകളയച്ചെങ്കിലും പ്രതികരണമില്ലെന്നും മഹാജന്‍ പറഞ്ഞു.

ബാങ്കിലെത്താതെ ഓണ്‍ലൈന്‍ വഴിയും എടിഎം കൗണ്ടറുകള്‍ വ!ഴിയും ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന ബാങ്കുകള്‍ ഈ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് എഫ്‌ഐഎംഎംഡിഎ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് എസ് എല്‍ ഛത്രേയും പറയുന്നു.

തട്ടിപ്പ് തടയുന്നതിനായാണ് ഓരോ ഇടപാട് നടക്കുമ്പോഴും ഇക്കാര്യം എസ്എംഎസ് വഴി അക്കൗണ്ട് ഉടമയെ അറിയിക്കണമെന്ന് ആര്‍ബിഐ വ്യവസ്ഥവെച്ചത്.

ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിവേണം ഇതിന് ഫീസ് ഈടാക്കേണ്ടതെന്നും 2013 നവംബറില്‍ ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here