രാജേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്; കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളും കണ്ടെടുത്തു; നര്‍ത്തകിയെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യംചെയ്യും

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ആദ്യഅറസ്റ്റ് രേഖപ്പെടുത്തി.

ക്വട്ടേഷന്‍ സംഘത്തിന് ഗൂഢാലോചന നടത്താനും കൃത്യം നിര്‍വ്വഹിക്കുന്നതിനുമായി താവളം ഒരുക്കിക്കൊടുത്ത കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ക്ക് വേണ്ട എല്ലാസഹായവും താന്‍ ചെയ്തുകൊടുത്തുവെന്ന് സനു പൊലീസിനോട് സമ്മതിച്ചു.

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ആദ്യ പ്രതിയെയാണ് കേസന്വേഷിക്കുന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്.

രാജേഷിനെ കൊലപ്പെടുത്താനായെത്തിയ സ്വാലിഹ് എന്ന അലിഭായിയ്ക്കും കായംകുളത്തെ ക്വട്ടേഷന്‍ സംഘത്തലവന്‍ അപ്പുണ്ണിക്കും കൂട്ടര്‍ക്കും താവളം ഒരുക്കി കൊടുത്ത കൊല്ലം വള്ളിക്കീഴില്‍ സ്വദേശി സനുവാണ് പൊലീസിന്റെ പിടിയിലായത്.

സനുവിന്റെ കൊല്ലത്തെ വീട്ടില്‍ വച്ച് പ്രതികള്‍ കൊലപാതകം പ്ലാന്‍ ചെയ്തു. രാജേഷ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പാണ് പ്രതികള്‍ വീട്ടിലെത്തിയതെന്നും സനു പോലീസിനോട് വെളിപ്പെടുത്തി.

പ്രതികള്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായ സനു, അലിഭായിയ്ക്കും സംഘത്തിനും വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തുവെന്നതും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

സനുവിന്റെ വീട്ടില്‍ നിന്ന് രണ്ട് വാളുകളും പൊലീസ് കണ്ടെടുത്തു. ഇതില്‍ ഒന്ന് ഉപയോഗിച്ചാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടാമത്തെ വാള്‍ ഉപയോഗിക്കാത്തതാണ്.

പതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച വാള്‍ അന്വേഷണസംഘം വിശദമായ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ വച്ച് സനുവിനെ 4 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

അതേസമയം, കേസിലെ പ്രധാന പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശി യാസിം അബൂബക്കര്‍, കൃഷ്ണപുരം സ്വദേശി നിഖില്‍ എന്നിവര്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.

ഖത്തറിലുള്ള പ്രധാന പ്രതി സ്വാലിഹിനെയും രാജേഷുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന ആലപ്പുഴ സ്വദേശിനിയായ നര്‍ത്തകിയെയും കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന നര്‍ത്തകിയുടെ ഭര്‍ത്താവ് സത്താര്‍ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഇതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഖത്തറിലേക്ക് പോകും. സത്താറിനും നര്‍ത്തകിയ്ക്കും യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാലാണ് ഖത്തറിലെത്തി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News